പത്തനംതിട്ട : പന്തളത്ത് മകളുടെ ഭർത്താവിന്‍റെ കുത്തേറ്റ് വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്. പന്തളം തോന്നല്ലൂർ, ഉളമയിൽ യഹിയയുടെ ഭാര്യ സീനയെയാണ് (46) മരുമകൻ കുത്തി പരിക്കേൽപ്പിച്ചത്. സീനയ്ക്ക് നെഞ്ചിലും വയറിലുമാണ് കുത്തേറ്റത്. ഇവരെ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സീനയുടെ ഇളയ മകളുടെ ഭർത്താവ് സർവേയറായ അഞ്ചൽ പെരണ്ടമൺ സ്വദേശി ഷമീർ ഖാനെ (36) നാട്ടുകാരുടെ സഹായത്തോടുകൂടി പന്തളം പൊലീസ് പിടികൂടി. വ്യാഴാഴ്‌ച വൈകുന്നേരം 6.30 ഓടെ ആണ് സംഭവം. ഷമീറിന്‍റെ ബാഗിൽ നിന്നും വടിവാളും എയർഗണ്ണും പൊലീസ് കണ്ടെത്തി.
മകളുമായുള്ള വിവാഹബന്ധം വേർപെടുത്താനിരിക്കെയാണ് ഷമീർ ഖാൻ ഭാര്യ വീട്ടിൽ എത്തിയതെന്നാണ് വിവരം. സംഭവത്തില്‍ പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.