കോഴിക്കോട്: ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയുമില്ലാത്ത മാതാപിതാക്കൾക്ക് പുസ്‌തകങ്ങളിലൂടെ കഥ പറഞ്ഞ് കൊടുക്കുന്ന ശിവാനി നാട്ടിലെ പൊന്നോമനയാകുന്നു. ബാലുശ്ശേരി പനങ്ങാട് നോർത്ത് എയുപി സ്‌കൂൾ അഞ്ചാം തരം വിദ്യാർഥിനിയാണ് ശിവാനി. കൂട്ടുകാരുമൊത്തുള്ള കളിചിരി തമാശകൾക്കിടയിലും സ്‌കൂളിലെ വായനശാലയിൽ അധിക ദിവസവുമെത്തും ഈ പത്തു വയസുകാരി.
ഇഷ്‌ടപ്പെട്ട പുസ്‌തകങ്ങളുമായി വീട്ടിലേക്ക് നടക്കും. നൂറ്റിയമ്പത് മീറ്റർ അകലെയാണ് വീട്. അവിടെ ഏക മകൾ വരുന്നതും കാത്ത് അച്ഛനും അമ്മയും ഉണ്ടാകും. പിന്നെ കഥ പറച്ചിലാണ്. മതാപിതാക്കളായ മനുവിനും ഷീബക്കും ജന്മനാ കേൾവി ശക്തിയും സംസാര ശേഷിയുമില്ല. മകളാണ് ഇവരുടെ നാവും കാതും എല്ലാം.
മടിയിലിരുത്തി താരാട്ടും കഥകളും കേൾക്കാത്ത ശിവാനി, അവരെ ആവോളം സന്തോഷിപ്പിക്കുകയാണ്, അവരുടെ ഭാഷയിൽ. അധ്യാപകനായ ശ്രീനേഷ് മാഷാണ് വായനയുടെ ലോകത്തേക്ക് ശിവാനിക്ക് വഴി തെളിയിച്ചത്. എന്നാൽ, അത് ഒന്നും കേൾക്കാത്ത രണ്ട് പേർക്ക് ജീവിതോല്ലാസം നൽകി എന്നറിഞ്ഞപ്പോൾ ഒരു നാട് തന്നെ ഈ മകളിലൂടെ ആദരവേറ്റുവാങ്ങി.
പെയിന്‍റിങ് ജോലിക്ക് പോയിരുന്ന മനു, കൂട്ടാലിട സ്വദേശിയാണ്. എന്നാൽ ഇപ്പോൾ പണി തീരെ കുറവാണ്. അംഗപരിമിതർക്കുള്ള ആനുകൂല്യമാണ് ഏക ആശ്രയം. എന്നാലും ഈ കുടുംബം ഹാപ്പിയാണ്. ശിവാനിയും 'മുത്തുമണി' അമ്മൂമ്മയും എപ്പോഴും ചിരി തൂകിക്കോണ്ടേയിരിക്കും.