ഇടുക്കി : ഫ്രഷ് പച്ചക്കറി കഴിക്കാൻ ആഗ്രഹിക്കാത്തവര്‍ ആരാണുള്ളത്. എന്നാൽ പച്ചക്കറിക്കായി നമുക്ക് അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സ്ഥിതിയുമാണ്. സ്വന്തമായി കൃഷിചെയ്യാൻ ആഗ്രഹമുണ്ടെങ്കിലും സ്ഥല പരിമിതിയുള്ളതിനാല്‍ അതിന് മടിക്കുന്നവരാണ് മിക്കവരും. അത്തരക്കാർക്ക് മാതൃകയാവുകയാണ് ഇടുക്കിയിലെ ഒരു അധ്യാപകൻ.
വെറും രണ്ടര സെന്‍റ് ഭൂമിയിൽ കൃഷി ഇറക്കി, വീട്ടാവശ്യത്തിനുള്ള മുഴുവൻ പച്ചക്കറിയും വിളയിക്കാമെന്ന് തെളിയിച്ചിരിയ്ക്കുകയാണ് ഇടുക്കി രാജകുമാരി സ്വദേശി സുഭാഷ്. അധ്യാപന ജീവിതത്തില്‍ ഒഴിവുസമയം കണ്ടെത്തിയാണ് സുഭാഷ് കൃഷി ആരംഭിച്ചത്. തുള്ളി നനയിലൂടെ വേനൽ ചൂടിനെ അതിജീവിച്ച് മികച്ച നേട്ടം കൊയ്യുകയാണ് ഈ കർഷകൻ.
വീട്ടിലേക്ക് വിഷ രഹിത പച്ചക്കറി ലഭ്യമാക്കുക എന്ന ലക്ഷ്യമാണ് രാജകുമാരി ഗവ വോക്കഷണൽ ഹയർ സെക്കണ്ടറി സ്‌കൂളിലെ ഈ അദ്ധ്യാപകന്‍റേത്. എട്ട് വ്യത്യസ്‌ത ഇനം ചീരകളും പയറും തക്കാളിയും വെണ്ടയും വെള്ളരിയും വഴുതനയുമെല്ലാം സുഭാഷിന്‍റെ കൃഷിയിടത്തിൽ ഉണ്ട്.
നിലവിൽ അയൽ വീടുകളിലേയ്ക്കും വിഷ രഹിത പച്ചക്കറി നൽകാനാവുന്നുണ്ടെന്ന് എൻ സുഭാഷ് പറഞ്ഞു. അടുത്ത തവണ, കൃഷി കൂടുതൽ സ്ഥലത്തേക്ക് വ്യാപിപ്പിച്ച് വലിയ അളവില്‍ പച്ചക്കറി ഉത്‌പാദിപ്പിക്കാനാണ് ഈ അധ്യാപകന്‍ ലക്ഷ്യമിടുന്നത്.
Also Read : ഹൈറേഞ്ചില്‍ ചൂട് കൂടി, ആവശ്യക്കാരും; പാഷൻ ഫ്രൂട്ട് വില ഉയർന്നു