എറണാകുളം: വെറ്റിനറി സർവകലാശാലയിലെ സിദ്ധാർത്ഥിന്‍റെ മരണത്തിൽ അച്‌ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് അച്‌ഛൻ ജയപ്രകാശ് ഹൈക്കോടതിയെ സമീപിച്ചത്. കാലതാമസം കൂടാതെ അന്വേഷണം സിബിഐ ഏറ്റെടുക്കാൻ കേന്ദ്ര സർക്കാരിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ടാണ് ഹർജി.
സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാരിന്‍റെ ഭാഗത്തു നിന്ന് ബോധപൂർവ്വം ശ്രമമുണ്ടായി. അന്വേഷണം ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐ യ്ക്ക് നൽകേണ്ട ഔദ്യോഗിക അപേക്ഷയുടെ നടപടി ക്രമങ്ങൾ വൈകിപ്പിച്ചതിന് സർക്കാരിന് ചില പദ്ധതികൾ ഉണ്ട്. സർക്കാർ വഞ്ചന കാട്ടിയത് കുറ്റക്കാരായ സ്വന്തം പാർട്ടിക്കാരെ സംരക്ഷിക്കാനാണ്.കൂടാതെ പൊതു സമൂഹത്തിന്‍റെ മതിപ്പിനായും മാധ്യമശ്രദ്ധയ്ക്കും വേണ്ടിയാണ് സംസ്ഥാന സർക്കാർ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടത്.
ആവശ്യമായ രേഖകൾ നൽകാൻ വൈകിപ്പിക്കുന്നതിലൂടെയും മറ്റും കേന്ദ്ര ഏജൻസി അന്വേഷണം തഴയപ്പെടുമെന്നു തന്നെയാണ് സർക്കാർ കരുതുന്നതെന്നും ജയപ്രകാശിന്‍റെ ഹർജിയിൽ പറയുന്നു. സിബിഐ അന്വേഷണം വൈകും തോറും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും ഹർജിയിൽ വാദമുണ്ട്. ഹർജി ഹൈക്കോടതി നാളെ പരിഗണിച്ചേക്കും. ഫെബ്രുവരി 18 നാണ് ഹോസ്‌റ്റലിലെ ശുചി മുറിയിൽ സിദ്ധാർത്ഥനെ മരിച്ച നിലയിൽ കണ്ടെത്തിയത്. എസ്എഫ്ഐ പ്രവർത്തകരുടെ ക്രൂര മർദ്ദനമേറ്റതിന് പിന്നാലെയായിരുന്നു മരണം.