കാസർകോട്: റിയാസ് മൗലവി കേസിൽ ആരും പ്രതീക്ഷിക്കാത്ത വിധിയാണ് വന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. കുടുംബത്തിനാവശ്യമായ സഹായം സിപിഎം നൽകും. കേസ് നല്ല രീതിയിൽ കൈകാര്യം ചെയ്‌തു. ശരിയായ നിലപാട് സ്വീകരിച്ചു. സാക്ഷികളാരും കൂറ് മാറിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ യുഡിഎഫിന്‍റെ ഭാഗമായി മത്സരിച്ച ആളാണ് പ്രതിഭാഗം അഭിഭാഷകൻ. കേസിൽ അപ്പീൽ പോകും. കുറ്റവാളികൾക്ക് ശരിയായ ശിക്ഷ വാങ്ങികൊടുക്കണം. ആവശ്യമായ പരിശോധന നടത്തി സർക്കാർ തുടർ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപിക്കെതിരെ പോരാടാൻ കോൺഗ്രസിന് ശേഷിയില്ല. പൗരത്വ നിയമത്തിൽ അവർക്ക് നിലപാടില്ല. അതിനെക്കുറിച്ച് പറഞ്ഞാൽ വർഗീയവാദിയാകുമെന്നാണ് ഉണ്ണിത്താൻ പറയുന്നത്. അവസരവാദ നിലപാടാണ് കോൺഗ്രസിന്‍റേത്. പൗരത്വത്വ നിയമത്തേക്കുറിച്ച് സിപിഎം സംസാരിക്കുന്നുവന്നാണ് കോൺഗ്രസ് പറയുന്നത്. അത് ഇനിയും പറയും. തെരഞ്ഞെടുപ്പ് കഴിഞ്ഞാലും പറയുമെന്നും ഗോവിന്ദൻ പറഞ്ഞു.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണ് ഇലക്ട്രൽ ബോണ്ട്. വാങ്ങില്ലെന്നു പരസ്യമായി പ്രഖ്യാപിച്ചു നിയമനടപടി സ്വീകരിച്ച പാർട്ടിയാണ് സിപിഎം എന്നും എംവി ഗോവിന്ദന്‍ വ്യക്‌തമാക്കി. എല്ലാ പെരും കള്ളന്മാരിൽ നിന്നും കൊള്ളക്കാരിൽ നിന്നും പണം പിരിക്കുകയായിരുന്നു ബിജെപി. കോൺഗ്രസ് നേതാവിന്‍റെ ഭർത്താവ് കേസ് ഒഴിവാക്കാൻ ബോണ്ട് നൽകി. 600 അഭിഭാഷകർ ഈ വിധി പുറപ്പെടുവിച്ച കോടതിക്കെതിരെ രംഗത്ത് വരികയാണ്. ഇതിനു പിന്നിൽ നരേന്ദ്ര മോദിയാണ്. അഴിമതി മൂടി വെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.