വയനാട്: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥി ജെഎസ് സിദ്ധാർഥന്‍റെ മരണത്തെ തുടർന്ന് കെഎസ്‌യു-എംഎസ്എഫ് പ്രവർത്തകർ വെറ്ററിനറി സർവകലാശാലയിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം. പ്രവർത്തകർ ബാരിക്കേഡുകൾ ഭേദിച്ച് അകത്തുകടക്കാൻ ശ്രമിച്ചു. സംഭവത്തെ തുടർന്ന് പൊലീസ് ലാത്തിച്ചാർജ് നടത്തി (KSU And MSF March To Pookode Veterniary University).
പ്രതിഷേധക്കാർക്ക് നേരെ പൊലീസ് കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. അഞ്ചോളം തവണ പൊലീസ് കണ്ണീർ വാതകം പ്രയോഗിച്ചിട്ടുണ്ട്. പിന്നാലെ പ്രവർത്തകർ ബാരിക്കേഡ് തകർക്കുകയും പൊലീസിനു നേരെ കല്ലെറിയുകയും ചെയ്‌തു. ലാത്തിച്ചാർജിൽ നിരവധി പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. തുടർന്ന് പ്രവർത്തകർ ദേശീയ പാത ഉപരോധിച്ചു.
അതേസമയം സിദ്ധാർത്ഥിന്‍റെ മരണത്തെ തുടർന്ന് കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ച് യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്നലെ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷമുണ്ടായിരുന്നു. സെക്രട്ടറിയേറ്റ് വളപ്പിലേക്ക് ചാടി കടക്കാനും ബാരിക്കേഡ് മറിച്ചിടാനും ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിച്ചിരുന്നു.