ഇടുക്കി: മതമൈത്രിയുടെ മാഹാത്മ്യം വിളിച്ചോതിക്കൊണ്ടുള്ള ഇടുക്കിയിലെ കട്ടപ്പനയിൽ സ്ഥിതി ചെയ്യുന്ന ശ്രീനാരായണ ഗുരുദേവ കീർത്തി സ്‌തംഭത്തിന് 'ഡോക്‌ടർ അബ്‌ദുൾ കലാം വേൾഡ് റെക്കോർഡ്'. ഏഷ്യയിലെ ഏറ്റവും ഉയരമുള്ള ഗുരുദേവ ക്ഷേത്രമായി പരിഗണിച്ചാണ് റെക്കോർഡ് നൽകിയിരിക്കുന്നത്.
ശ്രീനാരായണഗുരുദേവ കീർത്തി സ്‌തംഭത്തിന് 105 അടിയാണ് ഉയരം. ഏഴു നിലകളിലായി പൂർത്തിയാക്കിയിട്ടുള്ള ക്ഷേത്രം താമരയിൽ സ്ഥിതി ചെയ്യുന്ന രീതിയിലാണ് രൂപകല്‌പന ചെയ്‌തിരിക്കുന്നത്. കുരിശും ചന്ദ്രക്കലയും ഓംകാരവും ഒരു ശിലയിൽ പ്രതിഷ്‌ഠിച്ചിരിക്കുന്നു.
ആദ്യ നിലയിൽ ശ്രീനാരായണഗുരുവിന്‍റെ പഞ്ചലോഹ വിഗ്രഹവും രണ്ടാമത്തെ നിലയിൽ ഇ വി രാമസ്വാമി നായിക്കരുടെ ശിലയും മൂന്നാമത്തെ നിലയിൽ ഡോക്‌ടർ പൽപ്പുവിന്‍റെ പ്രതിമയുമാണ് പ്രതിഷ്‌ഠിച്ചിരിക്കുന്നത്. നാലാമത്തെ നിലയിൽ മഹാകവി കുമാരനാശാന്‍റെയും ടി കെ മാധവന്‍റെയും പ്രതിമകളാണ്. അഞ്ചാമത്തെ നിലയിൽ ഡോക്‌ടർ ബി ആർ അംബേദ്‌കറുടെ പ്രതിമയും ആറാമത്തെ നിലയിൽ ഏകദൈവ പ്രതിഷ്‌ഠയുമാണുള്ളത്.
ഏകശിലയിൽ കൊത്തിവെച്ചിരിക്കുന്ന ഓംകാരവും കുരിശും ചന്ദ്രക്കലയും ആണ് ആറാം നിലയിൽ. ഏഴാമത്തെ നിലയിൽ ഗുരുവിന്‍റെ പൂർണ കായ പ്രതിമയാണ്. 1985ൽ മുൻ രാഷ്‌ട്രപതി ആർ. വെങ്കിട്ടരാമൻ ആണ് ഗുരുദേവ കീർത്തി സ്‌തംഭം നാടിന് സമർപ്പിച്ചത്. അബ്‌ദുൾ കലാം വേൾഡ് റെക്കോർഡ് പ്രഖ്യാപനം കട്ടപ്പനയിൽ നടന്ന ചടങ്ങിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നിർവഹിച്ചു.