തിരുവനന്തപുരം : ഗവർണർ നട്ടെല്ലുള്ള വ്യക്തിയാണെന്നും സിദ്ധാർഥിന്‍റെ കൊലപാതകം മറച്ചുവച്ചതും കൂട്ടുനിന്നതും ഡീനും കായിക അധ്യാപകനുമാണെന്നും ഇവർക്ക് സസ്പെൻഷൻ നൽകുകയോ പിരിച്ചുവിടുകയോ വേണമെന്നും പിതാവ് ജയപ്രകാശ്. പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർഥി സിദ്ധാർഥിന്‍റെ മരണത്തിൽ വിസി ഡോ എം ആർ ശശീന്ദ്രനാഥിനെ ചാൻസലർ കൂടിയായ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സസ്പെൻഡ് ചെയ്‌തതിന് പിന്നാലെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
നട്ടെല്ലുള്ള ഗവർണറെയാണ് കിട്ടിയത്. വിസിയുടെ ജോലി കൃത്യമായി ചെയ്യാത്തത് കൊണ്ടാണ് സസ്പെൻഡ് ചെയ്‌തത്. വെറുതെ സസ്പെൻഡ് ചെയ്യില്ലല്ലോ. ഏറ്റവും വലിയ കുറ്റക്കാരനായ ഡീനിനെതിരെ എന്ത് നടപടി എടുത്തു? ഡീനിനെയും കായിക അധ്യാപകനെയും സർവീസിൽ നിന്ന് മാറ്റിനിർത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഡീനിൻ്റെ മേൽ ശക്തമായ കുറ്റമുണ്ട്.
ആ നടപടിയെങ്കിലും എടുത്തിരുന്നെങ്കിൽ വിസിക്ക് സസ്പെൻഷനിൽ പോകേണ്ടി വരില്ലായിരുന്നു. അവരെല്ലാം ഒറ്റക്കെട്ടാണെന്ന് ഇപ്പോൾ തോന്നുന്നു. ഇനി ആർക്കും ഈ ഗതി വരാതിരിക്കാനാണ് നടപടി. ഡീനിനും കായിക അധ്യാപകനും എതിരെ നടപടി ഉണ്ടാകുമെന്നും പ്രതീക്ഷിക്കുന്നു. ഗവർണറുടെ ജോലി എന്താണെന്നും പവർ എന്താണെന്നും ഇപ്പോൾ മനസിലായി. നടപടിയിൽ സന്തോഷമുണ്ടെന്ന് പറയാൻ കഴിയില്ല തൃപ്‌തിയുണ്ടെന്നും സിദ്ധാർഥിന്‍റെ പിതാവ് ജയപ്രകാശ് പറഞ്ഞു.
Also Read: സിദ്ധാർഥിന്‍റെ മരണം : വെറ്ററിനറി സർവകലാശാല വിസിയെ സസ്‌പെന്‍ഡ് ചെയ്‌ത് ഗവര്‍ണര്‍