പത്തനംതിട്ട: ശബരിമലയിലെ ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കുമുപയോഗിക്കുന്ന പാല്‍ സന്നിധാനത്തെ ഗോശാലയില്‍ നിന്നുമാണ്. വെച്ചൂരും ജേഴ്‌സിയുമടക്കം വിവിധ ഇനത്തിലുള്ള 25 പശുക്കളാണ് ഗോശാലയിലുള്ളത്. കഴിഞ്ഞ ഒന്‍പത് വര്‍ഷമായി ഗോശാലയുടെ പരിപാലകാനായി പ്രവര്‍ത്തിക്കുന്നത് പശ്ചിമബംഗാള്‍ സൗത്ത് 24 പർഗാന സ്വദേശിയായ ആനന്ദ് സാമന്തോയാണ്.
പുലര്‍ച്ചെ ഒന്നരയോടെ തന്നെ സന്നിധാനത്തെ ഗോശാല ഉണരും. രണ്ട് മണിക്ക് ആചാരങ്ങള്‍ക്കും വഴിപാടുകള്‍ക്കും ഉപയോഗിക്കാനായി സന്നിധാനത്ത് പാല്‍ എത്തിക്കുമെന്നാണ് ആനന്ദ് പറയുന്നത്. ഉച്ചയ്ക്ക് ശേഷവും രണ്ട് മണിക്കാണ് പാല്‍ എത്തിക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഗോശാലയിലുള്ള പശുക്കളില്‍ അഞ്ചെണ്ണം വെച്ചൂര്‍ ഇനത്തിലുള്ളവയാണ്. ബാക്കിയെല്ലാം ജേഴ്‌സി, എച്ച് എഫ് എന്നീ ഇനങ്ങളില്‍ ഉള്ളവയാണ്. ഇവയെല്ലാം ശബരീശനായി ഭക്തര്‍ തന്നെ സമര്‍പ്പിച്ചതാണ്.
പശുക്കളെ കൂടാതെ ഭക്തര്‍ നല്‍കിയ 18 കോഴിയും ഒരു ആടും ഗോശാലയിലുണ്ട്. വൃത്തിയോടും ശ്രദ്ധയോടുമാണ് ഓരോ പശുവിനെയും ഇവിടെ പരിപാലിക്കുന്നത്. ഫാനും ലൈറ്റും ഉള്‍പ്പടെയുള്ള സംവിധാനങ്ങള്‍ പശുക്കള്‍ക്കായി ഗോശാലയില്‍ സജ്ജീകരിച്ചിട്ടുണ്ട്.
തന്‍റെ ജീവിതത്തിലെ ഏറ്റവും മനോഹരവും ആസ്വാദ്യകരവുമായ ജോലിയാണ് സന്നിധാനത്തെ ഗോശാലയിലെ പശുപരിപാലനമെന്നാണ് ആനന്ദ് സാമന്തോയുടെ അഭിപ്രായം.