എറണാകുളം : പുതിയ കാലഘട്ടത്തിനനുസരിച്ച് വിദ്യാർഥികളെ സജ്ജമാക്കുന്ന പ്രവർത്തനങ്ങളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തി വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കൊച്ചിയിൽ സ്‌കൂള്‍ പ്രവേശനോത്സവത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം
നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'കുരുന്നുകൾക്ക് ബാഗ് വിതരണം ചെയ്‌തപ്പോൾ കുട്ടികൾ പലരും പറഞ്ഞത് എനിക്ക് ബാഗ് ഉണ്ട് എന്നായിരുന്നു. ചിലർ ഇത് എൻ്റെ ബാഗ് അല്ല എന്നും പറയുകയുണ്ടായി. ഇത് കുട്ടികളുടെ നിഷ്‌കളങ്കതയാണ് വ്യക്തമാക്കുന്നതെ'ന്നും മുഖ്യമന്ത്രി ആമുഖമായി പറഞ്ഞു. 'പുതു തലമുറയുടെ വിദ്യാഭ്യാസം സമൂഹത്തിൻ്റെയാകെ കടമയായാണ് പൊതുവെ കാണുന്നത്. ലോക വിജ്ഞാനത്തിലുണ്ടാകുന്ന ഏതൊരു അറിവും ക്ലാസ് മുറികളിലെത്തിക്കാൻ അധ്യാപകർക്ക് കഴിയണം.
വലിയ നേട്ടങ്ങൾ കൈവരിച്ചുവെങ്കിലും, ലോകോത്തരമായ പ്രതിഭകളെ സൃഷ്‌ടിക്കാൻ കഴിയാത്തത് എന്തുകൊണ്ടെന്ന് സർക്കാർ പരിശോധിക്കും. അധ്യാപകരും ഈ വിഷയം ചിന്തിക്കേണ്ടതാണ്. ഭൗതിക ശാസ്ത്രം അനുദിനം വളരുകയാണ്. ഇതേ കുറിച്ച് എത്ര അധ്യാപകർക്ക് അറിവുണ്ട് എന്നത് സ്വയം വിമർശനാത്മകമായി പരിശോധിക്കണം.
ശാസ്ത്രത്തിന് മനുഷ്യൻ്റെ കണ്ണുതുറപ്പിക്കാനും കണ്ണുകെട്ടാനും കഴിയും. ഇതിന് ഉദാഹരണമാണ് കൊവിഡ് കാലത്ത് വാക്‌സിൻ വികസിപ്പിച്ചതും, ഹിരോഷിമയിലും നാഗസാക്കിയിലും അണുബോംബ് വർഷിച്ചതും. മാനവികതയില്‍ അധിഷ്‌ഠിതമായ ശാസ്ത്ര മുന്നേറ്റമാണ് നമുക്ക് ആവശ്യമുള്ളത്' - മുഖ്യമന്ത്രി പറഞ്ഞു.
മാതൃഭാഷാ വിദ്യാഭ്യാസം വളരെ പ്രധാനപ്പെട്ടതാണ്. അടിസ്ഥാന സൗകര്യ വിദ്യാഭ്യാസത്തോടൊപ്പം അക്കാദമിക് രംഗത്തും മാറ്റങ്ങൾ ആവശ്യമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചു. കുട്ടികൾക്ക് പാഠപുസ്‌തകങ്ങൾക്ക് അപ്പുറത്തുള്ള അറിവ് പകർന്ന് നൽകാൻ അധ്യാപകർക്ക് കഴിയണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ലോക വിജ്ഞാനഘടനയിലുണ്ടാകുന്ന ഏതൊരു അറിവും ക്ലാസ് മുറികളിൽ എത്തിക്കാൻ കഴിയും വിധം അധ്യാപകർ തയ്യാറാകണം. പുത്തൻ അറിവ് പകർന്നു നൽകുന്നത് അധ്യാപന ജീവിതത്തിൻ്റെ ഭാഗമായി കരുതണം. വിനോദത്തിനും വിജ്ഞാത്തിനും ഒട്ടേറെ ഉപാധികളുള്ള ഇടമായി കേരളത്തിലെ സ്‌കൂളുകൾ മാറി. ഇതിനെയെല്ലാം ഉപയോഗപ്പെടുത്തി മുന്നേറാൻ കുട്ടികൾക്ക് കഴിട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
കുട്ടികളുടെ വിദ്യാഭ്യാസം പരമ പ്രധാനമായി കണ്ടുള്ള നിലപാടാണ് പൊതുവിദ്യാഭ്യാസ രംഗത്ത് സർക്കാർ സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. പുതിയ കാലവും പുതിയ ലോകവുമാണ്. പുതിയ കാലത്തെയും ലോകത്തെയും നേരിടാൻ കുട്ടികൾ പ്രാപ്‌തരായിരിക്കണം. പതിമൂന്നായിരത്തിനടുത്ത് വിദ്യാലയങ്ങളും, 45 ലക്ഷത്തിലധികം വിദ്യാർഥികളും രണ്ട് ലക്ഷത്തോളം അധ്യാപകരും ഇരുപതിനായിരത്തോളം അധ്യാപകേതര ജീവനക്കാരും അടങ്ങുന്നതാണ് കേരളത്തിൻ്റെ വിദ്യാഭ്യാസ മേഖല.
