തിരുവനന്തപുരം: ഇന്ത്യ മുന്നണിയുടെ ഭാഗമായ യുഡിഎഫ് ഇടത് പക്ഷത്തെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പന്ന്യന്‍ രവീന്ദ്രന്‍റെ പ്രചാരണാര്‍ഥം പൂജപ്പുര മൈതാനത്ത് സംഘടിപ്പിച്ച പൊതുയോഗത്തില്‍ സംസാരിക്കുന്നതിനിടെയാണ് കോണ്‍ഗ്രസിനും യുഡിഎഫിനെയുമെതിരെയുള്ള വിമര്‍ശനം.
ബിജെപിയെ താഴെയിറക്കാനുള്ള കരുത്ത് കോണ്‍ഗ്രസിനില്ലെന്നും സീതാറാം യെച്ചൂരി വിമര്‍ശിച്ചു. അവരുടെ മുഖ്യമന്ത്രിമാരും പിസിസി അധ്യക്ഷന്മാരും കൂട്ടത്തോടെ ബിജെപിയില്‍ ചേര്‍ന്നു. ബിജെപിയെ എതിര്‍ക്കാന്‍ പല വിഷയങ്ങളിലും കോണ്‍ഗ്രസിന് നിലപാടില്ല. മൃദു ഹിന്ദുത്വ സമീപനമാണ് രാജ്യത്ത് കോണ്‍ഗ്രസ് സ്വീകരിക്കുന്നത്. ബിജെപിക്കെതിരായി നിലപാട് സ്വീകരിച്ചത് ഇടതുപക്ഷം മാത്രമാണെന്നും പൊതുയോഗത്തില്‍ സീതാറാം യെച്ചൂരി പറഞ്ഞു.
സിഎഎ ഭരണഘടന വിരുദ്ധമെന്ന് പറയാന്‍ കോണ്‍ഗ്രസ് തയ്യാറായില്ലെന്നും സിഎഎക്കെതിരെ ആദ്യം മുതല്‍ സമരം ചെയ്‌ത പാര്‍ട്ടി സിപിഎമ്മാണെന്നും അദ്ദേഹം വ്യക്‌തമാക്കി. ആ സിപിഎമ്മിനെയാണ് ഇവിടെ വന്ന് കോണ്‍ഗ്രസ് നേതാക്കള്‍ ആക്രമിക്കുന്നത്. കശ്‌മീരിന്‍റെ പ്രത്യേക അധികാരം എടുത്ത് കളഞ്ഞപ്പോള്‍ സിപിഎം മാത്രമാണ് അന്ന് കോടതിയില്‍ പോയ ഏക പാര്‍ട്ടി. കോണ്‍ഗ്രസ് നേതാക്കള്‍ എവിടെ ആയിരുന്നുവെന്നും അദ്ദേഹം ചോദിച്ചു.
മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് അറസ്‌റ്റ് ചെയ്യാത്തത് എന്നാണ് കോണ്‍ഗ്രസ് ഇപ്പോള്‍ ചോദിക്കുന്നത്. ഇന്ദിര ഗാന്ധി ഞങ്ങളെയെല്ലാം അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്. പിണറായി വിജയന്‍ ഒന്നരവര്‍ഷം ജയിലില്‍ കിടന്നു. അതേ ഇടതുപക്ഷം ബിജെപിയുമായി ധാരണ ഉണ്ടാക്കി എന്ന് കോണ്‍ഗ്രസ് പറയുന്നു.
ജയിലിനെ ഭയക്കുന്നവരല്ല കമ്മ്യൂണിസ്‌റ്റുകാര്‍. രാജ്യത്ത് ആര്‍എസ്‌എസിന്‍റെ ഏറ്റവും വലിയ ശത്രുക്കള്‍ കമ്മ്യൂണിസ്‌റ്റുകാരാണ്. ഏറ്റവും ശക്തമായി ബിജെപിയെ നേരിടുന്നവരാണ് കമ്മ്യുണിസ്‌റ്റുകാര്‍. കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ അറസ്‌റ്റ് ഭയന്ന് ബിജെപിയില്‍ ചേരുന്നവരാണെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേര്‍ത്തു.
Also Read:'നിങ്ങൾക്ക് എങ്ങനെ ഒരു സംഘപരിവാർ മനസു വരുന്നു'; രാഹുൽ ഗാന്ധിയെ വിമർശിച്ച് പിണറായി വിജയൻ