ശബരിമല സന്നിധാനത്ത് ക്ഷേത്രാചാരങ്ങളുമായും ഐതീഹ്യങ്ങളുമായും ബന്ധപ്പെട്ടുകിടക്കുന്ന കുളമാണ് ഭസ്‌മക്കുളം. ശബരിമലയിലെ പൂജാരിമാർക്കും അവിടെയെത്തുന്ന കോടിക്കണക്കിന് തീർത്ഥാടകർക്കുമുള്ള സ്‌നാനഘട്ടമാണ് ഈ കുളം. പരിപാവനമായി കരുതപ്പെടുന്ന ഈ തീർത്ഥം ഇപ്പോൾ മാറ്റി സ്ഥാപിക്കാനൊരുങ്ങുകയാണ് ദേവസ്വം ബോർഡ്. കുളം മാറ്റി സ്ഥാപിക്കാൻ നടപടി തുടങ്ങിയതിനു പിന്നാലെ അതിനെതിരെ വിയോജിപ്പുമായി ഏതാനും ഹൈന്ദവ സംഘടനകളും രംഗത്തെത്തിക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഭസ്‌മക്കുളത്തെപ്പറ്റി നിലനിൽക്കുന്ന ഐതീഹ്യങ്ങളെയും, വിശ്വാസങ്ങളെയും, ഇപ്പോൾ ഉയരുന്ന വിയോജിപ്പുകളുടെ കാരണത്തെപ്പറ്റിയുമെല്ലാം വിശദമായി അറിയാം.
എന്താണ് ഭസ്‌മക്കുളം: ശബരിമല സന്നിധാനത്തെ പൂജാരിമാർക്കും അവിടെയെത്തുന്ന കോടിക്കണക്കിന് തീർത്ഥാടകർക്കുമുള്ള സ്‌നാനഘട്ടമാണ് ഭസ്‌മക്കുളം. പ്രാർത്ഥനയോടെ ഭസ്‌മക്കുളത്തിലിറങ്ങി ദേഹശുദ്ധി വരുത്തിയശേഷമാണ് ഭക്തർ പതിനെട്ടാംപടി കയറി അയ്യപ്പനെ വണങ്ങുന്നത്. അയ്യപ്പനെയും മാളികപ്പുറത്തമ്മയെയും തൊഴുതശേഷം ഇവിടെയെത്തി സ്‌നാനം ചെയ്യുന്ന പതിവുമുണ്ട്. ഭസ്‌മക്കുളത്തിൽ കുളിച്ചശേഷം തിരികെപ്പോയി നെയ്യഭിഷേകം നടത്തുന്നവരും, ശയനപ്രദക്ഷിണം നടത്തുന്നവരുമുണ്ട്.
ഐതിഹ്യം: ശബരിമല എന്ന പേര് തന്നെ തപസ്വിനിയും കന്യകയുമായിരുന്ന ശബരിയുമായി ബന്ധപ്പെട്ടതാണ്. ശബരി യാഗാഗ്‌നിയില്‍ ദഹിച്ച സ്ഥാനത്താണ് ഭസ്‌മക്കുളം സ്ഥിതിചെയ്യുന്നത് എന്നാണ് സങ്കൽപ്പം. അതിനാൽ .ഈ തീര്‍ത്ഥത്തിലെ സ്‌നാനം പാപനാശകമാണെന്ന് കരുതപ്പെടുന്നു. ഭസ്‌മക്കുളത്തിൽ കുളിച്ച ശേഷം അയ്യപ്പദർശനം നടത്തിയാല്‍ ആഗ്രഹസാഫല്യമുണ്ടാകുമെന്ന് മറ്റൊരു വിശ്വാസമുണ്ട്. പഴയ ഭസ്‌മക്കുളം അയ്യപ്പസ്വാമി ഉപയോഗിച്ചതാണ് എന്നും പറയപ്പെടുന്നുണ്ട്. ശബരിമലയിൽ ശയനപ്രദക്ഷിണ നേർച്ചയുള്ളവർ ഭസ്‌മക്കുളത്തിലെ സ്‌നാനത്തിനുശേഷമാണ് നേർച്ച നിർവഹിക്കാൻ പോകുന്നത്. ശരീരമാസകലം ഭസ്‌മം പൂശി സ്‌നാനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരും ഭസ്‌മക്കുളത്തിലെ പതിവുകാഴ്‌ചയാണ്.
