ഇടുക്കി: നെടുങ്കണ്ടത്ത് ജപ്‌തി നടപടിയ്ക്കിടെ പെട്രോളൊഴിച്ച് ആത്മഹത്യ ചെയ്‌ത വീട്ടമ്മയുടെ മൃതദേഹവുമായി എസ്എൻഡിപി യോഗം പ്രവർത്തകർ ബാങ്കിന് മുൻപിൽ പ്രതിഷേധിച്ചു. മരണപെട്ട ഷീബയുടെ ആശ്രിതർക്ക് ജോലി നൽകണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം. ജപ്‌തിയുമായി ബന്ധപ്പെട്ട് നാളെ (ഏപ്രിൽ 22)ന് ഹിയറിങ് നിലനിൽക്കേ തിടുക്കപെട്ട് ജപ്‌തി നടപടിയിലേയ്‌ക്ക് നീങ്ങിയത് എന്തിനെന്ന് ബാങ്ക് അധികൃതർ വ്യക്തമാക്കണമെന്നും എസ്എൻഡിപി യോഗം ആവശ്യപ്പെട്ടു.
അപകടം നടന്നത് പൊലീസിന്‍റെ തെറ്റായ ഇടപെടൽ മൂലമാണെന്നും ഷീബയെ ആശുപത്രിയിൽ എത്തിക്കാൻ പൊലിസ് സഹായിച്ചില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. ഏപ്രിൽ 18നാണ് നെടുംകണ്ടം സ്വദേശിനി ഷീബ ജപ്‌തി നടപടികൾക്കിടെ പെട്രോളൊഴിച്ച് സ്വയം തീ കൊളുത്തിയത്. തുടർന്ന് ചികിത്സയിലിരിക്കെ മരണപെടുകയായിരുന്നു. 80 ശതമാനത്തിലധികം പൊള്ളലേറ്റ ഷീബ കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെ ഇന്നലെയാണ് മരിച്ചത്.
ഷീബയുടെ മൃതദേഹം നാല് മണിയോടെ നെടുങ്കണ്ടത്ത് എത്തിച്ചിരുന്നു. തുടർന്ന് മൃതദേഹം വഹിച്ച ആംബുലൻസുമായി എസ്എൻഡിപി പ്രവർത്തകർ യൂണിയൻ ബാങ്കിന് മുൻപിൽ പ്രതിഷേധിക്കുകയായിരുന്നു. ഷീബയുടെ കുടുംബം ഭൂമി വാങ്ങിയപ്പോൾ 15 ലക്ഷം രൂപയാണ് വായ്‌പ നില നിന്നിരുന്നതെന്നും, അത് 66 ലക്ഷം രൂപയിൽ അധികമായത് എങ്ങനെയാണെന്ന് ബാങ്ക് വ്യക്തമാക്കണമെന്നും പ്രവർത്തകർ ആവശ്യപെട്ടു.
ഹിയറിങിന് സമയം നിലനിൽക്കെ പൊലീസിന്‍റെ സഹായത്തോടെ തിടുക്കപെട്ട് ജപ്‌തി നടപടികൾ സ്വീകരിക്കുകയായിരുന്നുവെന്നാണ് ആക്ഷേപം. പ്രതിഷേധ സമരത്തിന് ശേഷം മൃതദേഹം വീട്ടു വളപ്പിൽ സംസ്‌കരിച്ചു. സംഭവത്തിൽ വരും ദിവസങ്ങളിലും വിവിധ രാഷ്ട്രീയ സമുദായിക സംഘടനകളുടെ പ്രതിഷേധ സമരങ്ങൾ നടക്കും.