തിരുവനന്തപുരം: അഗ്നിരക്ഷാ സേനയും നഗരസഭയും ജനപ്രതിനിധികളും ചേര്‍ന്നുള്ള സംയുക്ത രക്ഷാപ്രവര്‍ത്തനം 9 മണിക്കൂര്‍ പിന്നിട്ടിട്ടും ആമയിഴഞ്ചാന്‍ തോട്ടില്‍ അകപ്പെട്ട ശുചീകരണത്തൊഴിലാളി ജോയിയെ കണ്ടെത്താനായില്ല. തൊഴിലാളിയെ കാണാതായ തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള കലുങ്കിനടയില്‍ അടിഞ്ഞു കൂടിയ പ്ലാസ്റ്റിക് കുപ്പികള്‍ അടക്കമുള്ള മാലിന്യങ്ങള്‍ മണിക്കൂറുകളോളം പണിപ്പെട്ട് നീക്കം ചെയ്‌ത ശേഷം അഗ്നി രക്ഷാ സേനയിലെ സ്‌കൂബാ ഡൈവിംഗ് അംഗങ്ങള്‍ ഇപ്പോള്‍ കലുങ്കിനടിയിലേക്ക് കടന്നു പരിശോധന നടത്തുകയാണെങ്കിലും കാണാതായ തൊഴിലാളിയെ കണ്ടെത്താനായില്ല.
രാവിലെ തലസ്ഥാനത്ത് കനത്ത മഴയായിരുന്നെങ്കിലും രക്ഷാപ്രവര്‍ത്തനം ആരംഭിച്ചതു മുഴല്‍ മഴ മാറി നിന്നതാണ് ഇത്രയധികം മാലിന്യങ്ങള്‍ നീക്കം ചെയ്‌ത് രക്ഷാപ്രവര്‍ത്തനം ഇത്രയെങ്കിലും പുരോഗതി കൈവരിക്കാനായത്. രാത്രിയാകുന്നതോടെ രക്ഷാപ്രവര്‍ത്തനത്തെ ഇരുട്ട് പ്രതികൂലമായി ബാധിച്ചേക്കും. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും പുരോഗമിക്കുകയാണ്.
ഇന്ന് രാവിലെ പതിനൊന്നരയോടെയാണ് തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനു സമീപം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കുന്നതിനിടെ നെയ്യാറ്റിന്‍കര മാരായമുട്ടം സ്വദേശി ജോയി ഒഴുക്കില്‍പ്പെട്ട് മാലിന്യക്കൂമ്പാരത്തിലേക്ക് മുങ്ങിത്താണത്. കനത്ത മഴയില്‍ പൊടുന്നനെ ആമയിഴഞ്ചാന്‍ തോട്ടില്‍ വെള്ളമുയര്‍ന്നതാണ് അപകടത്തിനു കാരണം. ഒപ്പമുണ്ടായിരുന്ന തൊഴിലാളികള്‍ പെട്ടെന്നു കരയ്ക്കു കയറിയതിനാല്‍ അപകടത്തില്‍ നിന്നു രക്ഷപ്പെടുകയായിരുന്നു.