പഴയ ഭസ്‌മക്കുളം: ക്ഷേത്രത്തിന് വടക്കുപടിഞ്ഞാറ് ദിക്കിൽ കുംഭം രാശിയിൽ ആയിരുന്നു യഥാർഥ ഭസ്‌മക്കുളം നിലനിന്നത്. ഭസ്‌മക്കുളം കൂടാതെ ശാന്തിക്കായി ഉപയോഗിച്ചിരുന്ന പാത്രങ്ങളും മറ്റും വൃത്തിയാക്കുന്നതിന് ഭസ്‌മക്കുളത്തിനു സമീപം പാത്രക്കുളവുമുണ്ടായിരുന്നു. ഭസ്‌മക്കുളവും പാത്രക്കുളവും പ്രത്യേകം കല്ലുകെട്ടി സംരക്ഷിച്ചുപോന്നിരുന്നു. 1952ലെ ക്ഷേത്ര പുനര്‍നിര്‍മ്മാണത്തിനുശേഷമാണ് കുളങ്ങൾ കല്ലുകെട്ടി വെടിപ്പാക്കിയത്. പഴയ ഭസ്‌മക്കുളത്തില്‍ ഉരക്കുഴി തീര്‍ത്ഥത്തില്‍ നിന്നുള്ള ജലമാണ് എത്തിയിരുന്നത്. കുളത്തില്‍ മറ്റ് ധാരാളം നീരുറവകളുണ്ടായിരുന്നതുകൊണ്ടും, കുമ്പളം തോട്ടില്‍നിന്ന് പൈപ്‌ലൈന്‍വഴി വെള്ളം എത്തിച്ചിരുന്നതുകൊണ്ടും, അക്കാലത്ത് തീർത്ഥാടകരുടെ എണ്ണം താരതമ്യേന കുറവായിരുന്നതിനാലും ഈ കുളത്തിലെ വെള്ളം മലിനമാകാറില്ലായിരുന്നു. എന്നാൽ പിൽക്കാലത്ത് സന്നിധാനത്ത് തിരക്കേറിയതോടെ തീര്‍ത്ഥാടകരുടെ ഉപയോഗക്കൂടുതല്‍ നിമിത്തം ഭസ്‌മക്കുളം മലിനമായിത്തുടങ്ങി.
കുളത്തിന്‍റെ സ്ഥാന മാറ്റം: പതിറ്റാണ്ടുകള്‍ മുമ്പ് തന്നെ പഴയ ഭസ്‌മക്കുളം കുളം മൂടി മറ്റൊന്ന് കുഴിക്കാമെന്ന അഭിപ്രായം ദേവസ്വം അധികാരികളില്‍ നിന്നുയര്‍ന്നു. എന്നാല്‍ പല തലത്തിലുള്ള എതിര്‍പ്പുകൾ ഉയര്‍ന്നതോടെ ആ നിര്‍ദേശങ്ങളൊന്നും നടപ്പായില്ല. 1987 വരെ പല സ്ഥലങ്ങളിലും കുളം കുഴിക്കാന്‍ സ്ഥാനം നോക്കിയെങ്കിലും ഉറവ കണ്ടില്ല.
1987 ൽ പഴയ ഭസ്‌മക്കുളം നികത്തിയാണ് മാളികപ്പുറം മേൽപ്പാലം നിർമിക്കുന്നത്. ഇതോടെ ശ്രീകോവിലിന് പിൻഭാഗത്ത്, മാളികപ്പുറത്തുനിന്ന് 100 മീറ്റർ അകലെ ജലരാശി കണ്ടെത്തി ഭസ്‌മക്കുളം അവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നു. നാലുവശവും കൽപ്പടവുകളാൽ ചുറ്റപ്പെട്ടതും നടുക്ക് കരിങ്കൽ പാകിയതുമാണ് പുതിയ ഭസ്‌മക്കുളം.
പുതിയ കുളം മാറ്റാന്‍ കാരണം: ശുദ്ധീകരിച്ച വെള്ളമാണ് ഇപ്പോൾ പുതിയ ഭസ്‌മക്കുളത്തിൽ നിറയ്ക്കുന്നത്. ജലം മലിനമാകുമ്പോള്‍ ഉടനടി അത് പമ്പുചെയ്‌ത് പുറത്തു കളഞ്ഞശേഷം ശുദ്ധജലം നിറയ്‌ക്കാറുണ്ട്. വെള്ളത്തിന് ശുദ്ധിയുണ്ടെങ്കിലും കുളമിരിക്കുന്ന പരിസരത്തിന് അത്ര ശുദ്ധി പോര എന്നാണ് പുതിയ കുളത്തെപ്പറ്റി ഉയർന്നിരുന്ന വിമർശനം. സന്നിധാനത്തെ ശൗചായലയ കോംപ്ലക്‌സുകൾക്ക് നടുവിൽ പടിക്കെട്ടുകൾക്ക് താഴെയാണ് പുതിയ ഭസ്‌മക്കുളമുള്ളത്. താഴ്ന്ന ഭാഗമായതിനാൽ മലിനജലം മുകളിൽ നിന്നും സമീപത്ത് നിന്നും ഒഴുകിയെത്തി കുളം അശുദ്ധമാകും. ഇങ്ങനെ ഭൂമിശാസ്‌ത്രപരമായ പ്രത്യേകതകളാണ് ഇപ്പോൾ മറ്റൊരു കുളം കുഴിക്കാനുള്ള് തീരുമാത്തിന് പിന്നിലുള്ള ഒരു കാരണം.
