പത്തനംതിട്ട: ഈ വർഷത്തെ ശബരിമല ക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ നടക്കുമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. തന്ത്രി കണ്‌ഠര് രാജീവരുടെ കാർമികത്വത്തിലാണ് പൂജ നടക്കുകയെന്ന് പ്രസിഡൻ്റ് പി എസ് പ്രശാന്തും ബോർഡ് അംഗം എ അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു. ഡിസംബർ 22ന് രാവിലെ ആറന്മുള പാർഥ സാരഥി ക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്കഅങ്കി രഥ ഘോഷയാത്ര ബുധനാഴ്‌ച (ഡിസംബർ 25) ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും.
പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും. വൈകിട്ട് ആറുമണിക്ക് സന്നിധാനത്ത് എത്തിച്ചേരുന്ന തങ്കഅങ്കി ഘോഷയാത്രയെ കൊടിമരച്ചുവട്ടിൽവെച്ച് ദേവസ്വം ബോർഡ് പ്രസിഡൻ്റും അംഗങ്ങളും ചേർന്ന് സ്വീകരിക്കും. തുടർന്ന് തങ്കഅങ്കി ചാർത്തിയുള്ള ദീപാരാധന നടക്കും.
ഡിസംബർ 26ന് നെയ്യഭിഷേകം ഉൾപ്പെടയുള്ള ചടങ്ങുകൾ ഉണ്ടാകും. അന്ന് വൈകിട്ട് രാത്രി പതിനൊന്നു മണിക്ക് ഹരിവരാസനം പാടി നട അടക്കുന്നതോടെ മണ്ഡലപൂജയുമായി ബന്ധപ്പെട്ട ചടങ്ങുകൾ അവസാനിക്കും. ഡിസംബർ 30 വൈകിട്ട് അഞ്ചുമണിക്കു മകരവിളക്കു മഹോത്സവത്തിനായി നട വീണ്ടും തുറക്കും. 2025 ജനുവരി 14നാണ് മകരവിളക്ക്. മണ്ഡലപൂജയുമായി ബന്ധപ്പെട്ടു തീർഥാടകരുടെ എണ്ണത്തിൽ നിയന്ത്രണമുണ്ട്.
സ്‌പോട്ട് ബുക്കിങ് പരിമിതപ്പെടുത്തും
ഡിസംബർ 25ന് 50,000, ഡിസംബർ 26ന് 60,000 എന്നിങ്ങനെയാണ് വെർച്ചൽ ക്യൂ വഴി പ്രവേശിപ്പിക്കുന്ന ഭക്തരുടെ എണ്ണം. രണ്ടുദിവസങ്ങളിലും സ്‌പോട്ട് ബുക്കിങ് 5000 ആയി പരിമിതപ്പെടുത്താൻ ഹൈക്കോടതി നിർദേശമുണ്ടെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് അറിയിച്ചു. മകരവിളക്ക് മഹോത്സവുമായി ബന്ധപ്പെട്ട് ജനുവരി 13ന് 50,000 ഭക്തരെയും ജനുവരി 14ന് 40,000 ഭക്തരെയും വെർച്വൽ ക്യൂ വഴി അനുവദിക്കും. ഇന്നലെവരെ 30,87,049 പേരാണ് ദർശനത്തിന് എത്തിയത്. കഴിഞ്ഞവർഷം ഇതേസമയം 26,41,141 പേർ എത്തിയെന്നും 4,45,908 ഭക്തർ ഇത്തവണ കൂടുതലായി എത്തിയെന്നും പ്രസിഡൻ്റ് അറിയിച്ചു.
തീർഥാടനം 38 ദിവസം പിന്നിടുമ്പോൾ യാതൊരു അലോസരവുമില്ലാതെ പൂർണ സംതൃപ്തിയോടെയാണ് അയ്യപ്പന്മാർ മലയിറങ്ങുന്നത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ കൂട്ടായ ഉദ്യമത്തിൻ്റെ ഫലമായി സാധ്യമായതാണ് നേട്ടം. വെർച്വൽ ക്യൂ നിർബന്ധമാക്കിയയോടെ തിരക്ക് നിയന്ത്രിക്കാനായി. കഴിഞ്ഞ വർഷം വെള്ളി, ശനി, ഞായർ തുടങ്ങിയ ദിവസങ്ങളിലുണ്ടായ ക്രമാതീതമായ തിരക്ക് ഒഴിവാക്കാനായി. മല കയറിയ എല്ലാവർക്കും ദർശനത്തിനുള്ള സൗകര്യം ഉറപ്പാക്കി. ആൾക്കൂട്ടനിയന്ത്രണം പൊലീസ് മികച്ച രീതിയിലാണ് കൈകാര്യം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
അയ്യപ്പൻ്റെ പടമുള്ള സ്വര്‍ണ ലോക്കറ്റ്
മകരവിളക്കിനോടനുബന്ധിച്ച് ശബരിമല അയ്യപ്പൻ്റെ സ്വർണലോക്കറ്റുകൾ തിരുവിതാംകൂർ ദേവസ്വം ബോർഡ് പുറത്തിറക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് അറിയിച്ചു. 2,4,6,8 ഗ്രാമുകളിലായാണ് ലോക്കറ്റുകൾ പുറത്തിറക്കുന്നത്. ലോക്കറ്റുകൾ നിർമിച്ച് നൽകുന്നതിനുള്ള താൽപര്യപത്രം ബോർഡ് ക്ഷണിച്ചുകഴിഞ്ഞു. മകരവിളക്കിനോടനുബന്ധിച്ചു ജനുവരി 14ന് നടക്കുന്ന ഹരിവരാസനം പുരസ്‌കാര സമർപ്പണ ചടങ്ങിൽ ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ ലോക്കറ്റിൻ്റെ ഡെമൊ കാണിക്കും. ചടങ്ങിൽ തമിഴ്‌നാട് ദേവസ്വം മന്ത്രിയും പങ്കെടുക്കും.
