പത്തനംതിട്ട : സന്നിധാനത്ത് കൂട്ടം തെറ്റി അലഞ്ഞ മാളികപ്പുറത്തിന് തുണയായത് പൊലീസിൻ്റെ റിസ്‌റ്റ്ബാന്‍ഡ്. ബന്ധുക്കൾക്കൊപ്പം നടപ്പന്തലിൽ എത്തിയ ഊട്ടി സ്വദേശിനിയായ ശിവാർഥികയ്ക്കാണ് പൊലീസും റിസ്‌റ്റ്ബാൻഡും തുണയായത്.
സന്നിധാനത്തെ തിരക്കിനിടെ കൂട്ടം തെറ്റിപ്പോയ ശിവാര്‍ഥിക പിതാവിനെ തെരഞ്ഞു നടന്നപ്പോഴാണ് സിവിൽ പൊലീസ് ഓഫീസറായ അക്ഷയിന്‍റെയും തൃശൂർ ട്രാഫിക് എൻഫോഴ്‌സ്‌മെന്‍റ് യൂണിറ്റിലെ സിപിഒ ശ്രീജിത്തിന്‍റെയും ശ്രദ്ധയില്‍പ്പെടുന്നത്. കുട്ടിയുടെ കരച്ചിൽ കണ്ട് വിവരം തിരക്കിയപ്പോഴാണ് കാര്യം മനസിലായത്. ഉടന്‍ റിസ്‌റ്റ് ബാൻഡിൽ രേഖപ്പെടുത്തിയ നമ്പറിൽ ബന്ധപ്പെട്ടു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തുടർന്ന് പിതാവ് വിഘ്നേഷ് എത്തിയതോടെ ശിവാർഥികയുടെ കരച്ചിൽ ആശ്വാസച്ചിരിയായി. പൊലീസ് അങ്കിൾമാർക്ക് നന്ദി പറഞ്ഞാണ് മാളികപ്പുറം പിതാവിനൊപ്പം മല ചവിട്ടിയത്. കേരള പൊലീസിന്‍റെ റിസ്‌റ്റ് ബാന്‍ഡ് സംവിധാനം ഇത്തരത്തിൽ നിരവധി കുട്ടികൾക്ക് ആശ്വാസമായിട്ടുണ്ട്.
10 വയസിൽ താഴെയുള്ള 5000ല്‍ അധികം കുട്ടികൾക്കാണ് പൊലീസ് ഇതുവരെ റിസ്റ്റ് ബാൻഡ് ധരിപ്പിച്ചത്. പമ്പയിൽ നിന്നും വനിതാ പൊലീസിൻ്റെ നേതൃത്വത്തിലാണ് ഈ കരുതൽ നടപടി. വയോധികർ, തീവ്ര ഭിന്നശേഷിക്കാർ എന്നിവർക്കും കൂട്ടം തെറ്റിയാൽ ഒപ്പമുള്ളവരുടെ അടുത്തെത്താൻ പൊലീസ് നെക് ബാൻഡ് ധരിപ്പിക്കുന്നുണ്ട്.
പേര്, സ്ഥലം, ഒപ്പമുള്ളയാളുടെ ഫോൺ നമ്പർ എന്നിവയാണ് റിസ്റ്റ് ബാൻഡിൽ രേഖപ്പെടുത്തുന്നത്. കുട്ടികളടക്കം പ്രതിദിനം അഞ്ഞൂറിലധികം പേർക്ക് ബാൻഡ് ധരിപ്പിക്കുന്നതായി പൊലീസ് അറിയിച്ചു. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർത്ഥാടകർക്കാണ് ഈ സംവിധാനം വലിയ സഹായമാകുന്നത്.
