കൊല്ലം : കലുഷിതമായ കൊല്ലം തീരമേഖലയിൽ കടൽക്ഷോഭം രൂക്ഷമായി തുടരുകയാണ്. ശക്തമായ തിരമാലകളാണ് ബീച്ചിലേക്കും പരിസര പ്രദേശങ്ങളിലേക്കും ആഞ്ഞടിക്കുന്നത്. സന്ദർശകർക്ക് പൂർണമായും ബീച്ചിൽ നിരോധനം ഏർപ്പെടുത്തി. ലൈഫ് ഗാർഡുമാർ മുന്നറിയിപ്പ് നൽകുന്നുണ്ടെങ്കിലും അത് അവഗണിച്ച് പലരും കടൽ തീരത്ത് തുടരുന്നത് അപകടസാധ്യത വർധിപ്പിക്കുകയാണ്.
ബീച്ച് മുതൽ ഇരവിപുരം തീരപ്രദേശത്ത് വരെ ശക്തമായ തിരമാലകളാണ് ആഞ്ഞടിക്കുന്നത്. 20 അടി പൊക്കത്തിലാണ് തിരമാലകൾ ഉയർന്ന് പൊങ്ങി തീരം കവരുന്നത്. പതിനഞ്ച് മീറ്റർ ബീച്ച് കടലെടുത്ത് കഴിഞ്ഞു. ജീവൻ രക്ഷാജീവനക്കാർക്ക് പോലും കടലിൽ ഇറങ്ങാൻ പറ്റാത്ത സ്ഥിതിയിലാണ് കടലിൻ്റെ താണ്ഡവം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
കേരള തീരത്ത് കള്ളക്കടല്‍ പ്രതിഭാസത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തീരദേശ മേഖലകളില്‍, പ്രത്യേകിച്ച് താഴ്ന്ന പ്രദേശങ്ങളില്‍, വെള്ളം കയറാനും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് കേന്ദ്രം ജില്ല ഭരണകൂടത്തിന് അറിയിപ്പ് നൽകി.
കൊല്ലം ജില്ലയിൽ ഇരവിപുരം മുതല്‍ ആലപ്പാട് വരെയുളള തീരങ്ങളിൽ ജാഗ്രത മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. കള്ളക്കടല്‍ പ്രതിഭാസം നിലനില്‍ക്കാനും ശക്തി പ്രാപിക്കാനും സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും അതീവ ജാഗ്രത പാലിക്കാൻ നിർദേശം നൽകി. കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുള്ളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറ്റി താമസിപ്പിക്കാൻ വേണ്ട നടപടികൾ ജില്ല ഭരണകൂടം സ്വീകരിച്ചിട്ടുണ്ട്.
ചെറിയ വള്ളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നതിനും നിയന്ത്രണം ഏർപ്പെടുത്തി. കള്ളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുള്ള ഘട്ടത്തില്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നത് പോലെ തന്നെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. ആയതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കേണ്ടതാണെന്നും മത്സ്യത്തൊഴിലാളികൾ അറിയിപ്പ് നൽകിയിട്ടുണ്ട്.
മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുള്ള വിനോദസഞ്ചാരമുള്‍പ്പെടെയുള്ള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കാൻ വേണ്ട ക്രമീകരണങ്ങൾ തീരത്ത് ഒരുക്കിയിട്ടുണ്ട്. ബീച്ചിലേക്കുള്ള യാത്രകളും കടലില്‍ ഇറങ്ങിയുള്ള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണമെന്നും നിർദേശമുണ്ട്. അപകട സാധ്യതയുള്ളതിനാൽ പ്രത്യേകം ജാഗ്രത പുലര്‍ത്തണമെന്നും നിർദേശം ഉണ്ട്.