കാസർകോട്: റിയാസ് മൗലവി വധക്കേസിൽ കോടതിയുടെ വിധി പകർപ്പിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടുവെന്നതടക്കം അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങൾ. പ്രതികൾക്ക് മുസ്‌ലിം സമുദായത്തോടുള്ള വെറുപ്പാണ് കൊലപാതകത്തിന് പിന്നിൽ എന്നായിരുന്നു പ്രോസിക്യൂഷന്‍റെ ആരോപണം. എന്നാൽ ഇത് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടു. മുസ്‌ലിം സമുദായത്തോടുള്ള പ്രതികളുടെ ശത്രുതയ്ക്ക് കാരണമായി ആരോപിക്കപ്പെടുന്ന മൂന്ന് സംഭവങ്ങളിൽ ഒന്നുപോലും തെളിയിക്കാനായില്ല.
പ്രതികൾക്ക് ആർഎസ്എസുമായി ബന്ധമുണ്ട് എന്നതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചിട്ടില്ല. കോടതി ഉത്തരവിൽ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണങ്ങളുണ്ട്. അന്വേഷണം നടന്നത് നിലവാരമില്ലാത്തതും ഏകപക്ഷീയവുമായ രീതിയിലാണ്.
റിയാസ് മൗലവിയുടെ മുറിയിൽ നിന്ന് കണ്ടെടുത്ത മൊബൈൽ ഫോണുകളും സിംകാർഡുകളും മെമ്മറി കാർഡും പരിശോധിച്ചില്ല. ഈ സാമഗ്രികൾ പരിശോധിച്ച് വിശദാംശങ്ങൾ എടുക്കുന്നതിൽ അന്വേഷസംഘം പരാജയപ്പെട്ടു. ഇത് സംശയം ജനിപ്പിക്കുന്നതാണ്.
മരണത്തിനു മുൻപ് റിയാസ് മൗലവി ആരൊക്കെയായി ഇടപഴകി എന്ന് കണ്ടുപിടിക്കാനുള്ള അവസരം അന്വേഷണ സംഘം നഷ്‌ടപ്പെടുത്തിയെന്നും കോടതിയുടെ വിമർശനമുണ്ട്. ഡിഎൻഎ പരിശോധന നടത്തിയില്ല. ഒന്നാം പ്രതിയുടെതെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്ന മുണ്ട്, ഷർട്ട് എന്നിവ പ്രതിയുടെ ഡിഎൻഎ സാംപിളുമായി പരിശോധന നടത്തിയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ഡിഎൻഎ പരിശോധന നടത്തിയിരുന്നെങ്കിൽ ഇത് ഒന്നാം പ്രതി തന്നെ ഉപയോഗിച്ചതാണോ എന്ന് വ്യക്തമാകുമായിരുന്നു.
പരിശോധന നടത്താതിരുന്നതുകൊണ്ടുതന്നെ അന്വേഷണം ഏകപക്ഷീയമായിരുന്നു എന്ന് കരുതാൻ സാധിക്കും. കേസിന്‍റെ തെളിവെടുപ്പിൽ ഗുരുതര വീഴ്‌ച ഉണ്ടായിരുന്നു എന്ന് കരുതുന്നതായും കോടതി ചൂണ്ടിക്കാട്ടി. 169 പേജ് ആണ് വിധിപകർപ്പ്.