കൂട്ടം തെറ്റിയാല്‍ ഇനി ക്യുആർ കോഡ് ബാൻഡ് തുണയാകും
പത്തനംതിട്ട: ശബരിമലയിലെത്തുന്ന കുട്ടികൾ കുടുംബാംഗങ്ങളിൽ നിന്നും കൂട്ടം തെറ്റി പോകുന്ന സാഹചര്യങ്ങളിൽ അവരെ കണ്ടെത്താന്‍ പ്രയോജനപ്പെടുന്ന ക്യുആർ കോഡ് ബാൻഡ് പുറത്തിറക്കി. ടെലികോം ഓപ്പറേറ്ററായ 'വി' യുടെ സഹകരണത്തോടെയാണ് പുതിയ ബാന്‍ഡ് അവതരിപ്പിച്ചത്.
വോഡഫോൺ ഐഡിയ ലിമിറ്റഡ് കേരള വൈസ് പ്രസിഡന്‍റും സർക്കിൾ ഓപ്പറേഷൻസ് വിഭാഗം മേധാവിയുമായ ബിനു ജോസ്, അഡീഷണൽ എസ് പി ആർ ബിനു, സൈബർ സെൽ എസ് ഐ പി ബി അരവിന്ദാക്ഷൻ നായർ എന്നിവരുടെ സാന്നിധ്യത്തിൽ ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ ക്യൂആർ കോഡ് ബാൻഡ് ഔദ്യോഗികമായി അവതരിപ്പിച്ചു.
ഇന്ന് (06-12-2024) രാവിലെ ജില്ലാ പൊലീസ് മേധാവിയുടെ കാര്യാലയത്തിൽ നടന്ന ചടങ്ങിലാണ് ബാന്‍ഡ് അവതരിപ്പിച്ചത്. പമ്പയിലെ വി സുരക്ഷാ കിയോസ്‌ക് സന്ദർശിച്ച് രക്ഷിതാവിന്‍റേയോ കുടുംബാംഗത്തിന്‍റേയോ മൊബൈൽ നമ്പരിൽ രജിസ്‌റ്റർ ചെയ്‌ത് ബാൻഡ് ലഭ്യമാക്കാം.
ഇത് കുട്ടിയുടെ കയ്യിൽ കെട്ടാവുന്നതാണ്. കൂട്ടം തെറ്റിപ്പോയ കുട്ടിയെ കണ്ടെത്തുമ്പോൾ അടുത്തുള്ള പൊലീസ് ചെക്ക് പോസ്‌റ്റിൽ ഏല്പ്പിക്കുക. പൊലീസ് ഉദ്യോഗസ്ഥര്‍ കോഡ് സ്‌കാൻ ചെയ്‌ത് രക്ഷിതാവിന്‍റെയോ കുടുംബാംഗത്തിന്‍റെയോ രജിസ്‌റ്റർ ചെയ്‌ത നമ്പരില്‍ ബന്ധപ്പെടും. തുടര്‍ന്ന് ബൂത്തിൽ വന്ന് രക്ഷിതാക്കൾക്ക് കുട്ടിയെ കൂട്ടാൻ സാധിക്കും.
