കോഴിക്കോട്: ഷിരൂർ ദുരന്തത്തിൽ അകപ്പെട്ട അര്‍ജുനായുള്ള തെരച്ചിലില്‍ ഐഎസ്ആര്‍ഒയുടെ സഹായം തേടി കര്‍ണാടക സര്‍ക്കാര്‍. അപകടസമയത്തെ വാഹനങ്ങളുടേത് അടക്കമുള്ള ഉപഗ്രഹചിത്രങ്ങള്‍ ലഭിക്കാനുള്ള സാധ്യതയാണ് തേടിയത്. അർജുന് വേണ്ടിയുള്ള തെരച്ചിൽ ആറാം ദിവസത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് ഐഎസ്ആര്‍ഒയുടെ സഹായം തേടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
അതിനിടെ അര്‍ജുനെ കണ്ടെത്താന്‍ ഇന്ന് സൈന്യമിറങ്ങും. രാവിലെ മുതല്‍ തെരച്ചില്‍ ദൗത്യം സൈന്യം ഏറ്റെടുക്കും. ബെലഗാവിയില്‍ നിന്നുള്ള 60 അംഗ സംഘമാണ് എത്തുക. തെരച്ചിലിന് സൈന്യം ഇറങ്ങണമെന്ന് അര്‍ജുന്‍റെ വീട്ടുകാര്‍ ആവശ്യപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാരിന്‍റെ ആവശ്യ പ്രകാരമാണ് സൈന്യമെത്തുന്നത്.
ഇന്നലെ രാത്രി 8 മണിയോടെ തെരച്ചിൽ നിർത്തിയിരുന്നു. മണ്ണിടിച്ചിൽ കൈകാര്യം ചെയ്‌ത് പരിചയമുള്ള കരസേന വിഭാഗവും കൂടി ദൗത്യസംഘതിന്‍റെ ഭാഗമാകുന്നതോടെ മണ്ണ് നീക്കുന്ന ജോലികൾക്ക് വേഗത കൈവരും. റഡാര്‍ ഉപയോഗിച്ചുള്ള പരിശോധനയിൽ ലോഹ സാന്നിധ്യമുണ്ടെന്ന് സംശയിക്കുന്ന ഭാഗങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ഇന്നത്തെ തെരച്ചിൽ.