കണ്ണൂര്‍: "അയല മൂന്ന്... മാന്ത രണ്ട്.... അയില നാലെടുത്തോ..." കിച്ചണിലേക്ക് നോക്കാതെ തന്നെ സപ്ലൈയര്‍ വിളിച്ചു പറയുകയാണ്. ഇത് ഇവിടെ തിരക്കേറിയ നേരമാണ്. നില്‍ക്കാനും സംസാരിക്കാനുമൊന്നും നേരമില്ലാത്ത തിരക്കിലാണ് ഹോട്ടലിലുള്ളവരെല്ലാം. അടുക്കളയിലെ കല്ലില്‍ അങ്ങിനെ മൊരിഞ്ഞു വരികയാണ് അയലയും അയക്കൂറയും നെത്തലുമെല്ലാം. ഇനി നേരമേറെ എടുക്കാതെ ഇവയൊക്കെ വാഴയിലയില്‍ പൊതിഞ്ഞ് ഊണ്‍ മേശകളിലേക്കെത്തും.
കണ്ണൂര്‍ മാനന്തവാടി റോഡില്‍ കൂത്തുപറമ്പ് തൊക്കിലങ്ങാടിയിലെ ശ്രീനാരായണ ഹോട്ടലില്‍ നിന്നുള്ള കാഴ്‌ചകള്‍ എന്നും ഇങ്ങിനെയാണ്.അയക്കൂറ, അയല, കിളി മീന്‍, ചെമ്പല്ലി. തളയന്‍, ദണ്ട, ചൂര, കരിമീന്‍, സ്രാവ്, തിലോപ്പിയ, മാന്ത, തിരണ്ടി, കോയല, പൂമീന്‍, നെയ്‌മീന്‍, അവോലി, നെത്തല്‍, അമൂര്‍, ചെമ്മീന്‍, എളമ്പക്ക, കല്ലുമ്മക്കായ, ഞണ്ട് കറി, മീന്‍ തല, കൂന്തല്‍ മസാല.. പതിനേഴ് തരം മീന്‍ വിഭവങ്ങള്‍. അതില്‍ വറുത്തതുണ്ട് വറ്റിച്ചതുണ്ട്. കറിയുണ്ട്.
മീന്‍ കറിയുടേയും മീന്‍ വിഭവങ്ങളുടേയും പേരിലാണ് ഈ ഹോട്ടല്‍ പ്രശസ്‌തി നേടിയത്. മത്സ്യങ്ങള്‍ വറുത്തും മുളകിട്ടും വറ്റിച്ചും തീന്‍മേശയിലെത്തുമ്പോള്‍ അറിയാതെ വീണ്ടും വീണ്ടും ചോദിച്ചു വാങ്ങിപ്പോകുന്ന രുചിയാണ് ഓരോ ഐറ്റത്തിനും. മീന്‍ വിഭവങ്ങള്‍ പോരെങ്കില്‍ മട്ടന്‍ ചാപ്‌സ്, മട്ടന്‍ ലിവര്‍, മട്ടന്‍ തല, ചിക്കന്‍ കറി, ചിക്കന്‍ പാര്‍ട്‌സ്, എന്നിവയുമുണ്ട്. പായസം വേണ്ടവര്‍ക്ക് പ്രഥമനും ലഭിക്കും.
അമ്പത് രൂപക്ക് നല്‍കുന്ന സാധാരണ ഊണിനൊപ്പം മീന്‍ കറി, കൂട്ടുകറി, സാമ്പാര്‍, പച്ചടി, ഓലന്‍, കാളന്‍ എന്നിവയുമുണ്ടാകും. ഒപ്പം പ്രഥമനും കഴിക്കാം. മത്സ്യം മുളകിട്ടതും പൊരിച്ചതും കക്ക വറുത്തതും സ്‌പെഷ്യലായി ലഭിക്കും. എന്നാല്‍ ഇതെല്ലാം മിതമായ വിലക്ക് ലഭിക്കുമെന്നതാണ് ഇവിടുത്തെ പ്രത്യേകത.
