കോഴിക്കോട്: ചാത്തമംഗലം എൻഐടിയിലെ അധ്യാപിക ഷൈജ ആണ്ടവൻ ഗോഡ്‌സയെ പ്രകീര്‍ത്തിച്ച് ഫേസ്ബുക്കിൽ കമന്‍റിട്ട സംഭവത്തിൽ ആഭ്യന്തര അന്വേഷണത്തിന് എൻഐടി നിയോഗിച്ച കമ്മറ്റി ഡയറക്‌ടർക്ക് റിപ്പോർട്ട് സമർപ്പിച്ചു. ഷൈജ ആണ്ടവൻ മൂന്നുമാസം നിർബന്ധിത അവധിയിൽ പോകണം എന്നത് ഉൾപ്പെടെയുള്ള നിർദേശങ്ങൾ റിപ്പോർട്ടിൽ ഉണ്ടെന്നാണ് സൂചന. ഡീൻ ഉൾപ്പെടെയുള്ള മൂന്നംഗ സമിതിയാണ് അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറിയത്.
ആഭ്യന്തര അന്വേഷണ കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിലെ വിവരങ്ങൾ എൻഐടി അധികൃതർ ഔദ്യോഗികമായി പുറത്തു വിട്ടിട്ടില്ല. എൻഐടി കമ്മിറ്റി സമർപ്പിക്കുന്ന റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ കുറ്റം കണ്ടെത്തിയാൽ നടപടിയെടുക്കുമെന്ന് എൻഐടി അധികൃതർ നേരത്തെ വ്യക്തമാക്കിയിരുന്നു. മഹാത്മാഗാന്ധിയുടെ രക്തസാക്ഷി ദിനത്തിൽ കൃഷ്‌ണരാജ് എന്ന പ്രൊഫൈലിൽ നിന്ന് പോസ്റ്റ് ചെയ്‌ത ഗോഡ്സെയുടെ ചിത്രത്തിന് താഴെയാണ് ഗോഡ്സെ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനം ഉണ്ടെന്ന് ഷൈജ ആണ്ടവൻ കമൻ്റിട്ടത്.
ഇതിനെ തുടർന്ന് എസ്എഫ്ഐ കുന്ദമംഗലം ഏരിയ കമ്മിറ്റി നൽകിയ പരാതിയിൽ കുന്ദമംഗലം പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പൊലീസ് അധ്യാപികയുടെ വീട്ടിലെത്തിയും കുന്ദമംഗലം പൊലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയും ചോദ്യം ചെയ്‌തിരുന്നു. ഇതിനെ തുടർന്ന് അധ്യാപികക്ക് കഴിഞ്ഞ ദിവസം കുന്ദമംഗലം കോടതി ജാമ്യം നൽകിയിരുന്നു.
അധ്യാപിക ഷൈജ അണ്ടവനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഐടിയിലെ വിദ്യാർഥി യൂണിയനായ സ്‌റ്റുഡന്‍റ്സ് അഫയേഴ്‌സ് കൗൺസിൽ (സാക്ക്) അധികൃതർക്ക് കത്ത് നൽകിയിരുന്നു. അതിനിടെ ഷൈജ ആണ്ടവനെതിരെ യുവജന സംഘടനകളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു.
ഡിവൈഎഫ്ഐ, യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് എന്നിവർ നടത്തിയ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. മാർച്ചിൽ സംഘർഷ സാധ്യത മുന്നിൽക്കണ്ട് എൻഐടിയുടെ പ്രധാന കവാടത്തിനു മുൻപിൽ പൊലീസ് ബാരിക്കേഡുകൾ വച്ച് തടസ്സം സൃഷ്‌ടിച്ചിരുന്നു. എന്നാൽ പ്രതിഷേധ മാർച്ചിനിടെ മൂന്ന് സംഘടനകളുടെയും പ്രവർത്തകർ കാമ്പസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രവർത്തകരെ പിന്തിരിപ്പിച്ചു.
ആദ്യം ഡിവൈഎഫ്ഐ കോഴിക്കോട് ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് യുവജന മാർച്ച് സംഘടിപ്പിച്ചത്. മാർച്ച് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്‍റ് വി വസീഫ് ഉദ്ഘാടനം ചെയ്‌തു. മാർച്ച് കാമ്പസ് കവാടത്തിനു മുൻപിൽ പൊലീസ് തടഞ്ഞു. ബാരിക്കേഡുകൾ തള്ളി താഴെയിടാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു.