ആലപ്പുഴ: ആലപ്പുഴ കളക്‌ടറേറ്റിനു മുൻപിൽ അനിശ്ചിതകാല കുത്തിയിരിപ്പ് സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 21 ദിവസം കഴിഞ്ഞു. കുട്ടനാട്ടിൽ ആയിരക്കണക്കിനു പേർക്ക് തൊഴിൽ അവസരം ലഭിക്കുന്ന സർക്കാരിന്‍റെ 'ഉദ്യമം' വഴി രജിസ്‌റ്റർ ചെയ്‌ത മാലൂർ ഗ്രൂപ്പിന് സ്ഥാപനം തുടങ്ങുന്നതിനു തടസം നിൽക്കുന്ന കാര്യങ്ങൾ നീക്കാൻ 2 വർഷമായി ജനപ്രതിനിധികളും ആലപ്പുഴ കളക്‌ടറേറ്റ് ഉദ്യോഗസ്ഥരും തയ്യാറാകാത്തതിൽ പ്രതിഷേധിച്ചാണ് സമരം. കുട്ടനാട് നേറ്റീവ്സ് കൂട്ടായ്‌മയുടെ പ്രസിഡന്‍റായ കുര്യൻ ജെ മാലൂരിന്‍റെ നേതൃത്വത്തിലാണ് സമരം.
കഴിഞ്ഞ മാർച്ച് 28 നാണ് കളക്‌ടറേറ്റിനു മുൻപിൽ സമരം ആരംഭിച്ചത്. കുട്ടനാട് കേന്ദ്രമായി സ്ഥാപനം തുടങ്ങുന്നതിനു ആവശ്യമായ കാര്യങ്ങൾ മുഖ്യമന്ത്രിയും ചീഫ് സെക്രട്ടറിയും കൂടി നേരിട്ട് ഇടപെട്ടു അടിയന്തിരമായി ചെയ്യുക എന്ന ആവശ്യമാണ് പ്രധാനമായും ഉന്നയിക്കുന്നത്. പുളിങ്കുന്ന്, കാവാലം, നീലംപേരൂർ, കൈനകരി പഞ്ചായത്ത് ഉൾപ്പടെ കുട്ടനാട്ടിൽ, പൈപ്പ് വെള്ളം കിട്ടുന്നതു വരെ സർക്കാർ എല്ലാ വീട്ടുകാർക്കും 365 ദിവസവും കുടിവെള്ളം സൗജന്യമായി നൽകുക, നെല്ലിന്‍റെ വില 7 ദിവസത്തിനകം ബാങ്ക് അക്കൗണ്ടിൽ നൽകുക, കാവാലം പാലം നിർമ്മാണം അടിയന്തിരമായി ആരംഭിക്കുക, പുളിങ്കുന്ന് താലൂക്ക് ആശുപത്രി നിർമ്മാണം ആരംഭിച്ച് വേഗത്തിലാക്കുക, കുട്ടനാട്ടിൽ വെള്ളപൊക്കം തടയുന്നതിനു എസി കനാൽ തുറക്കുക, കുട്ടനാട് വികസന അതോറിറ്റി രൂപീകരിച്ച് ഐഎഎസ് റാങ്കിലുള്ള ഉദ്യോഗസ്ഥനെ ചുമതല ഏൽപ്പിക്കുക, കുട്ടനാട്ടിലെ യുവാക്കൾക്ക് കൂടുതൽ തൊഴിൽ അവസരം ലഭിക്കുന്നതിനു പുളിങ്കുന്നിൽ ഹൗസ് ബോട്ട് ടെർമിനലും വർഷത്തിൽ രണ്ട് തവണ ട്രാഗൺ ബോട്ട് മത്സരവും സംഘടിപ്പിക്കുക തുടങ്ങിയവയാണ് മറ്റ് ആവശ്യങ്ങൾ.
പുളിങ്കുന്ന് സിയുസിഇകെ എഞ്ചിനീയറിങ് കോളജിന്‍റെ അടിസ്ഥാന സൗകര്യങ്ങൾ പരിഹരിച്ച് അന്താരാഷ്ട്ര നിലവാരത്തിൽ എത്തിയ്ക്കുക, കേന്ദ്ര സർക്കാരിന്‍റെ 10,000 കോടിയുടെ കുട്ടനാട് രക്ഷ പാക്കേജ് അനുവദിപ്പിക്കുക എന്നിവയാണ് മറ്റു പ്രധാന ആവശ്യങ്ങൾ.