തിരുവനന്തപുരം: മുന്‍ മന്ത്രി ആന്‍റണി രാജു പ്രതിയായ തൊണ്ടിമുതല്‍ കേസില്‍ നിര്‍ണായക വിധിയുമായി സുപ്രീംകോടതി. കേസില്‍ പുനരന്വേഷണവുമായി മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി ഉത്തരവിട്ടു. തൊണ്ടി മുതലിൽ അഭിഭാഷകന്‍ കൂടിയായ ആന്‍റണി രാജു കൃത്രിമം കാട്ടിയെന്ന് ആരോപിച്ചുള്ള കേസിലാണ് നിര്‍ണായക വിധി വന്നത്. മയക്കുമരുന്ന് കേസിലെ പ്രതിയെ രക്ഷിച്ചുവെന്നാണ് ആന്‍റണി രാജുവിനെതിരെയുള്ള ഗുരുതര ആരോപണം.
പുനരന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി വിധിക്കെതിരെ എംഎല്‍എ നല്‍കിയ അപ്പീലിലാണ് സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. എംഎല്‍എ വിചാരണ നേരിടണമെന്നും കോടതി വ്യക്തമാക്കി. ലഹരിമരുന്ന് കേസില്‍ പിടിയിലായ ഓസ്‌ട്രേലിയന്‍ പൗരനെ രക്ഷപെടുത്താന്‍ തൊണ്ടിമുതലില്‍ കൃത്രിമം കാട്ടിയെന്നാണ് ആന്‍റണി രാജുവിനെതിരായ കുറ്റം.
കേസിന്‍റെ നാള്‍വഴികള്‍
- 1990 ലാണ് കേസിനാസ്‌പദമായ സംഭവം നടക്കുന്നത്. 1990 ഏപ്രില്‍ 4ന് അടിവസ്ത്രത്തിലൊളിപ്പിച്ച 61 ഗ്രാം ഹാഷിഷുമായി ഓസ്ട്രേലിയക്കാരന്‍ ആന്‍ഡ്രൂ സാല്‍വദോര്‍ സര്‍വലി തിരുവനന്തപുരം വിമാനത്താവളത്തില്‍ പിടിയിലാകുന്നു. ഇതിനുപിന്നാലെ തിരുവനന്തപുരം സെഷന്‍സ് കോടതി കേസില്‍ വാദം കേട്ടു.
- ആന്‍റണി രാജു പ്രതിയുടെ വക്കാലത്തെടുത്തെങ്കിലും കേസ് തോറ്റു. 10 വര്‍ഷം തടവും ഒരുലക്ഷം രൂപ പിഴയും വിധിച്ച് തിരുവനന്തപുരം സെഷന്‍സ് കോടതി ഉത്തരവിറക്കി. എന്നാല്‍ തൊട്ടുപിന്നാലെ ഹൈക്കോടതിയില്‍ അപ്പീല്‍ ഫയല്‍ ചെയ്‌തു. എന്നാല്‍, ഹൈക്കോടതി പ്രതിയെ വെറുതെവിട്ടു. കേസിലെ പ്രധാന തൊണ്ടിമുതലായ അടിവസ്ത്രം പ്രതിയുടേതല്ലെന്ന വാദമാണ് പ്രതിയെ വെറുതെ വിടാന്‍ പ്രധാന കാരണമായി കോടതി അന്ന് ചൂണ്ടിക്കാട്ടിയത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
- അടിവസ്ത്രം പ്രതിക്ക് ഇടാന്‍ കഴിയില്ലെന്ന് ഹൈക്കോടതിക്ക് ബോധ്യപ്പെടുകയും, ഇതിന്‍റെ അടിസ്ഥാനത്തില്‍ കോടതി പ്രതിയെ വെറുതെ വിടുകയും ചെയ്‌തു. ഇതിനുപിന്നാലെ പ്രതി ആന്‍ഡ്രൂ രാജ്യം വിട്ടു. ഒസ്ട്രേലിയിലേക്ക് കടന്ന പ്രതി അവിടെ ഒരു കൊലക്കേസിൽ അകപെട്ടു.
- അവിടെ മെൽബണില്‍ ശിക്ഷയനുഭവിക്കുന്ന പ്രതി ആൻഡ്രു സഹതടവുകാരനോട് കേരളത്തിലെ കേസിൽ, അഭിഭാഷകന്‍റെയും കോടതിയിലെ ക്ലാർക്കിന്‍റെയും സഹായത്തോടെ അടിവസ്ത്രം മാറ്റി കുറ്റവിമുക്തനായ കാര്യം വെളിപ്പെടുത്തുകയായിരുന്നു.
- സഹതടവുകാരൻ ഈ വിവരം കൊലക്കേസ് അന്വേഷിച്ച സംഘത്തിന് കൈമാറി. 1996 ജനുവരി 25 ന് രേഖപ്പെടുത്തിയ ഈ മൊഴി ഓസ്‌ട്രേലിയയിലെ ഇന്‍റര്‍പോൾ യൂണിറ്റ് ഇന്ത്യയിലെ ഇന്‍റര്‍പോള്‍ യൂണിറ്റായ സിബിഐക്ക് അയച്ചു.
- സിബിഐ ഡൽഹി ആസ്ഥാനത്തു നിന്നാണ് ഈ കത്ത് കേരളാ പൊലീസിന് ലഭിച്ചു. ഇതോടെ കേസില്‍ കൃത്രിമം നടന്നുവെന്ന് ചൂണ്ടിക്കാട്ടി അന്വേഷണ ഉദ്യോഗസ്ഥനായ ജയമോഹന്‍ ഹൈക്കോടതി വിജിലന്‍സിന് പരാതി നല്‍കി. മൂന്നു വര്‍ഷത്തെ പരിശോധനയ്ക്കുശേഷം ഇക്കാര്യം അന്വേഷിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു.
- 2005-ല്‍ കേസ് പുനരന്വേഷിക്കാന്‍ ഐജിയായിരുന്ന ടി.പി. സെന്‍കുമാര്‍ ഉത്തരവിട്ടു. ആന്‍റണി രാജു, കോടതി ജീവനക്കാരനായ ജോസ് എന്നിവരായിരുന്നു കേസിലെ ഒന്നും രണ്ടും പ്രതികള്‍. 2006-ല്‍ വഞ്ചിയൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കിയെങ്കിലും 8 വര്‍ഷം കേസ് വെളിച്ചം കണ്ടില്ല.
- 2014-ല്‍ പ്രത്യേക ഉത്തരവിറക്കി കേസ് നെടുമങ്ങാട് കോടതിയിലേക്ക് മാറ്റി. വിചാരണയില്‍ ആന്‍റണി രാജു ഹാജരാകാത്തതിനാല്‍ 22 തവണയോളം കേസ് മാറ്റിവച്ചു. ഈ കേസിലാണ് നടപടിയുമായി മുന്നോട്ട് പോകാമെന്ന് സുപ്രീംകോടതി ഇപ്പോള്‍ അറിയിച്ചത്.
Read Also: സാമ്പത്തിക ക്രമക്കേട് ആരോപണത്തിന് പിന്നാലെ ഒളിവില്‍ പോയ സഹകരണ സംഘം പ്രസിഡൻ്റ് മരിച്ച നിലയിൽ