പത്തനംതിട്ട : മൈലപ്രയിൽ ശബരിമല തീർഥാടകർ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് സ്വകാര്യ ബസിലും ഓട്ടോറിക്ഷയിലും ഇടിച്ചു. അപകടത്തിൽ പതിനൊന്ന് പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതേസമയം ആരുടേയും പരിക്ക് ഗുരുതരമല്ല.
ഇന്നലെ (ഡിസംബര്‍ 5) ഉച്ചതിരിഞ്ഞ് മൂന്ന് മണിയോടെയാണ് മൈലപ്ര പള്ളിപ്പടിക്ക് സമീപം അപകടം ഉണ്ടായത്. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ ആന്ധ്രാപ്രദേശ് സ്വദേശികളായ അയ്യപ്പഭക്തർ സഞ്ചരിച്ച കാറാണ് അപകടത്തിൽ പെട്ടത്. അമിതവേഗത്തിൽ കാർ വരുന്നത് കണ്ട് ഡ്രൈവർ ബസ് വശത്തേക്ക് ഒതുക്കി നിർത്തിയെങ്കിലും കാർ ബസിൽ വന്നിടിച്ച് റോഡിൽ വട്ടംകറങ്ങി പിന്നാലെ വന്ന ഓട്ടോറിക്ഷയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഇടിയുടെ ആഘാതത്തിൽ ബസിൻ്റെ വലത് വശം ഇളകിപ്പോയി. ഓട്ടോറിക്ഷ തലകീഴായി മറിയുകയും ചെയ്‌തു. ബസിലും ഓട്ടോറിക്ഷയിലും യാത്ര ചെയ്‌തിരുന്ന ശോഭനകുമാരി, അനിത ജോൺ, മോളി ജോൺ, ലക്ഷ്‌മി, ലീല, അച്യുതൻ, സതീഷ് കുമാർ എന്നിവർക്കും, അന്ധ്രാപ്രദേശ് ഹസനപുരം സ്വദേശികളുമായ സബറായിഡു, വെങ്കിട്ട കൃഷ്‌ണ, സോമനാഥ സിൻഹ, രവീന്ദ്ര എന്നിവർക്കും പരിക്കേറ്റു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആരുടേയും പരിക്ക് സാരമുള്ളതല്ലെന്ന് പത്തനംതിട്ട ജനറൽ ആശുപത്രി അധികൃതർ അറിയിച്ചു. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് പൊലീസിൻ്റെ നിഗമനം. അപകടത്തെ തുടർന്ന് കാറിൻ്റെ ഡീസൽ ചോർന്ന് റോഡിൽ ഒഴുകിയത് ഫയർഫോഴ്‌സ് വെള്ളമടിച്ച് നീക്കിയ ശേഷം വാഹനങ്ങൾ മാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
ശബരിമലയില്‍ പൊലീസിന്‍റെ മൂന്നാം ബാച്ച് :
ശബരിമലയിൽ പൊലീസിൻ്റെ മൂന്നാമത്തെ ബാച്ച് ചുമതലയേറ്റു. പുതിയതായി 10 ഡിവൈഎസ്‌പിമാരുടെ കീഴിൽ 30 സിഐമാരും 100 എസ്‌ഐമാരും 1550 സിവിൽ പൊലീസ് ഓഫിസർമാരുമാണ് വെള്ളിയാഴ്‌ച ചുമതലയേറ്റത്. സന്നിധാനം പൊലീസ് സ്‌പെഷ്യൽ ഓഫിസറായ പി ബിജോയ് (പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പാൾ), ജോയിന്‍റ് സ്‌പെഷ്യൽ ഓഫിസർ ശക്തി സിങ് ആര്യ (പെരുമ്പാവൂർ എഎസ്‌പി), അസി. സ്‌പെഷ്യൽ ഓഫിസറായ ടിഎൻ സജീവ് (അഡിഷണൽ എസ്‌പി വയനാട്) എന്നിവരുടെ നേതൃത്വത്തിലാണ് പൊലീസിൻ്റെ പുതിയ ബാച്ചിനെ വിന്യസിച്ചിരിക്കുന്നത്.
അയ്യപ്പ ഭക്തന്മാർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിനായി എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്‌പെഷ്യൽ ഓഫിസർ പി ബിജോയ് നിർദേശം നൽകി. തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരി പീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയബാച്ചിനെ വിന്യസിക്കും. ഡിസംബർ 16 വരെയാണ് ഇവരുടെ കാലാവധി.
Also Read: ശബരിമലയിലെ തീര്‍ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; വിശദമായ കണക്ക് പുറത്ത്