കോഴിക്കോട് : ജില്ലയുടെ കിഴക്കൻ മേഖല ഗ്രാമമായ മാവൂരിൽ ഏത് കടുത്ത വേനലിലും ഒരു തുള്ളി വെള്ളം പോലും വറ്റാത്ത വയലായിരുന്നു മാവൂർ പാടം. കണ്ണെത്തുന്ന ദൂരത്ത് ചാലിയാറും അതിൻ്റെ കൈവഴികളായി നിരവധി തോടുകളും മാവൂർ പാടത്തിന് സമീപത്തു കൂടി ഒഴുകിയിരുന്നു. എവിടെ ജലക്ഷാമം വന്ന് കൃഷി നശിച്ചാലും മാവൂർ പാടത്തെ കർഷകർക്ക് ഒരു പോറൽ പോലും ഏറ്റിരുന്നില്ല.
ഏതുകാലത്തും മാവൂർ പാടം കാർഷിക സമൃദ്ധം ആയിരുന്നു. എന്നാൽ അക്കാലം എല്ലാം കഴിഞ്ഞു എന്നാണ് ഇപ്പോൾ മാവൂർ പാടത്തെ കർഷകരുടെ അനുഭവം. ഇത്തവണത്തെ കൊടും ചൂട് മാവൂർ പാടത്തെ കാർഷികമേഖലയെയും ചതിച്ചു. മാവൂർ പാടത്തെ നീർത്തടങ്ങളും മൺകുഴികളുമെല്ലാം മാസങ്ങൾക്കു മുമ്പേ വറ്റിവരണ്ടു.
കൂടാതെ വയലുകളെല്ലാം ആഴത്തിൽ വിണ്ടുകീറി വെള്ളത്തിൻ്റെ ഒരു കണിക പോലും ബാക്കിയില്ലാത്ത അവസ്ഥ. ഏറെക്കാലമായി മാവൂർ പാടത്തെ കൃഷി ചെയ്യുന്ന കർഷകർക്കൊക്കെ ഇത് ആദ്യത്തെ അനുഭവം. ഇത്രയും കൊടുംചൂട് ഒരുകാലത്തും ഉണ്ടായില്ലെന്നാണ് കർഷകർ പറയുന്നത്.
വാഴ കർഷകർക്കാണ് കൊടുംചൂട് ഏറെയും ബാധിച്ചത്. മിക്കവാഴ തോട്ടങ്ങളിലും നൂറുകണക്കിന് വാഴകളാണ് വാടിക്കരിഞ്ഞ് ഒടിഞ്ഞുവീണത്. ലോണെടുത്തും പലിശയ്ക്ക് കടമെടുത്തുമൊക്കെയാണ് മിക്ക കർഷകരും വാഴ കൃഷി ഇറക്കിയത്. ലാഭം പ്രതീക്ഷിച്ച് ചെയ്‌ത വാഴ കൃഷിയൊക്കെ കടുത്ത ചൂടിൽ നിലം പതിച്ചു. കർഷകരാകെ വലിയ കടക്കണിയിലേക്കാണ് നീങ്ങുന്നത്.
പശുവിനെയും പോത്തുകളെയും വളർത്തുന്ന കർഷകരും ഏറെ പ്രതിസന്ധിയിലാണ്. കൃഷി അകന്ന മാവൂർ പാടത്തെ ഒരു പിടി പച്ചപ്പുല്ല് പോലും കിട്ടാനില്ല. കൂടാതെ പോത്തുകൾക്ക് അല്‍പം വെള്ളം കിട്ടണമെങ്കിൽ എവിടെയും വെള്ളമില്ല. വിവിധതരം ദേശാടനപ്പക്ഷികളുടെ വിഹാരകേന്ദ്രം കൂടിയാണ് മാവൂർ പാടം.
ഓരോ ദിവസവും പക്ഷികളെ നിരീക്ഷിക്കുന്നതിനും കാണുന്നതിനും നിരവധി പക്ഷി സ്നേഹികളാണ് മാവൂർ പാടത്ത് എത്താറുള്ളത്. എന്നാൽ മാവൂർ പാടം വറ്റിവരണ്ടുണങ്ങിയതോടെ ഇവിടെയെത്തുന്ന പക്ഷികളുടെ ആവാസവ്യവസ്ഥയും
വലിയവെല്ലുവിളി നേരിടുന്നുണ്ട്. വറ്റിക്കൊണ്ടിരിക്കുന്ന ഏതാനും മൺകുഴികളിലെ വെള്ളം മാത്രമാണ് ഈ പക്ഷികൾക്ക് ഇപ്പോഴുള്ള ആശ്വാസം.
നൂറുകണക്കിന് വിവിധതരം പക്ഷികളാണ് ഓരോ ദിവസവും രാവിലെ മുതൽ വൈകുന്നേരം വരെ മാവൂർ പാടത്തെ ആകെയുള്ള ജലസ്രോതസില്‍ എത്തുന്നത്. ഏതു നിമിഷവും ഇവിടുത്തെ വെള്ളവും വറ്റാവുന്ന സ്ഥിതിയാണുള്ളത്.
ഇടയ്ക്ക് ലഭിക്കേണ്ട വേനൽമഴ കനിയാത്തതാണ് മാവൂർ പാടത്തെ കർഷകരെയും ചതിച്ചത്. ഇനി മഴ ലഭിക്കുകയാണെങ്കിൽ പോലും കൃഷിയാകെ നശിച്ച സാഹചര്യത്തിൽ ഉണ്ടായ സാമ്പത്തിക നഷ്‌ടവും അധ്വാനവും തിരിച്ചുപിടിക്കാൻ കഴിയില്ലെന്ന് സങ്കടത്തിലാണ് മാവൂർ പാടത്തെ കർഷകർ.
ALSO READ: വൈക്കത്തെ 36 ഏക്കർ വയലിൽ വൻ തീപിടിത്തം: തീയണച്ചത് നാല് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