കാസർകോട്: മഴക്കാലത്ത് അസുഖങ്ങളെ പോലെ തന്നെ പാമ്പ് അടക്കമുള്ള ഇഴജന്തുക്കളേയും ഏറെ ഭയക്കണം. ഈ സാഹചര്യത്തില്‍ പാമ്പുകടി ഏല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ വിശദീകരിക്കുകയാണ് വനം വകുപ്പിന്‍റെ സർപ്പ ആപ്പിന്‍റെ ഫെസിലിറ്റെറ്റർ കെടി സന്തോഷ്.
മഴ ശക്തിപ്പെടുന്നതോടെ മാളങ്ങള്‍ ഇല്ലാതാകുന്ന സ്ഥിതിയുണ്ടാകും. അതോടെ പാമ്പുകള്‍ പുറത്തിറങ്ങും. അവ ജനവാസ പ്രദേശങ്ങളിലേക്കെത്തും. വീടിനകത്തും വിറകുപുരയിലും സ്‌കൂട്ടറിലും ഷൂസുകളിലും വളർത്ത് മൃഗങ്ങളുടെ കൂടിന് സമീപത്തും ചെടികൾക്ക് ഉള്ളിലും പാമ്പുകള്‍ താവളമാക്കിയേക്കാം. വീടും പരിസരവും ശുചിയായി സൂക്ഷിച്ചില്ലെങ്കില്‍ അത് അപകടങ്ങളെ വിളിച്ചുവരുത്തുമെന്ന് സന്തോഷ് പറയുന്നു.
സർപ്പ ആപ്പ് ഫലപ്രദം: സംസ്ഥാനത്ത് മുൻ വർഷങ്ങളിൽ നിരവധി പേർക്ക് പാമ്പ് കടിയേറ്റിരുന്നു. പാമ്പ് കടിയേല്‍ക്കുന്നത് കുറയ്‌ക്കുന്നതില്‍ വനം വകുപ്പിന്‍റെ സർപ്പ ആപ്പിന് നിർണായക പങ്കുണ്ട്. 2020 മുതൽ 2024 വരെയുള്ള കണക്ക് നോക്കിയാൽ റിപ്പോർട്ട് ചെയ്യപ്പെട്ട 90 ശതമാനത്തിലധികം പാമ്പുകളെ പിടികൂടിയിട്ടുണ്ടെന്ന് വ്യക്തമാകും.
36,501 പാമ്പുകളെയാണ് നാല് വർഷത്തിനിടെ പിടിച്ചത്. 2019ൽ 130ലേറെ പേർ മരിച്ച സംസ്ഥാനത്ത് 2023ൽ മരണം 40 മാത്രം. ഓരോ വർഷവും പാമ്പുകൾ പെരുകുന്നുവെന്നും കണക്കുകൾ ചൂണ്ടിക്കാട്ടുന്നു. കേരളത്തിലെ എല്ലാ ജില്ലകളിലുമായി 732 അംഗീകൃത റെസ്‌ക്യൂവർമാർ SARPA ടീം ആയി പ്രവർത്തിക്കുന്നുണ്ട്. പാമ്പുകളുടെ പ്രാധാന്യം മനസിലാക്കി, പൂർണമായ സന്നദ്ധസേവനമാണ് ഇവർ സമൂഹത്തിന് നൽകി വരുന്നത്.
പാമ്പുകടിയേൽക്കുമ്പോഴും എന്തിന് പറമ്പിലോ, പൊതുയിടങ്ങളിലോ ഒക്കെ വെറുതെ കാണുമ്പോൾ പോലും ഭീതിയോടെയും വെറുപ്പോടെയും പാമ്പുകളെ തല്ലിക്കൊല്ലാറായിരുന്നു മുൻകാലങ്ങളിലെ പതിവ് അതൊക്കെ മാറി വരികയാണ്. അതുകൊണ്ട് തന്നെ ലോക പാമ്പ് ദിനത്തിൽ SARPA പറയുന്നു പാമ്പിനെ കൊല്ലരുത് ഞങ്ങളെ വിളിക്കൂ എന്ന്.
ഏതൊക്കെ പാമ്പുകളെ പേടിക്കണം: നമ്മുടെ ചുറ്റിലും നിരവധി പാമ്പുകൾ ഉണ്ട്. എന്നാൽ അവയെ എല്ലാം പേടിക്കേണ്ട. നാലിനത്തിന് മാത്രമെ ഭയപ്പെടേണ്ടത്ര വിഷമുള്ളു. മൂർഖൻ (Cobra), രാജവെമ്പാല (King Cobra), വെള്ളികെട്ടൻ/ശംഖുവരയൻ (Krait) അണലി (Russels Viper) എന്നീ ഇനങ്ങളാണ് നമ്മുടെ നാട്ടിലെ 'venomous snakes'. ഇതിൽത്തന്നെ രാജവെമ്പാല വന്യ ആവാസ മേഖലകളിലാണ് സാധാരണ കണ്ടുവരുന്നത്. ഈ വിഷപ്പാമ്പുകളെ കൃത്യമായി തിരിച്ചറിയാനായാൽ ഇതുമായി ബന്ധപ്പെട്ട പല പ്രശ്‌നങ്ങളും ഒഴിവാക്കാനോ ലഘൂകരിക്കാനോ സാധിക്കും.
പാമ്പുകൾ നിസാരക്കാരല്ല: പ്ലേഗുപോലെ പല സാംക്രമിക രോഗങ്ങൾ ഒഴിവാക്കുന്നതിലും കൃഷി സംരക്ഷിക്കുന്നതിനും പാമ്പുകൾ പ്രധാനികളാണ്. കാൻസർ പ്രതിരോധവും ചികിത്സയുമുൾപ്പെടെയുള്ള പല മെഡിക്കൽ ഗവേഷണങ്ങളിലും പാമ്പിൻ വിഷം ഒരു പ്രധാന ഘടകമാണ്. കൂടാതെ പാമ്പിൻ മുട്ടയും പാമ്പുകളുമൊക്കെ മറ്റ് പല ജീവികളുടെ ഭക്ഷണവുമാണ്.
ഉടൻ ചികിത്സ തേടുക: പാമ്പുകടിയേറ്റെന്ന് ഉറപ്പായാൽ ഏതിനം പാമ്പ് എന്ന് മനസിലാക്കുന്നതിൽ തെറ്റില്ല. പക്ഷെ അതിനായി കൂടുതൽ സമയം പാഴാക്കി കടിയേറ്റയാൾക്ക് ചികിത്സ വൈകാൻ പാടില്ല. ഉടൻ തന്നെ മികച്ച ചികിത്സ നൽകുക.