തിരുവനന്തപുരം : പൗരത്വ നിയമത്തിനെതിരെ യുഡിഎഫ് എംപിമാര്‍ ആരും വാദിച്ചില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്‍റെ വാദം ഖണ്ഡിച്ച് തെളിവുമായി തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എം പിയുമായ ശശി തരൂര്‍. പാര്‍ലമെന്‍റില്‍ പൗരത്വ ഭേദഗതി നിയമം കൊണ്ട് വന്നപ്പോള്‍ ആദ്യം എതിര്‍ത്ത എംപിമാരില്‍ ഒരാളാണ് താനെന്നും തരൂര്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു(Shashi Tharoor).
പൗരത്വ ഭേദഗതിക്കെതിരെയുള്ള പ്രസംഗം ഉള്‍പ്പെടെയുള്ള തരൂരിന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലിന്‍റെ ലിങ്കും അദ്ദേഹം മാധ്യമപ്രവര്‍ത്തകരുമായി പങ്കുവെച്ചു. വ്യാഴാഴ്‌ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലായിരുന്നു കോണ്‍ഗ്രസ്, യുഡിഎഫ് എം പിമാര്‍ പൗരത്വ നിയമത്തെ കുറിച്ചുള്ള നിലപാട് പരസ്യമാക്കുന്നില്ലെന്നും പാര്‍ലമെന്‍റില്‍ എതിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വിമര്‍ശിച്ചത്. തരൂരിന്‍റെ വാര്‍ത്ത സമ്മേളനത്തില്‍ വിമര്‍ശനം മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമായി ഉന്നയിച്ചപ്പോഴാണ് തന്‍റെ പ്രസംഗം പങ്കുവെച്ചു കൊണ്ട് തരൂര്‍ മറുപടി നല്‍കിയത്( Pinarayi Vijayan).
നാല് വര്‍ഷം മുന്‍പ് 2019 ല്‍ പൗരത്വ നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുന്ന പാര്‍ലമെന്‍റ് പ്രസംഗമാണ് ശശി തരൂര്‍ എം പി തന്‍റെ ഔദ്യോഗിക യു ട്യൂബ് ചാനലില്‍ പങ്കുവെച്ചിട്ടുള്ളത്(CAA).
പ്രസംഗം ഇങ്ങനെ : റിപ്പബ്ലിക്കായ നമ്മുടെ രാജ്യത്തിന്‍റെ അടിസ്ഥാന മൂല്യങ്ങള്‍ക്ക് ഏല്‍ക്കുന്ന കനത്ത പ്രഹരമാണ് പൗരത്വ ഭേദഗതി ബില്ല്. ബില്ലിനെ താന്‍ എതിര്‍ക്കുന്നു. മതം, ഭാഷ, ജാതി, പ്രാദേശിക, ഭാഷാ എന്നീ കാരണങ്ങള്‍ കൊണ്ടൊന്നും നമ്മുടെ ദേശീയ മുന്നേറ്റം വിഭജിക്കപ്പെട്ടിട്ടില്ല. മതം നമ്മുടെ ദേശത്തിന്‍റെ നിര്‍ണ്ണായക ഘടകമാണ്ടേതുണ്ടോ? മതത്തിന്‍റെ അടിസ്ഥാനത്തില്‍ അന്ന് രാജ്യം വേണമെന്ന് ആവശ്യപ്പെട്ടവര്‍ പാകിസ്ഥാന്‍ രുപീകരിച്ചു.
മഹാത്മാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, ഡോ ബി ആര്‍ അംബേദ്‌കര്‍, മൗലാന ആസാദ് ഇവരെല്ലാം മതം ദേശീയതയുടെ ഭാഗമാകാന്‍ പാടില്ലെന്ന് പറഞ്ഞിട്ടുണ്ട്. അത് കൊണ്ട് തന്നെ ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ഖണ്ഡിക്കുന്ന ബില്ലാണിത്. ഭരണഘടനയുടെ അടിസ്ഥാനമായ ആമുഖത്തെ തന്നെ ഈ ബില്ല് ചതിക്കുന്നു. ആര്‍ട്ടിക്കിള്‍ 14 ന്‍റെ നഗ്നമായ ലംഘനമാണ് പൗരത്വ ഭേദഗതി ബില്‍. ഭരണഘടനയുടെ മൂല്യങ്ങളെ പരിഗണിക്കാത്ത പൗരത്വ ബില്ല് പാര്‍ലമെന്‍റില്‍ ചര്‍ച്ച ചെയ്യാനുള്ള അവകാശം പോലും നമുക്കില്ല.