എറണാകുളം: നിവിൻ പോളിക്കെതിരായ കേസ് അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായി പരാതിക്കാരിയായ യുവതി. തങ്ങളെ ഹണിട്രാപ് എന്ന പേരിൽ കുടുക്കാൻ ശ്രമിക്കുന്നതായി സംശയിക്കുന്നതായും യുവതി പറഞ്ഞു. ആലുവ റൂറൽ ക്രൈം ബ്രാഞ്ച് ഓഫിസിൽ ഹാജരായ ശേഷം പ്രതികരിക്കുകയായിരുന്നു ഇവര്‍.
പൊലീസിൻ്റെ ചോദ്യം ചെയ്യലിൻ്റെ സ്വഭാവം മാറിയതാണ് സംശയത്തിന് കാരണം. ഞങ്ങളുടെ വ്യക്തി വിവരങ്ങൾ ചോദിക്കാനാണ് ഭർത്താവിനോടൊപ്പം തന്നെ വിളിച്ച് വരുത്തിയത്. തനിക്ക് പീഡനമേൽക്കേണ്ടി വന്ന കാലയളവ് അന്വേഷണ സംഘത്തോട് വ്യക്തമാക്കിയിട്ടുണ്ടെന്നും ഈ കാലയളവിൽ നിവിൻ പോളി എവിടെയായിരുന്നുവെന്ന് പാസ്‌പോർട്ട് പരിശോധിച്ചാൽ വ്യക്തമാകും.
തൻ്റെയും പാസ്പോർട്ട് ഹാജരാക്കിയിട്ടുണ്ട്. മറ്റ് തെളിവുകളും പൊലീസിന് നൽകിയിട്ടുണ്ട്. ചാനലിൽ പറഞ്ഞ ഒരു തീയതിയുടെ പേരിലാണ് തന്നെ ആക്ഷേപിക്കുന്നതെന്നും യുവതി പറഞ്ഞു.
ദുബായിൽ ജോലി ചെയ്യവെ ശ്രേയ എന്ന യുവതി പണം വാങ്ങുകയും യുറോപ്പിൽ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞ് വഞ്ചിക്കുകയും ചെയ്‌തു. ഇവർ സിനിമയിൽ അവസരം വാഗ്‌ദാനം ചെയ്‌ത് സിനിമ നിർമാതാവ് സുനിലിന് മുന്നിലെത്തിച്ചു എന്നും ഇവിടെവച്ച് അയാൾ പീഡനത്തിന് ഇരയാക്കിയെന്നാണ് ആരോപണം. ഇതേ തുടർന്നാണ് നിവിൻ പോളിയും സംഘവും മുറിയിൽ പൂട്ടിയിട്ട് മയക്കുമരുന്ന് നൽകി പീഡിപ്പിച്ചതെന്നാണ് യുവതി ആരോപിക്കുന്നത്.
അതേസമയം പരാതിക്കാരിയെ തനിക്ക് അറിയുക പോലുമില്ലന്നും വ്യാജ പരാതിയാണെന്നാണ് നിവിൻ പോളി വ്യക്തമാക്കിയത്. പീഡനപരാതി വ്യാജമാണെന്നും അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നിവിൻ പോളി ഡിജിപിക്ക് പരാതി നൽകിയിരുന്നു. തനിക്കെതിരായ വ്യാജ പരാതിയില്‍ അന്വേഷണം നടത്തണമെന്നും ഗൂഡാലോചനയുണ്ടെങ്കില്‍ പുറത്തുകൊണ്ടുവരണമെന്നാണ് പരാതിയിൽ ആവശ്യപ്പെട്ടത്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ഡിജിപിക്കും സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ടീമിനുമാണ് നിവിന്‍ പരാതി നല്‍കിയത്. പരാതിക്കാരി പീഡനം നടന്നതായി ആരോപിച്ച ദിവസങ്ങളില്‍ താന്‍ കേരളത്തില്‍ സിനിമ ഷൂട്ടിങ്ങില്‍ പങ്കെടുക്കുകയായിരുന്നു എന്ന് നടന്‍ പറഞ്ഞു. ഇതിന്‍റെ വിശദാംശങ്ങള്‍ പരാതിയില്‍ ചേര്‍ത്തിട്ടുണ്ട്.
ആ ദിവസങ്ങളില്‍ താന്‍ വിദേശയാത്ര നടത്തിയിട്ടില്ലെന്നും നിവിന്‍ പരാതിയില്‍ പറയുന്നു. ഇതിന്‍റെ തെളിവായി പാസ്പോര്‍ട്ടിന്‍റെ കോപ്പിയും പരാതിക്കൊപ്പം സമർപ്പിച്ചിട്ടുണ്ട്. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി തന്‍റെ നിരപരാധിത്വം തെളിയിക്കണമെന്നും തന്നെ കേസില്‍ നിന്നും ഒഴിവാക്കണമെന്നും അദ്ദേഹം പൊലീസ് മേധാവിയോട് ആവശ്യപ്പെട്ടു. ഏത് തരം അന്വേഷണത്തോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കിയിട്ടുണ്ട്.
Also Read: ലൈംഗികാതിക്രമ പരാതി; നിവിന്‍ പോളി കേസ് കുരുക്കഴിയുമോ?