കണ്ണൂർ : സിദ്ധാർഥിന്‍റെ കൊലപാതകം ആത്മഹത്യയാണെന്ന് വരുത്തി തീർക്കാൻ സിപിഎമ്മിന്‍റെയും ഡീനിന്‍റെയും ഭാഗത്ത് നിന്ന് ബോധപൂർവ്വമായ ശ്രമമുണ്ടന്ന് കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്‍റ് മുഹമ്മദ് ഷമ്മാസ്. ദൃശ്യം സിനിമയെ വെല്ലുന്ന രീതിയിൽ ആണ് കേസിന്‍റെ ആട്ടിമറികൾ നടക്കുന്നതെന്നും മുഹമ്മദ് ഷമ്മാസ് പറഞ്ഞു.
സിദ്ധാർഥിനെ ആശുപത്രിയിൽ കൊണ്ടുപോയി മണിക്കൂറുകൾക്ക് ശേഷമാണ് പൊലീസിനെ അറിയിക്കുന്നത്. എഫ്‌ഐആറിൽ തന്നെ ഇതിന് തെളിവ് ഉണ്ട്. പോസ്‌റ്റ്മാർട്ടം റിപ്പോർട്ട് പുറത്ത് വരുന്നതിന് രണ്ട് ദിവസം മുൻപാണ് ഡീൻ സിദ്ധാർത്ഥ് ആത്മഹത്യ ചെയ്‌തെന്ന റിപ്പോർട്ട് നൽകിയത്. ഇതില്‍ തന്നെ ദുരൂഹതയുണ്ടെന്ന് മുഹമ്മദ് ഷമ്മാസ് വ്യക്തമാക്കി.
സിദ്ധാർത്ഥിന് മർദ്ദനമേറ്റ സമയത്ത് വിവസ്‌ത്രനാക്കിയ അതേ രീതിയിൽ തന്നെയാണ് മൃതദേഹം കാണപ്പെട്ടത് എന്നും ഷമ്മാസ് ആരോപിച്ചു. വിഷയത്തിൽ സിബിഐ അന്വേഷം നടത്തണമെന്നും തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവ്വം ശ്രമം നടക്കുന്നുണ്ടന്നും മുഹമ്മദ് ഷമ്മാസ് സൂചിപ്പിച്ചു.
അതിനിടെ പൂക്കോട് വെറ്റിനറി സർവ്വകലാശാലാ ക്യാമ്പസിൽ സിദ്ധാർത്ഥ് മരണപ്പെട്ടതിൽ പ്രതിഷേധിച്ച് കണ്ണൂർ ഡിഐജി ഓഫീസിലേക്ക് എംഎസ്എഫ് നടത്തിയ മാർച്ച് സംഘർഷത്തിൽ കലാശിച്ചു. പ്രകടനമായെത്തിയ പ്രതിഷേധക്കാർ മുഖ്യമന്ത്രി പിണറായി വിജയന്‍റെ കോലം കത്തിച്ചു.
പൊലീസ് ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. തുടർന്ന് ഗതാഗതം തടസപ്പെടുത്തി റോഡിൽ കുത്തിയിരുന്നു സമരം ചെയ്‌ത പ്രവർത്തകരെ പൊലീസ് ബലം പ്രയോഗിച്ച് അറസ്‌റ്റ് ചെയ്‌ത് നീക്കി. സംഘർഷത്തിൽ ഒരാൾക്ക് പരിക്കേറ്റു. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുറ്റക്കാരായ മുഴുവൻ SFI പ്രവർത്തകരെയും അറസ്‌റ്റ് ചെയ്യണമെന്നും ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും എംഎസ്എഫ് ആവശ്യപ്പെട്ടു.
ALSO READ : അര്‍ദ്ധരാത്രിയില്‍ പൊലീസ്, കോൺഗ്രസ് നേതാക്കളുടെ നിരാഹാര സമരപ്പന്തലില്‍ സംഘർഷം