തിരുവനന്തപുരം: സിവില്‍ സപ്‌ളൈസ് കോര്‍പ്പറേഷന് വിഹിതം വര്‍ധിപ്പിക്കണമെന്ന സിപിഐ എംഎല്‍എമാരുടെ ആവശ്യം അവഗണിച്ച് 2024-25 സാമ്പത്തിക വര്‍ഷത്തെ സംസ്ഥാന ബജറ്റിന് നിയമസഭ അംഗീകാരം നല്‍കി. രൂക്ഷമായ ധന പ്രതിസന്ധി മൂലം 13 ഇനം സബ്‌സിഡി സാധനങ്ങള്‍ ഇല്ലാതെ സംസ്ഥാനത്തെ സപ്‌ളൈകോ ഔട്ട്‌ലെറ്റുകള്‍ നേരിടുന്ന പ്രതിസന്ധി പരിഹരിക്കാന്‍ കൂടുതല്‍ പണം വകയിരുത്തണമെന്ന് ബജറ്റ് ചര്‍ച്ചയ്ക്ക് തുടക്കം കുറിച്ച സിപിഐ നേതാവും ഡെപ്യൂട്ടി സ്‌പീക്കറുമായ ചിറ്റയം ഗോപകുമാറാണ് നിയമസഭയില്‍ വിഷയം സജീവമാക്കിയത്.
പിന്നാലെ ബജറ്റ് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ എംഎല്‍എ മാരും സപ്‌ളൈകോയെ പ്രതിസന്ധിയില്‍ നിന്ന് രക്ഷിക്കാന്‍ ആവശ്യമായ പണം വകയിരുത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇതു കണക്കിലെടുത്ത് ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ മന്ത്രി ഈ ആവശ്യം അംഗീകരിച്ച് പുതിയ പ്രഖ്യാപനം നടത്തുമെന്നായിരുന്നു പൊതുവേ കരുതിയിരുന്നതെങ്കിലും അതുണ്ടായില്ല.
ഭക്ഷ്യ-സിവില്‍ സപ്‌ളൈസ് വകുപ്പിന് മൊത്തത്തില്‍ അനുവദിച്ച 1930.88 കോടി രൂപ ചൂണ്ടിക്കാട്ടി അര്‍ഹമായ വിഹിതം നല്‍കിയെന്ന് വരുത്താനായിരുന്നു മന്ത്രിയുടെ ശ്രമം. ഈ തുക വകുപ്പിനുള്ള മൊത്തം പണമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ചൂണ്ടിക്കാട്ടിയെങ്കിലും സപ്‌ളൈകോയെ പരാമര്‍ശിക്കാന്‍ ധനമന്ത്രി തയ്യാറായില്ല. പകരം ഭക്ഷ്യ-പൊതു വിതരണ മേഖലയ്ക്കുള്ള വിഹിതം 2000 കോടിയാക്കും എന്നായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. അതായത് വകുപ്പിനാകെ 70 കോടിയുടെ വര്‍ധന.
ഇന്ത്യയില്‍ നെല്ലിന് ഉയര്‍ന്ന വില നല്‍കുന്ന സംസ്ഥാനമാണ് കേരളമെന്ന വാദം മന്ത്രി ആവര്‍ത്തിച്ചു. പഞ്ചാബ്, ഹരിയാന സംസ്ഥാനങ്ങളില്‍ നെല്ലു സംഭരിച്ച് ആറുമാസത്തിനു ശേഷമാണ് പണം നല്‍കുന്നതെങ്കില്‍ കേരളത്തിലെ കര്‍ഷകര്‍ക്ക് അതിനും മുന്നേ പണം ലഭിക്കുകയാണ്. കേന്ദ്രം നല്‍കാനുള്ള 1500 കോടി രൂപ നല്‍കിയാല്‍ നെല്ലു സംഭരണത്തിന് കൂടുതല്‍ തുക അനുവദിക്കുന്ന കാര്യം പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.
57000 കോടി രൂപ കേന്ദ്രത്തില്‍ നിന്ന് കിട്ടാനുണ്ടെന്ന ധനമന്ത്രിയുടെ നിരന്തരമായ വാദം സിപിഎം കാപ്‌സ്യൂളെന്ന് പ്രതിപക്ഷം തുടര്‍ച്ചയായി ആരോപണം ഉയര്‍ത്തിയതിന്‍റെ പ്രതിഫലനവും മന്ത്രിയുടെ മറുപടി പ്രസംഗത്തിലുണ്ടായി. 57000 രൂപ കേന്ദ്രം നല്‍കാനുണ്ട് എന്നതിനെ കിട്ടേണ്ടിയിരുന്നത് എന്ന് മന്ത്രി ഭേദഗതി വരുത്തി. കേന്ദ്രത്തിനെതിരായ കേരളത്തിന്‍റെ ദില്ലി സമരം കന്യാകുമാരി മുതല്‍ കാശ്‌മീര്‍ വരെ ഏറ്റെടുത്തുവെന്ന് മന്ത്രി പറഞ്ഞു.