സാങ്കേതിക വിദ്യ ജീവിതത്തിന്‍റെ എല്ലാ മേഖലകളിലും നിർണായകമായ കാലഘട്ടത്തിൽ ശബരിമല തീർത്ഥാടന കാലത്ത് അഭിമുഖീകരിക്കുന്ന ആശങ്കകളിലൊന്ന് പരിഹരിക്കുന്നതിന് വി യുമായി സഹകരിച്ച് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിൽ സന്തോഷമുണ്ടെന്ന് ജില്ലാ പൊലീസ് മേധാവി വി ജി വിനോദ് കുമാർ പറഞ്ഞു. കൂട്ടം തെറ്റുന്ന കുട്ടികളെ സുരക്ഷിതരായി രക്ഷാകർത്താക്കൾക്ക് തിരികെ ഏൽപ്പിക്കുന്നതിൽ ഇത് ഭക്തർക്ക് വളരയെധികം ഗുണപ്രദമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മണ്ഡലകാലത്ത് പ്രത്യേകിച്ച് മകരവിളക്ക് സമയത്തെ തിരക്കിൽ കൂട്ടികൾ കൂട്ടം തെറ്റുന്നത് പതിവാണ്. ഇത്തരം സന്ദർഭങ്ങളിൽ പൊലീസിന് വി യുടെ ക്യൂആർ കോഡ് ബാൻഡ് വളരെയധികം സഹായകരമാകുമെന്ന് ബിനു ജോസ് പറഞ്ഞു. രാജ്യത്തെ ഏറ്റവും വലിയ തിരക്കുള്ള ശബരിമല തീർത്ഥാടന കാലം ഡ്യൂട്ടി ചെയ്യുന്ന പൊലീസിന്‍റെ ശ്രമങ്ങൾക്ക് പിന്തുണ നൽകുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
അരവണ വിൽപ്പനയിൽ റെക്കോർഡ് വർധന
പത്തനംതിട്ട: മണ്ഡല കാലം 20 ദിവസം പിന്നിടുമ്പോള്‍ ശബരിമലയിൽ അരവണ, അപ്പം വിൽപ്പനയിൽ റെക്കോർഡ് വർധന. നവംബർ 16 മുതൽ ഡിസംബർ 5 വരെ 60,54,95,040 രൂപയുടെ വിൽപ്പന നടന്നതായി ദേവസ്വം ബോർഡ് അറിയിച്ചു.
കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42,20,15,585 രൂപയാണ് അപ്പം, അരവണ വില്‍പ്പനയിൽ ലഭിച്ചത്. ഈ വർഷം ഡിസംബർ 5 വരെ അരവണ വിൽപ്പനയിലൂടെ 54,37,00,500 രൂപയും അപ്പം വിൽപ്പനയിലൂടെ 6,17,94,540 രൂപയും ലഭിച്ചു. 18,34,79,455 രൂപയാണ് ഇക്കുറി വർധനയുണ്ടായത്.
ആദ്യ പന്ത്രണ്ട് ദിവസത്തിനുള്ളിൽ അപ്പം വിറ്റുവരവ് 3,53,28,555 രൂപയായിരുന്നു . അരവണ വില്‍പ്പന 28,93,86,310 രൂപയും.
സന്നിധാനത്തെ ആഴിക്ക് സമീപത്തുള്ള 10 കൗണ്ടറുകളിലൂടെയും മാളികപ്പുറത്തുള്ള എട്ട് കൗണ്ടറുകളിലൂടെയുമാണ് അപ്പം, അരവണ വിൽപ്പന നടക്കുന്നത്. അയ്യപ്പ ഭക്തർക്ക് പോസ്റ്റലായും അപ്പവും അരവണയും വാങ്ങാനുള്ള സംവിധാനവും ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.
ശബരിമലയിൽ പൊലീസിൻ്റെ മൂന്നാം ബാച്ച്
പത്തനംതിട്ട: ശബരിമലയിൽ പൊലീസിൻ്റെ മൂന്നാം ബാച്ച് ചുമതലയേറ്റു. 10 ഡി വൈ എസ് പി മാരും, 30 സി ഐ മാരും, 100 എസ് ഐ മാരും, 1550 സിവിൽ പൊലീസ് ഓഫീസർമാരുമാണ് ഇന്ന് (വെളളി) ചുമതലയേറ്റത്.
സന്നിധാനം സ്‌പെഷ്യൽ ഓഫീസറായ പി ബിജോയ് (പൊലീസ് ട്രെയിനിങ് കോളജ് പ്രിൻസിപ്പാൾ) ജോയിൻ്റ് സ്‌പെഷ്യൽ ഓഫീസർ ശക്തി സിങ് ആര്യ ( പെരുമ്പാവൂർ എ എസ് പി ) അസിസ്‌റ്റൻ്റ് സ്‌പെഷ്യൽ ഓഫീസർ ടി എൻ സജീവ് (വയനാട് അഡീഷണൽ എസ് പി) എന്നിവരുടെ നേതൃത്വത്തിലാണ് പുതിയ ബാച്ചിനെ വിന്യസിച്ചത്.
