തിരുവനന്തപുരം: 1997ലെ റെയില്‍വേ ബജറ്റിലൂടെ മലയാളികളുടെ മനസില്‍ കൂടുകൂട്ടിയ ശബരി റെയില്‍പാത എന്ന സ്വപ്‌ന പദ്ധതി 27 വര്‍ഷങ്ങള്‍ക്കിപ്പുറം യാഥാര്‍ഥ്യമാകാന്‍ സാധ്യത തെളിയുന്നു. വിഴിഞ്ഞം തുറമുഖത്തിന്‍റെ വികസന സാധ്യതകള്‍ കൂടി കണക്കിലെടുത്തുള്ള വിപുലമായ പദ്ധതിയായി ഇത് കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം.
പദ്ധതി ചെലവിന്‍റെ 50 ശതമാനം വഹിക്കാന്‍ തയ്യാറാണെന്ന് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വ്യക്തമാക്കിയതോടെയാണ് പദ്ധതി കടലാസില്‍ നിന്ന് യാഥാര്‍ഥ്യത്തിലേക്ക് എത്താന്‍ സാധ്യത തെളിഞ്ഞത്. ഇക്കാര്യം വീണ്ടും കേന്ദ്ര സര്‍ക്കാരിനെ അറിയിക്കും. ഇക്കാര്യത്തില്‍ ഇനി അന്തിമ തീരുമാനമെടുക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ശബരി റെയില്‍ പദ്ധതി രണ്ട് ഘട്ടമായി വിപുലീകൃതമായ രീതിയില്‍ നടപ്പാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഇതിന് അനുമതി ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് അഭ്യര്‍ഥിക്കും. ആദ്യഘട്ടത്തില്‍ അങ്കമാലി - എരുമേലി - നിലക്കല്‍ പാത പൂര്‍ത്തീകരിക്കും. നിര്‍മാണ ചെലവിന്‍റെ 50 ശതമാനം തുക കിഫ്ബി വഹിക്കാമെന്ന സര്‍ക്കാര്‍ തീരുമാനം തുടരും. ഈ തുക കടമെടുപ്പ് പരിധിയില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം അംഗീകരിച്ച് കിട്ടാന്‍ കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെടും.
ആര്‍ബിഐയുമായി ചേര്‍ന്നുള്ള ത്രികക്ഷി കരാര്‍ വേണ്ടെന്ന നിലപാട് സ്വീകരിക്കും. നിലവില്‍ സിംഗിള്‍ ലൈനുമായി മുന്നോട്ട് പോകും. വികസനഘട്ടത്തില്‍ പാത ഇരട്ടിപ്പിക്കല്‍ പരിഗണിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. അങ്കമാലി മുതല്‍ എരുമേലി വരെ 110 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ശബരി റെയില്‍വേ ലൈന്‍ 1997-98ലെ റെയില്‍വേ ബജറ്റിലെ നിര്‍ദ്ദേശമാണ്.
ഈ പദ്ധതിക്കായി എട്ട് കിലോമീറ്ററോളം സ്ഥലമെടുപ്പ് പൂര്‍ത്തിയായി. അങ്കമാലിക്കും കാലടിക്കും ഇടയിലുള്ള ഏഴ് കിലോമീറ്റര്‍ പാതയുടെ നിര്‍മ്മാണം വളരെ മുമ്പുതന്നെ പൂര്‍ത്തീകരിച്ചതാണ്. ഈ ഭാഗത്ത് രണ്ട് മേല്‍പ്പാലങ്ങളുടെയും രണ്ട് അടിപ്പാതകളുടെയും നിര്‍മ്മാണം വിഭാവന ചെയ്‌തിരുന്നു. അടുത്ത 70 കിലോമീറ്റര്‍ സ്ഥലമെടുപ്പിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാല്‍ 2019 സെപ്‌റ്റംബര്‍ 26ന് പദ്ധതി മരവിപ്പിക്കുകയാണെന്നറിയിച്ച് കൊണ്ട് റെയില്‍വേ ബോര്‍ഡ് സംസ്ഥാന സര്‍ക്കാരിന് കത്ത് നല്‍കി. ഇതോടെ പദ്ധതി പാതിവഴിയില്‍ ഉപേക്ഷിക്കുകയും മേല്‍പ്പാലങ്ങളുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട തുടര്‍നടപടികള്‍ നിര്‍ത്തിവയ്ക്കുകയുമായിരുന്നു.
പിന്നീട് അങ്കമാലി സംസ്ഥാന ശബരി പദ്ധതിയുടെ 50% തുക സര്‍ക്കാര്‍ വഹിക്കണമെന്ന് റെയില്‍വേ ആവശ്യപ്പെട്ടു. 2815 കോടി രൂപയാണ് പദ്ധതിയുടെ നിര്‍മ്മാണ ചെലവായി കണക്കാക്കിയത്. ഇത് പൂര്‍ണമായും റെയില്‍വേ വഹിക്കാമെന്ന ധാരണയിലാണ് പദ്ധതി തുടങ്ങിയത്.
എന്നാല്‍ പദ്ധതിയുടെ 50 ശതമാനം കേരളം വഹിക്കണമെന്ന് കേന്ദ്രം ആവശ്യപ്പെട്ടതോടെ പദ്ധതി പെരുവഴിയിലായി. എന്നാല്‍ 2021 ജനുവരി ഏഴിന് 50% ചെലവ് കിഫ്ബി വഴി വഹിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചു. പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം നിര്‍മ്മാണ ചെലവ് 3,800.93 കോടി രൂപയായി വര്‍ധിച്ചു. റെയില്‍വേ ബോര്‍ഡിന്‍റെ ആവശ്യപ്രകാരം പുതുക്കിയ എസ്റ്റിമേറ്റിന് അനുസൃതമായി 50% തുക പങ്കിടുന്നതിനുള്ള സന്നദ്ധതക്കുള്ള സ്ഥിരീകരണം സംസ്ഥാന സര്‍ക്കാര്‍ നല്‍കിയെങ്കിലും പദ്ധതി റെയില്‍വേ പുനരരുജ്ജീവിപ്പിച്ചിട്ടില്ല.
കേരള വികസനത്തിന് വലിയ കുതിപ്പേകുംവിധം ശബരി റെയില്‍ പദ്ധതി വിപുലീകരിക്കുന്നത് പരിഗണിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിലവില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പരിഗണനയിലുള്ള ചെങ്ങന്നൂര്‍ - പമ്പ പദ്ധതിക്ക് പകരം വിഴിഞ്ഞത്തെ ബന്ധിപ്പിക്കാവുന്ന പദ്ധതിയായി ഭാവിയില്‍ ഇത് വികസിപ്പിക്കാവുന്നതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. യോഗത്തില്‍ മന്ത്രി വി അബ്‌ദുറഹ്മാന്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, എറണാകുളം ജില്ലാ കലക്‌ടര്‍ എന്‍എസ് കെ ഉമേഷ്, ഇടുക്കി കലക്‌ടര്‍ വി.വിഗ്‌നേശ്വരി, കോട്ടയം കലക്‌ടര്‍ ജോണ്‍ വി സാമുവല്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Also Read: ശബരിമലയ്‌ക്ക് തൊട്ടടുത്ത് റെയില്‍വേ ലൈനെത്തും ; രണ്ട് റൂട്ടുകൾ പരിഗണനയിലെന്ന് അശ്വിനി വൈഷ്‌ണവ്