കോഴിക്കോട്: പത്താമത് ചാലിയാർ റിവർ പാഡിലിന് സമാപനമായി. മൂന്ന് ദിവസങ്ങളിലായി നടന്ന യാത്രയിൽ 1000 കിലോയോളം മാലിന്യം ശേഖരിച്ചു. നിലമ്പൂര്‍ മാനവേദന്‍ ഹയര്‍സെക്കന്‍ഡറി സ്‌ക്കൂളിന് സമീപത്തുള്ള കടവ് മുതൽ ചെറുവണ്ണൂരിലെ ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ് വരെ നടത്തിയ കായാക്കിങ്ങിൽ ആണ് ഇത്രയധികം മാലിന്യം ശേഖരിച്ചത്.
മാലിന്യവിമുക്ത ചാലിയാറെന്ന ലക്ഷ്യത്തോടെ കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെല്ലിഫിഷ് വാട്ടര്‍ സ്‌പോര്‍ട്‌സ് ക്ലബ്ബാണ് മൂന്ന് ദിവസത്തെ യാത്ര സംഘടിപ്പിച്ചത്. കേരള ടൂറിസം ഡിപ്പാര്‍ട്ട്‌മെന്‍റ്, കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റി, കോഴിക്കോട് പാരഗണ്‍ റസ്‌റ്ററന്‍റ്, ഗ്രീന്‍ വേംസ് എന്നിവരുടെ സഹകരണത്തോടെയായിരുന്നു പരിപാടി. പുഴയില്‍ നിന്ന് ശേഖരിച്ച മാലിന്യത്തിന്‍റെ തോത് നാട്ടുകാരെയും കുട്ടികളെയും ജനപ്രതിനിധികളെയും ബോധ്യപ്പെടുത്തി. ഇനി ശേഖരിച്ച മാലിന്യങ്ങൾ വേര്‍തിരിച്ച്, ഗ്രീന്‍ വേംസിന്‍റെ സഹകരണത്തോടെ റീസൈക്ലിങിന് അയക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
വിവിധ തരം കയാക്കുകളിലും സ്‌റ്റാന്‍റ് അപ്പ് പാഡിലിലും പായ്‌വഞ്ചിയിലും ചുരുളന്‍ വള്ളത്തിലുമായിരുന്നു യാത്ര. ഇന്ത്യ, ഓസ്‌ട്രേലിയ, സിംഗപ്പൂര്‍, ജര്‍മ്മനി, യുകെ തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുമായി 50 ആളുകളാണ് യാത്രയില്‍ പങ്കെടുത്തത്. 20 മുതല്‍ 62 വയസുവരെയുള്ളവരായിരുന്നു സംഘത്തില്‍. ഇതില്‍ അഞ്ച് വനിതകളുമുണ്ടായിരുന്നു. സംഘത്തിലെ ഏറ്റവും പ്രായം കൂടിയയാള്‍ ജര്‍മന്‍കാരനായ അറുപത്തിരണ്ടുകാരന്‍ യോഗ് മേയറായിരുന്നു.
68 കിലോമീറ്ററാണ് ചാലിയാറിലൂടെ സംഘം സഞ്ചരിച്ചത്. ഓഷ്യന്‍ ഗ്ലോബ് റേസ് പായ്‌വഞ്ചിയോട്ട മത്സരത്തില്‍ പങ്കെടുത്ത ഇന്ത്യന്‍ താരം ധന്യ പൈലോയാണ് യാത്ര നയിച്ചത്. യാത്രയുടെ ഭാഗമായി ചാലിയാറിന്‍റെ സമീപ പ്രദേശങ്ങളിലുള്ള വിവിധ സ്‌ക്കൂളുകളിലെ വിദ്യാര്‍ഥികള്‍ക്കായി നദീ സംരക്ഷണത്തെക്കുറിച്ച് ബോധവല്‍ക്കരണ ക്ലാസുകളും സംഘടിപ്പിച്ചിരുന്നു. ഏഷ്യയിലെ രണ്ടാമത്തെ ദീര്‍ഘദൂര കയാക്കിങ് യാത്ര കൂടിയാണ് ചാലിയാർ റിവർ പാഡിൽ.
Also Read:കയാക്കിങ്ങില്‍ മാലിന്യ മുക്തമായി ചാലിയാര്‍; റിവര്‍ പാഡില്‍ നാളെ സമാപിക്കും