കാസർകോട്: ദേശീയപാത നിർമാണത്തിന്‍റെ ഭാഗമായി ചെറുവത്തൂർ വീരമലക്കുന്നിൽ നിന്ന് മണ്ണിടിച്ച് കടത്തിയ നിർമാണ കമ്പനിക്ക് 1.75 കോടി രൂപ പിഴ ചുമത്തുമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് പറഞ്ഞു. മേഘ എഞ്ചിനീയറിങ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചർ കമ്പനിക്കെതിരെയാണ് നടപടി. ഒരാഴ്‌ചയ്‌ക്കുള്ളിൽ ഇത് സംബന്ധിച്ച് നോട്ടീസ് അയക്കുമെന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പ് അധികൃതർ വ്യക്തമാക്കി.
65,000 ക്യുബിക് മീറ്റർ മണ്ണ് സ്ഥലത്ത് നിന്ന് നീക്കാനാണ് കമ്പനിക്ക് അനുമതി നൽകിയിരുന്നത്. മണ്ണിന്‍റെ റോയൽറ്റി അടക്കമുള്ള തുകയായി 2 കോടിയോളം രൂപയാണ് പ്രാഥമിക ഘട്ടത്തിൽ പിഴത്തുകയായി കണക്കാക്കിയിരുന്നത്. എന്നാൽ അധികമായി എടുത്തതിലുള്ള 5,500 ക്യുബിക് മീറ്റർ മണ്ണ് പ്രദേശത്ത് തന്നെ സൂക്ഷിച്ചുട്ടുണ്ടെന്ന കമ്പനിയുടെ വാദം പരിഗണിച്ചാണ് പിഴത്തുക കുറഞ്ഞത്. ഇത് കണക്കാക്കിയാണ് പിഴത്തുക നിശ്ചയിച്ചത്.
പരിശോധനയുടെ ഭാഗമായി ഹൊസ്‌ദുർഗ് തഹസിൽദാർ സ്ഥലം സന്ദർശിച്ച് നൽകിയ റിപ്പോർട്ടിൽ മണ്ണെടുക്കൽ പരിധി ലംഘിച്ചതായി കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ ഹിയറിങ്ങിൽ നിയമാനുസൃത മണ്ണ് മാത്രമാണ് നീക്കിയിട്ടുള്ളതെന്ന് കമ്പനി വിശദീകരിച്ചെങ്കിലും വാദം ജിയോളജി വകുപ്പ് തള്ളുകയായിരുന്നു. പിഴ അടയ്ക്കാൻ തയാറായില്ലെങ്കിൽ ജപ്‌തി നടപടികളിലേക്ക് കടക്കുമെന്നും അധികൃതർ പറഞ്ഞു.
അമിതമായി മണ്ണ് എടുത്തതിനെത്തുടർന്ന് അതിഗുരുതര അവസ്ഥയിലാണ് വീരമലക്കുന്ന്. കനത്ത മഴയിൽ മലയിൽ വിടവുകളുണ്ടായി വലിയ വെള്ളച്ചാലുകൾ രൂപപ്പെട്ട് കഴിഞ്ഞു. അതേസമയം വീരമലക്കുന്ന് അടക്കം ദേശീയ പാത വികസനത്തിന്‍റെ ഭാഗമായി കുന്നിടിച്ച സ്ഥലങ്ങളിൽ മണ്ണിടിച്ചൽ ഉണ്ടാകുന്നത് തടയാൻ ജില്ലാ കലക്‌ടർ കെ ഇമ്പശേഖറും ഇടപെട്ടിട്ടുണ്ട്. ഈ സ്ഥലങ്ങളിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ വിദഗ്‌ധ സംഘം സന്ദർശനം നടത്തണമെന്നും ഇതിനെക്കുറിച്ച് പഠിക്കണമെന്നും കലക്‌ടർ ആവശ്യപ്പെട്ടിട്ടുണ്ട്.
Also Read: 'സംസ്ഥാനത്തെ മുഴുവൻ ദേശീയപാത നിര്‍മാണവും അടുത്ത വര്‍ഷം പൂര്‍ത്തിയാകും': പിഎ മുഹമ്മദ് റിയാസ്