സോളാർ പാനലുകൾ സ്ഥാപിക്കും
വൈദ്യുതിയുടെ കാര്യത്തിൽ സ്വയം പര്യാപ്തത നേടുന്നതിന് ശബരിമലയിൽ സോളാർ പാനലുകൾ സ്ഥാപിക്കുന്നതിനെപ്പറ്റി ബോർഡ് നടപടികൾ സ്വീകരിച്ചു തുടങ്ങി. വിശദമായ രൂപരേഖ സമർപ്പിക്കാൻ സിയാലുമായി ചർച്ചകൾ നടക്കുന്നു. ഫെഡറൽ ബാങ്ക് അടക്കമുള്ളവർ പദ്ധതി സ്‌പോൺസർ ചെയ്യാനുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. നടപ്പാക്കിക്കഴിഞ്ഞാൽ വൈദ്യുതി ച്ചെലവിനത്തിൽ വൻതുക ലാഭിക്കാനാകും. ഇതുവഴി ലാഭിക്കുന്ന തുക ഭക്തരുടെ സേവനത്തിനായി മാറ്റിവയ്ക്കാനാകും.
ദേവസ്വം ബോർഡിൻ്റെ പ്രധാനപ്പെട്ട 26 ക്ഷേത്രങ്ങളിൽ സോളാർ വൈദ്യൂതി സ്ഥാപിക്കാനാണ് ശ്രമിക്കുന്നത്. ബേസ് ക്യാമ്പായ നിലയ്ക്കലിൽ ഭക്തർക്ക് വിശ്രമിക്കാനായി സ്ഥാപിക്കുന്ന കിഫ്ബി ഫണ്ടുപയോഗിച്ചു നിർമിക്കുന്ന ഏഴു കെട്ടിടങ്ങളിൽ മൂന്നെണ്ണത്തിൻ്റെ നിർമാണം പൂർത്തിയായി. ഇതിൻ്റെ ഉദ്ഘാടനം 26ന് വൈകിട്ട് നാലുമണിക്ക് നിലയ്ക്കലിൽ വച്ച് ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ നിർവഹിക്കും. മൂന്നുനിലകളിലായി നിർമിച്ച കെട്ടിടത്തിൽ 2200 പേർക്ക് വിശ്രമിക്കാൻ സാധിക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് പറഞ്ഞു.
പമ്പാസംഗമം പുനരാരംഭിക്കും
ജനുവരി 12 മുതൽ 2018ലെ പ്രളയത്തെ തുടർന്ന് മുടങ്ങിയ പമ്പാസംഗമം ഇത്തവണ പുനരാരംഭിക്കുമെന്ന് ദേവസ്വം അറിയിച്ചു. ജനുവരി 12ന് വൈകിട്ട് നാലുമണിക്ക് ദേവസ്വം വകുപ്പുമന്ത്രി വി എൻ വാസവൻ സംഗമം ഉദ്ഘാടനം ചെയ്യും. നടൻ ജയറാം ചടങ്ങിൽ വിശിഷ്‌ടാതിഥിയായിരിക്കും.
ആധ്യാത്മികമ, സാംസ്‌കാരിക സംഗമം എന്ന നിലയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്. പ്രളയത്തെത്തുടർന്ന് മുടങ്ങിയ പമ്പാസംഗമം തുടർന്നുള്ള വർഷങ്ങളിൽ കോവിഡ് കാരണവും നടന്നിരുന്നില്ല. തിരുവിതാംകൂർ ദേവസ്വം ബോർഡ് 75 വർഷം പൂർത്തിയാക്കിയ സാഹചര്യത്തിൽ സംഗമത്തിൻ്റെ ഭാഗമായി പമ്പയിൽ 75 ദീപങ്ങൾ തെളിയിക്കുമെന്നും പ്രസിഡന്റ് പി എസ് പ്രശാന്ത് പറഞ്ഞു.