ആധുനിക കേരളം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനമായി വർത്തിച്ചവയിൽ പൊതുവിദ്യാഭ്യാസ മേഖലയും ഉൾപ്പെടുന്നു. ഇതിനെ കണ്ണിലെ കൃഷ്‌ണമണി പോലെ സൂക്ഷിക്കേണ്ട ഉത്തരവാദിത്വം നമ്മുടെ നാടിനുണ്ടെന്ന് മുഖ്യമന്ത്രി ഓർമിപ്പിച്ചു. കുട്ടികളുടെ വിദ്യാഭ്യാസം കുട്ടിയുടെയും കുടുംബത്തിൻ്റെയും മാത്രമല്ല സമൂഹത്തിൻ്റെയാകെ ഉത്തരവാദിത്വമാണന്ന ബോധം പൊതുവെ സൃഷ്‌ടിക്കപ്പെട്ടിട്ടുണ്ട്.
നീതി ആയോഗിൻ്റെ സ്‌കൂൾ വിദ്യാഭ്യാസ നിലവാര സൂചികയിൽ കേരളം ഒന്നാം സ്ഥാനത്ത് എത്തിയത് ചെറിയ കാര്യമല്ല. ഇതൊക്കെ സാധ്യമാകും വിധം അക്കാദമിക്ക് രംഗത്തും അടിസ്ഥാന സൗകര്യ വികസന രംഗത്തും വലിയ മുന്നേറ്റമാണ് ഉണ്ടാക്കാൻ കഴിഞ്ഞത്. ഡിജിറ്റൽ ഡിവൈഡില്ലാതാക്കുകയെന്ന ലക്ഷ്യത്തോടെയാണ് കുട്ടികൾകൾക്ക് തുല്യ അവസരം ലഭ്യമാക്കാനുള്ള നടപടി സ്വീകരിച്ചത്.
ഒന്നര ലക്ഷത്തോളം ലാപ്പ് ടോപ്പുകൾ, എഴുപതിനായിരത്തോളം പ്രോജക്‌ടറുകൾ, രണ്ടായിരത്തോളം റോബോട്ടിക്ക് കിറ്റുകൾ ഉൾപ്പടെ സ്‌കൂളുകളിൽ ലഭ്യമാക്കി. പാഠ പുസ്‌തകങ്ങൾ പരിഷ്‌കരിച്ചു. ഗവേഷണാത്മക പഠനത്തിന് ആവശ്യമായ ലാബുകൾ തയ്യാറാക്കിയിട്ടുണ്ട്. സംസ്ഥാനത്ത് മുപ്പതിനായിരത്തിലധികം അധ്യാപകരെ പുതുതായി നിയമിച്ചതായും മുഖ്യമന്ത്രി അറിയിച്ചു. ഭിന്ന ശേഷിക്കാരായ വിദ്യാർഥികൾക്ക് ആവശ്യമായ സൗകര്യങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് ചുമതലക്കാരായി പ്രവർത്തിക്കുന്ന അധ്യാപകർ സുപ്രധാനമായ പങ്കാണ് വഹിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു.
എളമക്കര ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു വർണാഭവും പ്രൗഢവുമായ ഉദ്ഘാടന പരിപാടി. മന്ത്രി വി ശിവന്‍കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മന്ത്രി പി രാജീവ്, ഹൈബി ഈഡൻ എംപി ഉൾപ്പടെയുള്ള ജനപ്രതിനിധികൾ വിശിഷ്‌ടാതിഥികളായി പങ്കെടുത്തു. രാവിലെ 9-ന് മന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ ഒന്നാം ക്ലാസിലെ കുട്ടികളെ സ്വീകരിച്ചു. തുടര്‍ന്ന് പ്രവേശനോത്സവ ഗാനത്തിന്‍റെ ദൃശ്യാവിഷ്‌ക്കാരം എളമക്കര ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർഥികൾ അവതരിപ്പിച്ചു.
ആദ്യമായി സ്‌കൂളിലെത്തിയ കുട്ടികൾ ഏറെ ആവേശത്തിലും സന്തോഷത്തിലുമായിരുന്നു. ആദ്യ ദിവസത്തെ പതിവുകാഴ്‌ചകളായ കുട്ടികളുടെ കരച്ചിലും പരാതികളും തീരെ കുറവായിരുന്നു. പാട്ട് പാടിയും സന്തോഷം പങ്കുവച്ചും കുരുന്നുകൾ ഇടിവി ഭാരതിനോട് സംസാരിച്ചു.