ഇടുക്കി: സൂര്യനെല്ലിയിൽ വൻകിട റിസോർട്ടും മൂന്ന് ഏക്കർ ഭൂമിയും ഒഴുപ്പിച്ചു. വ്യാജ രേഖകൾ ചമച്ച് കൈയേറിയിരുന്ന ഭൂമിയാണ് ഒഴിപ്പിച്ചത്. ഹൈക്കോടതി ഉത്തരവിനെ തുടർന്ന് ഭൂസംരക്ഷണ നിയമ പ്രകാരമാണ് നടപടി. സൂര്യനെല്ലിയിൽ വെള്ളൂക്കുന്നേൽ ജിജി, അനിതാ ജിജി എന്നിവർ കൈവശം വെച്ചിരുന്ന ഭൂമിയാണ് സബ് കളക്‌ടർ അരുൺ എസ് നായരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘം ഒഴിപ്പിച്ചത്.
ചിന്നക്കനാൽ വില്ലേജിൽ സർവ്വേ നമ്പർ 34 ബാർ ഒന്നിൽപ്പെട്ട ഭൂമിയ്ക്ക് വ്യാജ പട്ടയവും തണ്ടപേരും ചമ്മച്ചാണ് ജിജിയും അനിതയും കൈവശം വെച്ചിരുന്നത്. ഈഗിൾസ് നെസ്‌റ്റ് എന്ന പേരിൽ ഇവിടെ റിസോർട്ടും പ്രവർത്തിച്ചുവന്നിരുന്നു. 67 ബാർ 77 നമ്പർ പട്ടയം വ്യാജമാണെന്ന് കണ്ടെത്തിയ റവന്യൂ വകുപ്പ് നടപടികളിലേക്ക് കടന്നു.
തുടർന്ന് കയ്യേറ്റക്കാരൻ ലാൻഡ് റവന്യൂ കമ്മീഷണറെ സമീപിച്ചെങ്കിലും അപേക്ഷ നിരസിച്ചു. വ്യാജ പട്ടയം ഉടുമ്പഞ്ചോല തഹസിൽദാർ റദാക്കിയിരുന്നു. പിന്നീട് ഹൈക്കോടതിയേയും സമീപിച്ചിരുന്നു.
എന്നാൽ ഉടമസ്ഥത തെളിയിക്കുന്നതിനുള്ള അവകാശ രേഖകൾ ഹാജരാക്കാൻ സാധിച്ചില്ല. തുടർന്ന് ഭൂമി തിരികെ സർക്കാരിൽ ഏൽപ്പിക്കാൻ കോടതി ഒരു മാസം സമയം അനുവദിച്ചിരുന്നു. കഴിഞ്ഞ പതിനേഴാം തീയതി ഈ കാലാവധി അവസാനിച്ചത്തോടെയാണ് റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചത്. സർക്കാർ ഭൂമി വ്യാജ രേഖ ചമച്ച് തട്ടി എടുത്തവർക്കെതിരെ ക്രിമിനൽ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്.
മൂന്നാർ ദൗത്യത്തിൽ കോടതിയുടെ പരിഗണനയിലുള്ള കേസുകളിൽ വിധി ഉണ്ടാകുന്ന മുറയ്‌ക്ക് തുടർ ഒഴിപ്പിയ്ക്കൽ നടപടികൾ സ്വീകരിയ്ക്കുമെന്നും ദൗത്യസംഘം അറിയിച്ചു. അതേസമയം ഫെബ്രുവരി 7ന് പൂപ്പാറ ടൗണിലെ പുറമ്പോക്ക് ഭൂമി കയ്യേറി നിർമ്മിച്ചതെന്ന് റവന്യൂ വകുപ്പ് കണ്ടെത്തിയ 56 കെട്ടിടങ്ങൾ സർക്കാർ ഏറ്റെടുത്തിരുന്നു.
പന്നിയാർ പുഴയുടെ തീരത്തുള്ള കടമുറികളും രണ്ട് ആരാധനാലയങ്ങളും ഉൾപ്പെടെയുള്ള കെട്ടിടങ്ങളാണ് പൂട്ടി സീൽ ചെയ്‌തത്. ആളുകൾ താമസിക്കുന്ന 13 കെട്ടിടങ്ങൾ ഒഴിപ്പിച്ചിരുന്നില്ല. സബ് കളക്‌ടറുടെ നേതൃത്വത്തിൽ വൻ പൊലിസ് സന്നാഹത്തിന്‍റെ അകംപടിയിലായിരുന്നു നടപടികൾ സ്വീകരിച്ചത് (revenue department cleared encroachments in Pooppara).