കോഴിക്കോട്: കർണ്ണാടക ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുനായുള്ള തെരച്ചിൽ നിർണ്ണായക ഘട്ടത്തിൽ. ഇന്ന് (ഓഗസ്‌റ്റ് 14) നാവിക സേനയും ഇറങ്ങുന്നതോടെ തെരച്ചിൽ പൂർണ്ണതോതിലാകും. കഴിഞ്ഞ ദിവസം കാലാവസ്ഥ അനുകൂലമായിട്ടും നാവിക സേനയ്ക്ക് പുഴയിലിറങ്ങി തെരച്ചിൽ നടത്താൻ അനുമതി ലഭിച്ചിരുന്നില്ല.
നാവികസേനയുടെ ഒരു ഡൈവിങ് സംഘവും ഈശ്വർ മൽപെയുടെ ഒരു സംഘവുമാണ് ഇന്ന് തെരച്ചിലിന് ഇറങ്ങിയിരിക്കുന്നത്. നാവിക സേനയുടെ 50 അംഗങ്ങളാണ് സംഘത്തിലുള്ളത്. എസ്‌ഡിആർഎഫ്, എൻഡിആർഎഫ് പൊലീസ് സേനകളും തെരച്ചിലിന് ഉണ്ടാകും. ഫിഷറീസ്, തുറമുഖവകുപ്പ് ഉദ്യോഗസ്ഥരും സഹായത്തിനുണ്ടാകുമെന്നും, കരസേന ഹെലികോപ്റ്റർ റൂട്ടീൻ സർവയലൻസും നടത്തുമെന്നും അധികൃതർ അറിയിച്ചു.
പുഴയുടെ ഒഴുക്കിന്‍റെ വേഗം രണ്ട് നോട്ടായി കുറഞ്ഞത് ആശ്വാസകരമാണ്. ഇന്ന് ജില്ലയിൽ വലിയ മഴ പ്രതീക്ഷിക്കുന്നില്ലെന്നും, ഒപ്പം പ്രത്യേക അലർട്ടുകളും ഇല്ല എന്നതും ശുഭ സൂചനയാണെന്ന് അധികൃതർ പറഞ്ഞു.
ഇന്നലെ (ഓഗസ്‌റ്റ് 13) ഈശ്വർ മൽപെ നടത്തിയ തെരച്ചിലിൽ അർജുൻ്റെ ലോറിയുടെ ഹൈഡ്രോളിക് ജാക്കിയും ടാങ്കർ ലോറിയുടെ ചില ഭാഗങ്ങളും കണ്ടെത്തിയിരുന്നു. ഗംഗാവലി പുഴയിലെ ഒഴുക്കിൻ്റെ ശക്തി കുറഞ്ഞതിനാൽ തെരച്ചിൽ എളുപ്പമാകുമെന്നാണ് ഈശ്വർ മൽപെയുടെ വിലയിരുത്തൽ. ഇന്നത്തെ തെരച്ചിലിൽ വലിയ പ്രതീക്ഷയിലാണ് അർജുന്‍റെ കുടുംബവും.
Also Read: അര്‍ജുന്‍റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