കേന്ദ്രത്തിനെതിരെ ദേശീയ തലത്തില്‍ തന്നെ ഒരു മുദ്രാവാക്യമാകേണ്ടിയിരുന്ന സമരത്തിന് തടസമുണ്ടാക്കുന്ന തരത്തില്‍ കേരളത്തിലെ കോണ്‍ഗ്രസ് ആ സമരത്തെ ഒറ്റുകൊടുത്തു എന്നു പറയുന്നത് കുറച്ചധികമായിപ്പോകും എന്നതിനാല്‍ താന്‍ അതു പറയുന്നില്ല. വിദേശ സര്‍വ്വകലാശാല കൊണ്ടു വരും എന്നല്ല, ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ഉയര്‍ന്നുവരട്ടെ എന്നതാണ് സര്‍ക്കാര്‍ നയം. കംമ്പ്യൂട്ടറിനെയും ട്രാക്‌ടറിനെയും സിപിഎമ്മിന്‍റെ മുന്‍ തലമുറ എതിര്‍ത്തത് അന്ന് വ്യാപകമായി തൊഴില്‍ നഷ്‌ടപ്പെടും എന്നതു കൊണ്ടാണ്. ഇന്ന് പണിക്ക് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് ആളെ കൊണ്ടു വരേണ്ട സ്ഥിതിയിലാണ്. കാലം മാറി കാലത്തിനനസരിച്ചുള്ള മാറ്റം എല്ലായിടത്തും വേണ്ടേയെന്ന് മന്ത്രി ചോദിച്ചു.
എന്‍കെ പ്രേമചന്ദ്രന്‍ എംപിയുടെ പ്രധാനമന്ത്രിയുമായുള്ള വിരുന്ന് ഒരു റെഡ് സിഗ്നലാണ്. അദ്ദേഹത്തിനൊപ്പം പ്രധാനമന്ത്രി വിളിച്ചു വരുത്തിയ മറ്റ് ഏഴുപേരും ബിജെപിക്കാരോ ഇന്ത്യാമുന്നണിയില്‍ നിന്ന് മാറി നില്‍ക്കുന്നവരോ ആണ് എന്നിടത്താണ് പ്രേമചന്ദ്രന്‍റെ കൂടിക്കാഴ്‌ചയുടെ പ്രാധാന്യം. കോണ്‍ഗ്രസ് ഒന്ന് കരുതിയിരിക്കുന്നത് നന്നായിരിക്കുമെന്നും ബാലഗോപാല്‍ പറഞ്ഞു.
ബജറ്റ് ചര്‍ച്ചയുടെ മറുപടിയില്‍ ധനമന്ത്രി നടത്തിയ പ്രഖ്യാപനങ്ങള്‍ കേരളത്തിന്‍റെ വൈവിദ്ധ്യങ്ങള്‍ കണ്ടെത്തുന്നതിനുള്ള സാംസ്‌കാരിക ഡിജിറ്റല്‍ സര്‍വ്വേ-3 കോടി, സ്ഥിരം സയസ് സിറ്റി-3 കോടി, കൊച്ചി യൂണിവേഴ്‌സിറ്റിയില്‍ എന്‍ആര്‍ മാധവമേനോന്‍ ചെയര്‍-50 ലക്ഷം, കൊച്ചി മീഡിയ അക്കാഡമി-3 കോടി, പട്ടയ മിഷന്‍-3 കോടി, തിരികെ നെല്‍വയലുകളാക്കിയവയില്‍ നെല്‍കൃഷി നടത്തുന്നതിന്-2 കോടി, സര്‍ക്കാര്‍ ഭൂമി സംരക്ഷിച്ച് മറ്റു കാര്യങ്ങള്‍ക്ക് ഉഫയോഗ യോഗ്യമാക്കാന്‍-2 കോടി, കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്-20 കോടി, കാമ്പസ് ഇന്‍ഡസ്ട്രിയല്‍ പാര്‍ക്ക്-10 കോടി, മലപ്പുറം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ് നിര്‍മ്മാണം-5 കോടി, ശാസ്‌താംകോട്ട കായല്‍ പരിപാലനം-1 കോടി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വകയിരുത്തിയ 1000 കോടി രൂപയില്‍ ഗ്രാമീണ റോഡുകള്‍ക്ക് പ്രാധാന്യം.