ഇടുക്കി: രാജി വയ്ക്കണമെന്ന സിപിഎം ആവശ്യം തള്ളി തൊടുപുഴ നഗരസഭ ചെയർമാൻ സനീഷ് ജോർജ്. കൈക്കൂലി കേസിൽ നിരപരാധിത്വം തെളിയിക്കും. പാർട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തും. പറയേണ്ടതെല്ലാം പറയേണ്ട സമയത്തd പറയുമെന്നും ചെയർമാൻ തൊടുപുഴയിൽ വ്യക്തമാക്കി.
കൈക്കൂലിക്കേസിൽ പ്രതിയായതോടെ സിപിഎം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല. നേതൃത്വം അറിയാതെ വൈസ് ചെയർപേഴ്‌സണെ ചുമതലയേൽപ്പിച്ചതും പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമെന്നാണ് സൂചന. വിജിലൻസിൽ ഹാജരാകുവാൻ നോട്ടീസ് നൽകിയെങ്കിലും ചെയർമാൻ ഹാജരായില്ല.
തൊടുപുഴയിലെ സ്വകാര്യ സ്‌കൂളിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്നതിനായി ഒരുലക്ഷം രൂപ കൈപ്പറ്റുന്നതിനിടെയാണ് അസിസ്റ്റന്‍റ് എഞ്ചിനിയർ സിടി അജിയെയും ഇടനിലക്കാരൻ റോഷനെയും വിജിലൻസ് പിടികൂടിയത്. നഗരസഭ ചെയർമാൻ സനീഷ് ജോർജ് കേസിലെ രണ്ടാം പ്രതിയാണ്.
വിജിലൻസ് കേസെടുത്തതിന് പിന്നാലെ വിശദീകരണം തേടിയ സിപിഎം ജില്ല നേതൃത്വം രാജി ആവശ്യപ്പെട്ടെങ്കിലും സനീഷ് ജോർജ് വഴങ്ങിയിട്ടില്ല. ആദ്യം രാജി സന്നദ്ധത അറിയിച്ച ചെയർമാൻ പിന്നീട് മലക്കം മറിഞ്ഞത് പുതിയ രാഷ്ട്രീയ നീക്കങ്ങളുടെ ഭാഗമാണെന്നാണ് സൂചന.
നവകേരളസദസിനടക്കം പലരിൽ നിന്നായി പണം പിരിച്ചെന്ന ആരോപണം പ്രതിപക്ഷപാർട്ടികൾ ഉന്നയിക്കുന്നുണ്ട്. രാജി വെക്കേണ്ടി വന്നാൽ ഇതടക്കമുള്ള കാര്യങ്ങൾ വെളിപ്പെടുത്തുമെന്ന മുന്നറിയിപ്പും സനീഷ് ജോർജ് പാർട്ടിനേതൃത്വത്തിന് നൽകിയെന്നാണ് വിവരം. നഗരസഭ ഭരണം നിലനിർത്താൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് സിപിഎം.
കോണ്‍ഗ്രസ് വിമതനായി വിജയിച്ച സനീഷ് ജോര്‍ജിനെയും മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ജെസി ജോണിയെയും ഒപ്പം ചേര്‍ത്താണ് എൽഡിഎഫ് നഗരസഭ ഭരണം പിടിച്ചത്. ജെസി ജോണിയെ പിന്നീട് കൂറുമാറ്റ നിരോധന നിയമ പ്രകാരം കോടതി അയോഗ്യയാക്കിയിരുന്നു.
35 അംഗ ഭരണസമിതിയിൽ എൽഡിഎഫിന് പതിനാലും യുഡിഎഫിന് പന്ത്രണ്ടും ബിജെപിക്ക് എട്ടും അംഗങ്ങളാണ് നിലവിലുള്ളത്. അതേസമയം വിജിലൻസിൽ ഹാജരാകുവാൻ പറഞ്ഞ് നഗരസഭ ചെയർമാന് നോട്ടീസ് നൽകിയെങ്കിലും ചെയർമാൻ ഹാജരായിട്ടില്ല. ചെയർമാൻ നഗരസഭയിൽ 15 ദിവസത്തെ അവധിക്കും അപേക്ഷ നൽകിയിട്ടുണ്ട്.
ALSO READ: സജിമോനെ സിപിഎം തിരിച്ചെടുത്തത് ഇപി ജയരാജൻ ഇടപെട്ട്; ആരോപണവുമായി അതിജീവിതയുടെ സഹോദരൻ