കോഴിക്കോട് : വിദ്വേഷ പ്രസംഗത്തിന്‍റെ പേരിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസടുത്തു. യുഡിഎഫ് സ്ഥാനാർഥി എം കെ രാഘവന്‍റെ തെരഞ്ഞെടുപ്പ് പര്യടനത്തിനിടെ ഷമ മുഹമ്മദ് നടത്തിയ പ്രസംഗം വിദ്വേഷം പ്രചരിപ്പിക്കുന്നതാണെന്നാണ് പരാതി. തിരുവനന്തപുരം സ്വദേശി അരുൺജിത് തെരഞ്ഞെടുപ്പ് കമ്മിഷന് നൽകിയ പരാതിയെ തുടർന്നാണ് കോഴിക്കോട് സിറ്റി പൊലീസ് ഷമ മുഹമ്മദിനെതിരെ കേസടുത്തത്.
അതേസമയം, കെ കെ ശൈലജയ്‌ക്കെതിരെ അശ്ലീല പോസ്റ്റ് പങ്കിട്ട ഗള്‍ഫ് മലയാളിയ്‌ക്കെതിരെ കേസെടുത്തു. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയായ കെ എം മിൻഹാജിനെ പ്രതിയാക്കിയാണ് മട്ടന്നൂർ പൊലീസ് കേസ് എടുത്തത്. ശൈലജയുടെ ചിത്രം മോർഫ് ചെയ്‌ത് ഇകഴ്ത്തി കാണിച്ചുവെന്നാണ് എഫ് ഐ ആറിലെ പരാമർശം. ഇയാൾക്കെതിരെ കലാപാഹ്വാനം നടത്തിയതിനുളള വകുപ്പുകളും ചേർത്തിട്ടുണ്ട്.
നേരത്തെ കെ കെ ശൈലജക്കെതിരെ സമൂഹ മാധ്യമത്തിൽ പോസ്‌റ്റ് പങ്കുവച്ച മുസ്ലിം ലീഗ് പ്രവർത്തകനെതിരെയും കേസ് രജിസ്റ്റര്‍ ചെയ്‌തിരുന്നു. മുസ്ലിം ലീഗ് ന്യൂ മാഹി പഞ്ചായത്ത് സെക്രട്ടറി അസ്‌ലമിനെതിരെയാണ് പൊലീസ് കേസെടുത്തത്. മങ്ങാട് സ്നേഹതീരം എന്ന വാട്‌സ്‌ആപ്പ് ഗ്രൂപ്പിൽ ഇയാള്‍ കെ കെ ശൈലജക്കെതിരായി വ്യാജ പ്രചാരണം നടത്തിയെന്ന പരാതിയെ തുടർന്നാണ് കേസ്.