ഇടുക്കി: ജില്ലയിൽ ഏലം കൃഷിക്കായി പതിച്ചു നൽകിയ ഭൂമിയിൽ ഭൂപതിവ് വ്യവസ്‌ഥകൾ ലംഘിച്ച് നിർമാണ പ്രവർത്തനങ്ങൾ നടത്തിയ കേസുകളിൽ പരിശോധന ആംഭിച്ച് റവന്യു വകുപ്പ്. ഏലപട്ടയ ഭൂമിയിൽ റിസോർട്ടുകൾ, ഹോംസ്‌റ്റേകൾ എന്നിവ പ്രവർത്തിക്കുന്നുണ്ടോ എന്ന് പരിശോധിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ കഴിഞ്ഞ ജൂൺ 20ന് ജില്ല കലക്‌ടർ ഉത്തരവിട്ടിരുന്നു. കഴിഞ്ഞ ജൂൺ 28ന് ദേവികുളം തഹസിൽദാരും ഇത് സംബന്ധിച്ച് റവന്യു വിഭാഗത്തിന് കത്ത് നൽകി.
പള്ളിവാസൽ വില്ലേജിലാണ് ഇത് സംബന്ധിച്ച് ഭൂവുടമകൾക്ക് നോട്ടിസ് നൽകിയിട്ടുള്ളത്. മറ്റു വില്ലേജുകളിലും നടപടികൾ ഉടൻ ആരംഭിക്കുമെന്നാണ് വിവരം. റിസോർട്ടുകൾ അല്ലെങ്കിൽ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന വസ്‌തുവിന്‍റെ പട്ടയം വരെയുള്ള പ്രമാണങ്ങളും റവന്യു വകുപ്പിൽ നിന്ന് നിർമാണത്തിന് നിരാക്ഷേപ പത്രം (എൻഒസി) ലഭിച്ചിട്ടുണ്ടങ്കിൽ അതിന്‍റെ പകർപ്പും പഞ്ചായത്ത് നൽകിയിട്ടുള്ള നിർമാണ അനുമതി രേഖ, പ്രവർത്തനാനുമതി രേഖ എന്നിവ നോട്ടിസ് ലഭിച്ചു 3 ദിവസത്തിനകം ഹാജരാക്കാനാണു പള്ളിവാസൽ വില്ലേജ് ഓഫിസർ നൽകിയിട്ടുള്ള നോട്ടിസിൽ വ്യക്തമാക്കിയിരിക്കുന്നത്.
ഏലം കൃഷിക്കായി പതിച്ചു നൽകിയ ഭൂമിയിൽ ചട്ടം ലംഘിച്ച റിസോർട്ടുകളും ഹോംസ്‌റ്റേകളും പ്രവർത്തിക്കാൻ പാടില്ലെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഏതാനും ദിവസങ്ങൾക്കു മുൻപ് കുത്തകപ്പാട്ട ഭൂമിയിൽ ചട്ടം ലംഘിച്ച നിർമാണം നടത്തിയതിന് ഭൂമിയിൽ നിന്നും ഒഴിഞ്ഞുപോകാൻ പാമ്പാടുംപാറ സ്വദേശിക്ക് റവന്യു വകുപ്പ് നോട്ടിസ് നൽകിയിരുന്നു. ഹൈക്കോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിൽ മറ്റു വില്ലേജുകളിലും സിഎച്ച്ആർ, കുത്തകപ്പാട്ട ഭൂമിയിലെ ചട്ടലംഘനങ്ങൾക്കെതിരെ നടപടിയുണ്ടാകാൻ സാധ്യതയുണ്ട്.
ഏലം കൃഷിക്കായി പതിച്ചു നൽകിയ ഭൂമിയിൽ ഏലംകൃഷി മാത്രമേ പാടുള്ളു എന്ന് 2017ൽ സർക്കാർ ഉത്തരവിട്ടിരുന്നു. ഇതിനെതിരെ ചില സ്വകാര്യ വ്യക്തികൾ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്‌തു. ഏലം കൃഷികായി പതിച്ചു നൽകിയ ഭൂമിയിൽ താമസിച്ചു കൃഷി ചെയ്യാൻ വീടും ഏലയ്ക്ക ഉണങ്ങാൻ സ്റ്റോറും തൊഴിലാളികൾക്കു താമസിക്കാൻ ലയങ്ങളും നിർമിക്കാൻ അനുമതിയുണ്ട്.
Also Read: ദുരിതമൊഴിയാതെ ഏലം കര്‍ഷകര്‍; വേനലിന് പിന്നാലെ പിടിമുറുക്കി തട്ട ക്ഷാമം