അയ്യപ്പ ഭക്തർക്ക് സുഗമമായ ദർശനം ഒരുക്കണമെന്നും അവരുടെ സുരക്ഷയും സംരക്ഷണവും ഉറപ്പാക്കുന്നതിന് എല്ലാ പൊലീസ് ഉദ്യോഗസ്ഥരും പ്രത്യേകം ശ്രദ്ധിക്കണമെന്നും സന്നിധാനം സ്പെഷ്യൽ ഓഫീസർ പി ബിജോയ് നിർദേശം നൽകി.
തിരക്ക് നിയന്ത്രിക്കുന്നതിനായി ശബരീപീഠം മുതൽ പാണ്ടിത്താവളം വരെ 10 ഡിവിഷനുകളിലായി പുതിയ ബാച്ചിലെ പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കും. ഡിസംബർ 16 വരെയാണ് മൂന്നാം ബാച്ചിൻ്റെ കാലാവധി.
സന്നിധാനത്ത് തിരക്കേറുന്നു
ശബരിമലയിൽ ഇന്ന് രാവിലെ മൂന്നിന് നട തുറന്നത് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ 53,160 തീർഥാടകരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങ്ങിലൂടെ 10,462 പേർ ദർശനം നടത്തി. ഇന്നലെ ആകെ 83,924 പേരാണ് ദർശനം നടത്തിയത്. തത്സമയ ബുക്കിങ്ങി ലൂടെ 15,032 പേരും ദർശനം നടത്തി. പമ്പ വഴി 82,616 പേരും പുല്ലുമേട് വഴി 1308 പേരും ദർശനം നടത്തി.
ചുക്കുവെള്ളം ശബരി പീഠം വരെ ലഭ്യമാകും
പത്തനംതിട്ട: തീർഥാടകർക്ക് ദാഹവും ക്ഷീണവുമകറ്റാൻ ദേവസ്വം ബോർഡ് വിതരണം ചെയ്‌തു വരുന്ന ചുക്കുവെള്ളം ഇനി മുതൽ പതിനെട്ടാം പടി മുതൽ ശബരി പീഠം വരെ ലഭ്യമാകും. ഇതിനായി ശബരി പീഠം വരെ ദേവസ്വം ബോർഡ് പൈപ്പ് ലൈൻ സ്ഥാപിച്ചു. ശരംകുത്തിയിലെ ബോയിലർ പ്ലാൻ്റിൽ നിന്നും നേരിട്ടാണ് തീർഥാടന പാതയിൽ പൈപ്പിലൂടെ ചുക്ക് വെള്ളമെത്തിക്കുന്നത്.
പാചക വാതകം ഉപയോഗപ്പെടുത്തിയാണ് ഈ പ്രദേശങ്ങളിൽ നേരത്തെ ചുക്കുവെള്ളം തയാറാക്കിയിരുന്നത്. ചുക്കുവെള്ളം പൈപ്പിൽ നൽകുന്നതോടെ പാചകവാതക ചെലവും ജീവനക്കാരുടെ അധിക സേവനവും ലാഭിക്കാനാകും. ഉരക്കുഴി മുതൽ നീലിമല വരെ 73 കേന്ദ്രങ്ങളിലാണ് ചുക്കുവെള്ളം നൽകി വരുന്നത്. ചുക്ക്, പതിമുഖം, രാമച്ചം എന്നിവ ചേർത്താണ് വെള്ളം തയ്യാറാക്കുന്നത്.
Also Read: ദിലീപിന്‍റെ വിഐപി ശബരിമല ദർശനം 'ഭക്തരെ തടസപ്പെടുത്തി'; സിസിടിവി ദൃശ്യങ്ങൾ ഹാജരാക്കണമെന്ന് ഹൈക്കോടതി