കൂത്തുപറമ്പിലെത്തിയാല്‍ നല്ല ഭക്ഷണം അന്വേഷിക്കുന്നവര്‍ക്ക് മറുപടിയായി ലഭിക്കുന്നത് ശ്രീനാരായണ ഹോട്ടലിന്‍റെ പേരാണ്. കണ്ണൂര്‍ ഊണിന്‍റെ യഥാര്‍ഥ രുചി തേടിയെത്തുന്നവര്‍ ഒട്ടേറെയാണ്. രാവിലെ പതിനൊന്നരയോടെ തന്നെ തൊക്കിലങ്ങാടിയിലെ ശ്രീനാരായണ ഹോട്ടലില്‍ ഊണു കഴിക്കാന്‍ ആളുകളെത്തി തുടങ്ങും. കുടുംബമായും കൂട്ടായും വാഹനങ്ങളിലെത്തുന്നവര്‍ നിരവധി. വാഴയിലയിട്ട് ഉച്ചയൂണ്‍ വിശദമായി കഴിച്ച് ഇവിടെയെത്തുന്നവര്‍ സംതൃപ്‌തിയോടെ മടങ്ങുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കൂത്തുപറമ്പിന് സമീപത്തുള്ള പ്രസാദ്, റഷീദ്, മനോജ്, ബഷീര്‍ എന്നിവരുടെ കൂട്ട് സംരംഭമാണ് ഈ ഹോട്ടല്‍. എന്നാല്‍ മുഴുവന്‍ സമയ മേല്‍നോട്ടത്തിന് മാനേജിങ് പാർട്‌ണര്‍ പ്രസാദ് രംഗത്തുണ്ട്. ലാഭ നഷ്‌ടങ്ങള്‍ക്ക് ഉപരിയായി ഉണ്ണാനെത്തുന്നവരുടെ സംതൃപ്‌തിയാണ് ഈ ഹോട്ടലിന്‍റെ ഉടമകള്‍ക്ക് പ്രധാനമെന്ന് പ്രസാദ് പറയുന്നു. ഹോട്ടലിലെ പാചകത്തിനും പാചക രീതിക്കും സവിശേഷതകള്‍ ഏറെയുണ്ട്.
50 കിലോ അരി പാചകം ചെയ്യാന്‍ വലിയ സ്റ്റീല്‍ കുക്കര്‍ സജ്ജീകരിച്ചിട്ടുണ്ട്. രണ്ടര മണിക്കൂര്‍ കൊണ്ട് ഇത്രയും അരി വേവിക്കാന്‍ കഴിയും. ശുദ്ധമായ കിണര്‍ വെള്ളമാണ് പാചകത്തിനും മറ്റുമായി ഉപയോഗിക്കുന്നത്. മീന്‍ വറുക്കാനും മറ്റും ശുദ്ധമായ വെളിച്ചെണ്ണയാണ് ഉപയോഗിക്കുന്നത്. കൃത്രിമ നിറങ്ങളോ പൊടികളോ ചേര്‍ക്കാതെ എല്ലാം ഉടമകളുടെ മേല്‍ നോട്ടത്തില്‍ ഒരുക്കുന്നു. ഇതാണ് ശ്രീനാരായണ ഹോട്ടലിലെ രുചിയുടെ രഹസ്യം.
മട്ടന്‍, ചിക്കന്‍ വിഭവങ്ങളും നാടന്‍ രീതിയിലാണ് ഇവിടെ തയ്യാറാക്കുന്നത്.അടുക്കളയിലെ പാചകത്തിനും ഭക്ഷണ വിതരണത്തിനും പത്ത് പേരാണ് അണിയറക്കാര്‍. ഇവരില്‍ അഞ്ച് പേര്‍ സ്ത്രീകള്‍. 2021 ല്‍ പ്രവര്‍ത്തനം ആരംഭിച്ചതു മുതല്‍ രുചിയിലും വൃത്തിയിലും ഊണ്‍ നല്‍കാന്‍ ഈ ഹോട്ടല്‍ ഉടമകള്‍ ശ്രദ്ധിക്കുന്നു.
നാടന്‍ രുചി ആസ്വദിക്കാന്‍ ഇവിടെ എത്തുന്നവരില്‍ പുതുതലമുറക്കാരും പിന്നിലല്ല. യഥാര്‍ത്ഥ കണ്ണൂര്‍ സദ്യ ആസ്വദിക്കണമെങ്കില്‍ ശ്രീനാരായണയിലെ ഊണ്‍ കഴിക്കണമെന്ന് ഒരിക്കലെങ്കിലും ഇവിടെയെത്തിയവര്‍ സമ്മതിക്കുന്നു. പരമ്പരാഗത ഊണ്‍ കഴിക്കാന്‍ സെലിബ്രിറ്റികളും ജനനേതാക്കളും തേടിയെത്തുന്ന ഇടമാണ് ശ്രീനാരായണ ഹോട്ടല്‍.
ഇടത്തരക്കാരുടേയും രുചിപ്രേമികളുടേയും ഇഷ്‌ടതാവളം. ചലച്ചിത്ര രംഗത്തു നിന്ന് വിനീത് ശ്രീനിവാസനും സംഗീത സംവിധായകന്‍ എം. ജയചന്ദ്രനും ഇവിടത്തെ ഊണ്‍ വിഭവങ്ങളുടെ വൈവിധ്യം കേട്ടും അറിഞ്ഞും ഇവിടെ എത്തിയവരില്‍ ഉള്‍പ്പെടും. രാഷ്ട്രീയ നേതാക്കളില്‍ ഷാഫി പറമ്പിലും, പി.കെ. കൃഷ്‌ണദാസും ഇവിടത്തെ ഭക്ഷണത്തിന്‍റെ ആരാധകരാണ്.