ഇടുക്കി : ഛര്‍ദി മൂലം അവശയായി അടിമാലി താലൂക്ക് ആശുപത്രിയില്‍ എത്തിച്ച ഏഴ് വയസുകാരിക്ക് ക്യാഷ്വാലിറ്റി വിഭാഗത്തില്‍ ചികിത്സ നല്‍കാന്‍ വിമുഖത കാണിച്ചുവെന്ന പരാതിയുമായി പിതാവ് രംഗത്ത്. അവശയായ കുട്ടിയെ ഒപിയിലുള്ള ഡോക്‌ടറുടെ അടുക്കലെത്തിച്ച് ചികിത്സ ലഭ്യമാക്കാന്‍ ക്യാഷ്വാലിറ്റിയില്‍ നിന്നും നിര്‍ദേശിച്ചു എന്നാണ് അടിമാലി ആയിരമേക്കര്‍ സ്വദേശിയായ ജോമോന്‍റെ പരാതി. കഴിഞ്ഞ ദിവസമായിരുന്നു പരാതിക്ക് ആസ്‌പദമായ സംഭവം നടന്നത്.
ആശുപത്രി അധികൃതരെയും ആശുപത്രിയുടെ നടത്തിപ്പ് ചുമതലയുള്ള ബ്ലോക്ക് പഞ്ചായത്ത് അധികൃതരെയും വിവരം അറിയിച്ചിട്ടുണ്ടെന്ന് ജോമോന്‍ പറഞ്ഞു. ജോമോനും ഭാര്യയും മകളും യാത്രയിലായിരുന്നു. യാത്രക്കിടെ കുട്ടി കലശലായി ഛര്‍ദിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി ഛര്‍ദിച്ചതോടെ അവശനിലയിലായ കുട്ടിയെ അടിമാലി താലൂക്കാശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
നടക്കാന്‍ പോലും കഴിയാതിരുന്ന കുട്ടിയെ എടുത്ത് ക്യാഷ്വാലിറ്റിയില്‍ എത്തിച്ചുവെങ്കിലും അവിടെ നിന്ന് ചികിത്സ നല്‍കാന്‍ അധികൃതര്‍ വിമുഖത കാണിച്ചുവെന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. അവശയായിരുന്ന കുട്ടിയെ ഒപിയില്‍ എത്തിച്ച് ചികിത്സ നല്‍കുന്നത് ആ സമയത്ത് പ്രായോഗികമായിരുന്നില്ലെന്നും ജോമോന്‍ പറഞ്ഞു. സംഭവത്തില്‍ തങ്ങള്‍ക്കുണ്ടായ പ്രായോഗികവും മാനസികവുമായ ബുദ്ധിമുട്ട് ആശുപത്രി അധികൃതരെ അറിയിച്ചതായും ജോമോന്‍ പറഞ്ഞു.
Also Read: കുത്തിവെപ്പിന് പിന്നാലെ അബോധാവസ്ഥയിലായ യുവതി മരിച്ചു; ചികിത്സ പിഴവെന്ന് കുടുംബം