കോഴിക്കോട്: മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷി ദിനത്തില്‍ അദ്ദേഹത്തിൻ്റെ കൊലയാളി നാഥുറാം വിനായക് ഗോഡ്സെയെ പ്രകീർത്തിച്ച് വിവാദത്തിൽ ആയ ഷൈജ ആണ്ടവൻ വീണ്ടും വിവാദത്തില്‍. ഇവർ വിദ്യാർഥികള്‍, അധ്യാപകർ, ഡയറക്‌ടർ, രജിസ്ട്രാർ തുടങ്ങിയവർക്ക് അയച്ച ഇ-മെയില്‍ സന്ദേശമാണ് വിവാദമായത്. എന്‍ഐടിയിലെ മുന്‍ വിദ്യാര്‍ഥിയുടെ പ്രകോപനപരമായ സന്ദേശം ഫോർവേഡ് ചെയ്‌തുള്ള ഇ-മെയിലിന് എതിരെയാണ് പരാതി.
അമ്മയുടെ പ്രായമുള്ള സ്‌ത്രീയെ സാമൂഹ്യ മാധ്യമങ്ങളില്‍ അപമാനിച്ച എന്‍ഐടിയിലെ വിദ്യാര്‍ഥികളുടെ കയ്യും കാലും വെട്ടണമെന്നാണ് പൂര്‍വ്വ വിദ്യാര്‍ഥി അജിന്‍റെ സന്ദേശം. ഇതാണ് ഷൈജ ആണ്ടവന്‍ ഫോര്‍വേര്‍ഡ് ചെയ്‌തത്. സംഭവത്തില്‍ പൊതു പ്രവർത്തകനായ ഷരീഫ് മലയമ്മ കുന്ദമംഗലം പൊലീസില്‍ പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടില്ല.
അതേസമയം ഒരാഴ്‌ച മുമ്പാണ് എൻഐടി സെക്യൂരിറ്റി സാനിറ്റേഷൻ വിഭാഗം ജീവനക്കാർ എൻഐടിക്ക് മുൻപിൽ നടത്തിവന്ന സമരം പിൻവലിച്ചത് അതിനിടയിൽ നേരത്തെ തന്നെ വിവാദത്തിൽ അകപ്പെട്ട ഷൈജ ആണ്ടവൻ വീണ്ടും വിവാദമുയർത്തിയതോടെ ഇനിയും സമരങ്ങൾ എൻഐടിയിൽ ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.