ഇടുക്കി: ചിന്നക്കനാലിൽ സ്‌കൂട്ടി അപകടത്തിൽ പെട്ട് നാല് വയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. ചിന്നക്കനാൽ തിടിനഗർ സ്വദേശി മണികണ്‌ഠന്‍റെ ഭാര്യ അഞ്ജലി (27), മകൾ അമേയ (നാല് ), മണികണ്‌ഠന്‍റെ സഹോദരൻ സെൽവത്തിന്‍റെ ഭാര്യ ജെൻസി (19) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിയ്‌ക്ക് സമീപം നിയന്ത്രണം നഷ്‌ടമായി വാഹനം അപകടത്തിൽപ്പെടുകയായിരുന്നു.
വൈകുന്നേരം അഞ്ച് മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളം കുമ്പളങ്ങി സ്വദേശിനിയാണ് മരിച്ച അഞ്ജലി. എറണാകുളത്തെ ഒരു സ്വകാര്യസ്ഥാപനത്തിലാണ് ഭര്‍ത്താവ് മണികണ്‌ഠൻ ജോലി ചെയ്യുന്നത്. കഴിഞ്ഞ ദിവസമാണ് ഇവർ കുടുംബസമേതം വീട്ടിലെത്തിയത്. രണ്ടു മാസം മുൻപായിരുന്നു ഷണ്മുഖവിലാസം സ്വദേശിയായ ജെൻസിയുടെയും വിവാഹം നടന്നത്.
ഉച്ചയ്ക്കുശേഷം അഞ്ജലി മകൾക്കും ജെൻസിക്കും ഒപ്പം സൂര്യനെല്ലിയിൽ പോയി തിരികെ സ്‌കൂട്ടറിൽ മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. ചെമ്പകത്തൊഴുകുടി സ്‌കൂളിന് സമീപമുള്ള കുത്തിറക്കത്തിൽ വളവ് തിരിയാതെ അഞ്ജലി ഓടിച്ച സ്‌കൂട്ടർ 25 അടിയിലധികം താഴെ ഇതേ റോഡിലേക്ക് മറിയുകയായിരുന്നു.
സ്‌കൂട്ടറിൽ നിന്ന് തെറിച്ചു വീണ് തലയ്ക്കും നെഞ്ചിനും ഗുരുതരമായി പരിക്കേറ്റ അമേയ തലക്ഷണം മരിച്ചു. അഞ്ജലിയെ അടിമാലിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചു. ഇരുവരുടെയും മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പരിക്കേറ്റ ജെൻസിയെ തേനി മെഡിക്കൽ കോളേജിലേക്ക് കൊണ്ടുപോകും വഴിയാണ് മരിച്ചത്. മൂവരുടെയും മൃതദേഹങ്ങൾ പോസ്‌റ്റ്മാർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. ശാന്തൻപാറ പൊലീസ് മേൽനടപടികൾ സ്വീകരിച്ചു.