ദേവഹിതം: മാലിന്യ പ്രശ്‌നം കൂടാതെ നിലവിലെ ഭസ്‌മക്കുളത്തിൻ്റെ സ്ഥാനം ശരിയല്ലെന്ന് ദേവപ്രശ്‌നത്തിൽ തെളിഞ്ഞതും കുളം മാറ്റാന്‍ കാരണമാണ്. ഭസ്‌മക്കുളം ക്ഷേത്ര ശരീരത്തിന്‍റെ ഭാഗമായതിനാൽ തന്ത്രിമാർ ഉൾപ്പെടെയുള്ളവരോട് കൂടിയാലോചിച്ചാണ് ഭസ്‌മക്കുളം മാറ്റി സ്ഥാപിക്കാനുള്ള തീരുമാനമെടുത്തത്.
ഹൈന്ദവ സംഘടനകളുടെ വിയോജിപ്പ്: പുതിയ കുളം പണിത് അതിന് ഭസ്‌മക്കുളം എന്ന് പേരിടാനുള്ള തീരുമാനത്തിനെതിരെ ഹൈന്ദവ സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്. 2018 ൽ നടന്ന ദേവപ്രശ്‌നത്തിൽ വെളിപ്പെട്ട ദേവഹിതത്തിന് എതിരാണ് പുതുതായി കുഴിക്കുന്ന കുളത്തിന് ഭസ്‌മക്കുളം എന്ന് പേരിടാനുള്ള തീരുമാനം എന്നാണ് ആരോപണം.
ചെറുവള്ളി നാരായണൻ നമ്പൂതിരിയുടെ കാർമീകത്വത്തിൽ 2018 ൽ നടന്ന അഷ്‌ടമംഗല പ്രശ്‌നത്തിൽ ഭസ്‌മക്കുളത്തെപ്പറ്റി നിർണായക വെളിപ്പെടുത്തൽ ഉണ്ടായിരുന്നു. 'ഭസ്‌മക്കുളം പൂർവ്വസ്ഥിതിയിൽ പുനഃസ്ഥാപിക്കാൻ പറ്റിയില്ലെങ്കിൽ പണ്ടു നിന്ന സ്ഥാനത്ത് ഒരു ചെറിയ കുളമെങ്കിലും ഉണ്ടാക്കണം. അതിനു ശേഷം നിലവിലുള്ള കുളം മൂടുന്നതിന് തടസ്സമില്ല. എവിടെ വേണമെങ്കിലും കുളം കുഴിക്കാം, പക്ഷേ ഭസ്‌മക്കുളം എന്നു പേരിടരുത്.' എന്നായിരുന്നു പ്രശ്‌നവിധി.
ഇക്കാര്യം ഉയർത്തി ചില ഹൈന്ദവ സംഘടനകൾ പ്രതിഷേധത്തിനൊരുങ്ങുന്നതായി സൂചനയുണ്ട്. മാളികപ്പുറം മേല്‍പ്പാലത്തിന് താഴെയുള്ള പഴയ കുളം സ്ഥിതിചെയ്‌തിരുന്ന സ്ഥാനത്ത് പേരിനെങ്കിലും ഒരു കുളം വേണമെന്നതാണ് ഹൈന്ദവ സംഘടനകൾ ഉന്നയിച്ചിരിക്കുന്ന ആവശ്യം. ഇവിടെ ഇപ്പോൾ ഒരു ഓവുചാൽ മാത്രമാണുളളത്.നിലവിൽ ബിജെപി അടക്കമുള്ള സംഘപരിവാർ പ്രസ്ഥാനങ്ങൾ ഇ വിഷയത്തിൽ പ്രതികരണം നടത്തിയിട്ടില്ല. എങ്കിലും വിവിധ കോണുകളിൽ നിന്ന് വിമർശനം ശക്തമായാൽ വിഷയം രാഷ്‌ട്രീയവത്കരിക്കപ്പെടാനുള്ള സാധ്യതയും വളരെയേറെയാണ്.