വയനാട് : 'പ്രിയപ്പെട്ട ആർമി, ഞാൻ റയാൻ. വയനാട്ടിൽ ഉരുൾപൊട്ടലിൽ മണ്ണിനടിയിൽ പെട്ടുപോയ കുറെ മനുഷ്യരെ നിങ്ങൾ രക്ഷിക്കുന്നത് കണ്ടപ്പോൾ എനിക്ക് ഒരുപാട് സന്തോഷമായി. നിങ്ങൾ ബിസ്‌കറ്റും വെള്ളവും മാത്രം കഴിച്ച് പാലം നിർമിക്കുന്ന വീഡിയോ കണ്ടപ്പോൾ അഭിമാനമായി. ഞാനും വലുതായിട്ട് ആർമിയായി നാടിനെ രക്ഷിക്കും...'
വയനാട്ടിലേക്ക് കണ്ണും കാതും നട്ടിരിക്കുന്ന കേരളത്തിന്‍റെ മനസ് തൊട്ടൊരു കത്ത്, ഇന്നിപ്പോള്‍ ഈ കത്താണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. പെരുമണ്ണ വള്ളിയോട്ടിൽ റയാൻ എന്ന മൂന്നാം ക്ലാസുകാരന്‍റേതാണ് കത്ത്. ഉരുള്‍പൊട്ടല്‍ ദുരന്തത്തിന് പിന്നാലെ വയനാട്ടില്‍ സൈന്യം നടത്തുന്ന സമാനതകളില്ലാത്ത രക്ഷാപ്രവര്‍ത്തനമാണ് കുഞ്ഞു റയാനെ ഇത്തരമൊരു കത്തെഴുതാന്‍ പ്രേരിപ്പിച്ചത്.
നോട്ടുബുക്കിൽ കുറിച്ച കത്ത് അരുണാചൽ യൂണിവേഴ്‌സിറ്റിയിൽ ജോലി ചെയ്യുന്ന പിതാവ് ഷബീബ് അലിക്ക് അയച്ചുകൊടുത്തു. അദ്ദേഹം വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്ന സുഹൃത്തിന് കത്ത് കൈമാറി. വയനാട്ടിൽ രക്ഷാപ്രവർത്തനം നടത്തുന്ന ആർമി സംഘത്തിന് നേതൃത്വം നൽകുന്ന മേജർ അനീഷിന് കത്ത് ലഭിച്ചതോടെയാണ് റയാനെയും റയാന്‍റെ കത്തും നാടറിഞ്ഞത്. പൂന റെജിമെന്‍റ് റയാന്‍റെ കത്ത് സമൂഹമാധ്യമമായ എക്‌സില്‍ പങ്കുവച്ചതോടെ രാജ്യത്താകെ റയാന്‍റെ കത്ത് വൈറലായി.
കത്ത് ലഭിച്ചതോടെ റയാനെ കാണാൻ ആർമി ഉദ്യോഗസ്ഥരും താത്‌പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. റയാനോട് വയനാട്ടിലേക്കെത്താനും ആവശ്യപ്പെട്ടു കഴിഞ്ഞു. വലുതാകുമ്പോൾ ആർമി ഉദ്യോഗസ്ഥൻ ആവണമെന്നാണ് റയാന്‍റെ ആഗ്രഹം. അതിനായി കാത്തിരിക്കുന്നു എന്ന് ആര്‍മിയും മറുപടി കുറിപ്പ് പങ്കിട്ടു.
പെരുമണ്ണക്ക് സമീപം വെള്ളായിക്കോട് എഎംഎൽപി സ്‌കൂള്‍ വിദ്യാർഥിയാണ് റയാൻ. ഉമ്മ ജസ്‌ന ഇതേ സ്‌കൂളില്‍ അധ്യാപികയും. വയനാട് ദുരന്തം കേരളമനസാകെ ദുഖത്തിലാഴ്‌ത്തിയപ്പോള്‍ കുടുക്ക പൊട്ടിച്ചും സൈക്കിള്‍ വാങ്ങാനായി കരുതിവച്ച പണം നല്‍കിയും ഞെട്ടിക്കുകയാണ് കുരുന്നുകള്‍, മറ്റൊരു തരത്തില്‍ റയാനും...