വയനാട്: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർഥി സിദ്ധാർഥന്‍റെ മരണം അന്വേഷിക്കാൻ സിബിഐ സംഘം വയനാട്ടിലെത്തി. എസ് പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് വയനാട്ടിലെത്തിയത്. വയനാട് എസ്‌പി ടി നാരായണനുമായി സംഘം കൂടിക്കാഴ്‌ച നടത്തി. കേസുമായി ബന്ധപ്പെട്ട പ്രാഥമിക വിവര ശേഖരണമാണ് നടന്നതെന്നാണ് വിവരം.
സിബിഐ അന്വേഷണത്തിനായി കേന്ദ്ര സർക്കാർ വിജ്ഞാപനമിറങ്ങിയതിന് പിന്നാലെയാണ് സിബിഐ സംഘം വയനാട്ടില്‍ എത്തിയത്. ഫയലുകൾ പരിശോധിക്കുകയും മറ്റു വിവരങ്ങൾ തേടുകയുമാണ് അന്വേഷണ സംഘം ചെയ്‌തതെന്നാണ് സൂചന. കേസ് അന്വേഷണത്തിന്‍റെ ഭാഗമായി രണ്ട് ഉദ്യോഗസ്ഥർ കൂടി അന്വേഷണ സംഘത്തിൽ ചേരുമെന്നും റിപ്പോർട്ടുകളുണ്ട്.
കഴിഞ്ഞ ദിവസം കേന്ദ്ര സർക്കാർ ഉടൻ സിബിഐ അന്വേഷണത്തിന് വിജ്ഞാപനം ഇറക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനു പിന്നാലെയാണ് സിബിഐ സംഘം വയനാട്ടിലെത്തിയത്. കേസ് ഈ മാസം 9ന് വീണ്ടും പരിഗണിക്കാനായി മാറ്റിയിരുന്നു. മകന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം അടിയന്തരമായി സിബിഐ ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് അച്ഛന്‍ ടി ജയപ്രകാശ് നല്‍കിയ ഹര്‍ജിയിലായിരുന്നു കോടതിയുടെ ഉത്തരവ്.
ഫെബ്രുവരി 18നാണ് നെടുമങ്ങാട് സ്വദേശിയായ സിദ്ധാര്‍ഥിനെ ക്യാമ്പസിലെ ഹോസ്‌റ്റല്‍ ശുചിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആദ്യഘട്ടത്തില്‍ ആത്മഹത്യ ആണെന്ന് കോളജ് അധികൃതര്‍ വിശദീകരിച്ചെങ്കിലും മരണത്തില്‍ ദുരൂഹത ആരോപിച്ച് സിദ്ധാര്‍ഥിന്‍റെ കുടുംബം രംഗത്തെത്തിയിരുന്നു.
തുടര്‍ന്ന് സിദ്ധാര്‍ഥ് ക്രൂരമായി മര്‍ദിക്കപ്പെട്ടെന്നും, റാഗിങ്ങിന് ഇരയാകുകയായിരുന്നുവെന്നും കണ്ടെത്തുന്നത്. കേസില്‍ 18 പേരെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു. സിദ്ധാര്‍ഥ് കോളജില്‍ ഭീകരമായ മര്‍ദനം നേരിട്ടിരുന്നുവെന്ന് പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ആന്‍റി റാഗിങ് സമിതിയുടെ റിപ്പോര്‍ട്ടിലും പറയുന്നു.
സിദ്ധാര്‍ഥിന്‍റെ മരണവുമായി ബന്ധപ്പെട്ട് 33 വിദ്യാര്‍ഥികള്‍ക്കെതിരെയുള്ള നടപടി സര്‍വകലാശാല പിന്‍വലിച്ചത് വലിയ വിവാദമായിരുന്നു. കുറ്റകൃത്യത്തില്‍ ഉള്‍പ്പെടാത്ത വിദ്യാര്‍ഥികളുടെ ഒരാഴ്‌ചത്തെ സസ്പെന്‍ഷന്‍ നടപടിയാണ് പിന്‍വലിച്ചത്. അതേസമയം, സസ്പെന്‍ഷന്‍ പിന്‍വലിച്ചത് കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തിട്ടില്ലാത്ത വിദ്യാർഥികളുടെതെന്നാണ് സര്‍വകലാശാലയുടെ വിശദീകരണം.
ഇതിനിടെ മരിച്ച സിദ്ധാര്‍ഥിന്‍റെ പിതാവ് ടി ജയപ്രകാശ് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയിരുന്നു. കേസ് അന്വേഷണത്തില്‍ ആശങ്ക ഉണ്ടെന്ന് കുടുംബം ഗവര്‍ണറെ അറിയിച്ചു. രേഖാമൂലം പരാതി നല്‍കിയതായാണ് വിവരം. സിബിഐ അന്വേഷണം വഴിമുട്ടി നില്‍ക്കുകയാണെന്നും പൊലീസ് അന്വേഷണം ദ്രുദഗതിയില്‍ നടക്കുന്നില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഗവര്‍ണറെ കണ്ട് പരാതി നല്‍കിയത്. സിദ്ധാര്‍ത്ഥിന്‍റെ അച്‌ഛനുമായി രാഹുല്‍ ഗാന്ധിയും കൂടിക്കാഴ്‌ച നടത്തി. കുടുംബത്തിന് രാഹുല്‍ പൂര്‍ണ പിന്തുണ ഉറപ്പ് നല്‍കിയിരുന്നു.
Also Read: സിദ്ധാര്‍ഥിന്‍റെ പിതാവിനെ കണ്ട് രാഹുല്‍ ഗാന്ധി; കുടുംബത്തിന് പിന്തുണ പിന്തുണ ഉറപ്പുനല്‍കി