അബ്‌ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും; പ്രതീക്ഷയോടെ കുടുംബം - RELEASING ORDER OF ABDUL RAHIM
അബ്‌ദുൽ റഹീമിന്‍റെ കേസ് റിയാദ് കോടതി ഇന്ന് പരിഗണിക്കും.
Published : Nov 16, 2024, 10:46 AM IST
കോഴിക്കോട്: സൗദി അറേബ്യയില്‍ ജയിലില്‍ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്‌ദുൽ റഹീമിന്‍റെ മോചനത്തിൽ ഇന്ന് ഉത്തരവ് ഇറങ്ങിയേക്കും. റിയാദ് കോടതി ഇന്ന് കേസ് പരിഗണിക്കും. ദയാധനം ലഭിച്ചതോടെ സൗദി ജയിലിൽ കഴിയുന്ന അബ്‌ദുൽ റഹീമിന്‍റെ വധശിക്ഷ കോടതി റദ്ദ് ചെയ്‌തിരുന്നു.
ദയാധനത്തിന്‍റെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടി ക്രമങ്ങള്‍ പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്‌ത് വിധി വന്നത്. മോചന ഉത്തരവിൽ കോടതി ഒപ്പുവക്കുന്നതോടെ റഹീം 18 വർഷത്തെ ജയിൽ വാസത്തിൽ നിന്നും മോചിതനാകും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം, റഹീമിന്‍റെ മോചത്തിനായി സമാഹരിച്ച ഫണ്ടില്‍ ബാക്കിവന്ന തുക മറ്റ് ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാൻ ധാരണയായി. പതിനൊന്നര കോടി രൂപയാണ് മിച്ചം വന്നത്. റഹീമിന്‍റെ അഭിപ്രായം കൂടി കേട്ട ശേഷം ഇതില്‍ അന്തിമ തീരുമാനമുണ്ടാകുമെന്ന് നിയമ സഹായ സമിതി വ്യക്തമാക്കി.
റഹീമിന്‍റെ മോചനത്തിനായി 47,87,65,347 രൂപ ആകെ ലഭിച്ചതായി നിയമ സഹായ സമിതി അറിയിച്ചിരുന്നു. കോഴിക്കോട് നടത്തിയ വാർത്ത സമ്മേളനത്തിലാണ് സമിതി കണക്ക് പുറത്തുവിട്ടത്. ദയാധനം ഉൾപ്പെടെയുള്ള ചെലവ് 36,27,34,927 രൂപയാണ്.
ബാക്കി 11,60,30,420 രൂപ ട്രസ്റ്റ് അക്കൗണ്ടിൽ ഉണ്ട്. ഈ തുക എന്ത് ചെയ്യണമെന്ന് റഹീം നാട്ടിൽ തിരിച്ചെത്തിയ ശേഷം യോഗം ചേർന്ന് തീരുമാനിക്കുമെന്നാണ് സമിതി അറിയിച്ചത്.
കൈപിഴ മൂലം സംഭവിച്ച സൗദി സ്വദേശിയായ 15 കാരന്‍റെ മരണത്തിൽ 2006ല്‍ ആണ് റഹീം ജയിലിലാകുന്നത്. ഡ്രൈവര്‍ വിസയിൽ സൗദിയിലെത്തിയ റഹീം തലക്ക് താഴെ ചലന ശേഷി നഷ്‌ടപ്പെട്ട, സ്പോണ്‍സറുടെ മകന്‍ ഫായിസിനെ പരിചരിക്കുന്ന ജോലിയാണ് ചെയ്‌തിരുന്നത്.
കഴുത്തില്‍ ഘടിപ്പിച്ച പ്രത്യേക ഉപകരണം വഴിയായിരുന്നു ഫായിസിന് ഭക്ഷണവും വെള്ളവുമടക്കം നല്‍കിയിരുന്നത്. കുട്ടിയെ ഇടക്ക് പുറത്ത് കൊണ്ടുപോകേണ്ടതും റഹീമായിരുന്നു.
2006 ഡിസംബര്‍ 24ന്, കാറില്‍ കൊണ്ടുപോകുന്നതിനിടെ അബ്‌ദുല്‍ റഹീമിന്‍റെ കൈ അബദ്ധത്തില്‍ കുട്ടിയുടെ കഴുത്തില്‍ ഘടിപ്പിച്ച ഉപകരണത്തില്‍ തട്ടിപ്പോയി. ബോധരഹിതനായ ഫായിസ് പിന്നീട് മരണത്തിന് കീഴടങ്ങി.
സംഭവത്തില്‍ കൊലപാതക്കുറ്റം ചുമത്തി റഹീമിനെ പൊലീസ് അറസ്റ്റ് ചെയ്‌തു. റിയാദിലെ കോടതി റഹീമിന് വധശിക്ഷ വിധിച്ചു. അപ്പീല്‍ കോടതികളും വധശിക്ഷ ശരിവെച്ചു.
ഫായിസിന്‍റെ കുടുംബവുമായി നിരവധി തവണ ഉന്നത തലത്തില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മാപ്പ് നല്‍കാന്‍ കുടുംബം തയാറായിരുന്നില്ല. ഏറ്റവും ഒടുവിലായാണ് 34 കോടി രൂപ ദയാധനം നല്‍കിയാല്‍ മോചനത്തിന് സമ്മതിക്കാമെന്ന് ഫായിസിന്‍റെ കുടുംബം സമ്മതിച്ചത്.