തിരുവനന്തപുരം: സംസ്ഥാനത്തെ മഞ്ഞ, പിങ്ക് വിഭാഗത്തില്‍പ്പെട്ട റേഷന്‍ കാര്‍ഡുടമകള്‍ക്കുള്ള മസ്‌റ്ററിങ് നടത്താനുള്ള അവസാന തീയതി നവംബര്‍ 5ലേക്ക് നീട്ടിയതായി ഭക്ഷ്യമന്ത്രി ജിആര്‍ അനില്‍ അറിയിച്ചു. സംസ്ഥാനത്ത് എഎവൈ (മഞ്ഞ), പിഎച്ച്എച്ച് (പിങ്ക്) വിഭാഗത്തില്‍ ഉള്‍പ്പെട്ട റേഷന്‍കാര്‍ഡ് അംഗങ്ങളില്‍ 83.67 ശതമാനം പേര്‍ മസ്‌റ്ററിങ് പൂര്‍ത്തീകരിച്ചു.
ഇ-കെവൈസി അപ്‌ഡേഷനുള്ള സമയപരിധി ഒക്ടോബര്‍ 25ന് അവസാനിച്ചിരുന്നു. എന്നാല്‍ ഇനിയും 16 ശതമാനത്തോളം വരുന്ന മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ മസ്‌റ്ററിങ് പൂര്‍ത്തീകരിക്കാന്‍ ഉള്ളതിനാലാണ് 2024 നവംബര്‍ 5 വരെസമയപരിധി നീട്ടിയത്. ഇ-കെവൈസി മസ്‌റ്ററിങ് പൂര്‍ത്തീകരിക്കുന്ന പ്രവര്‍ത്തിയില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന ആദ്യ 5 സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം.
മസ്‌റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയാത്ത കിടപ്പ് രോഗികളെ അവരുടെ വീടുകളില്‍ നേരിട്ടെത്തി, റേഷന്‍ വ്യാപാരികളുടെ സഹായത്തോടെ, നിലവില്‍ മസ്‌റ്ററിങ് നടത്തി വരുന്നു. ഈ പ്രവര്‍ത്തി നവംബര്‍ 5 വരെ തുടരും. വിവിധ കാരണങ്ങളാല്‍ ഇ-പോസില്‍ വിരലടയാളം പതിയാത്തവരുടെ മസ്‌റ്ററിങ് ഐറിസ് സ്‌കാനര്‍ ഉപയോഗിച്ച് പൂര്‍ത്തീകരിക്കുന്നതാണ്. ഇതിനായി വിവിധ താലൂക്കുകളില്‍ താലൂക്ക് സപ്ലൈ ഓഫിസറുടെ നേതൃത്വത്തില്‍ ആവശ്യമായ ക്യാമ്പുകള്‍ നവംബര്‍ 5ന് ശേഷം സംഘടിപ്പിക്കും.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കുട്ടിയായിരുന്നപ്പോള്‍ ആധാര്‍ കാര്‍ഡ് എടുത്തതും നിലവില്‍ 12 വയസില്‍ താഴെയുള്ളതുമായ കുട്ടികളുടെ മസ്‌റ്ററിങ് ഐറിസ് സ്‌കാനര്‍ ഉപോഗിച്ച് പൂര്‍ത്തീകരിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍ ഈ കുട്ടികളുടെ ആധാര്‍ വിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്‌ത് പുതിയ ആധാര്‍ എടുക്കുന്ന പക്ഷം ഇപ്പോള്‍ തന്നെ റേഷന്‍കടകള്‍ വഴി മസ്‌റ്ററിങ് വിജയകരമായി പൂര്‍ത്തീകരിക്കാന്‍ കഴിയും.
വിദ്യാഭ്യാസം, തൊഴില്‍ എന്നിവയുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിന് പുറത്തുള്ള മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്ക് മസ്‌റ്ററിങ് പൂര്‍ത്തിയാക്കുന്നതിന് മതിയായ സമയം നല്‍കും. മറ്റുള്ള സംസ്ഥാനങ്ങളിലെ പൊതുവിതരണ കേന്ദ്രവുമായി ബന്ധപ്പെട്ട് ഇത്തരക്കാര്‍ക്ക് മസ്‌റ്ററിങ് പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുള്ളത്. അര്‍ഹരെന്ന് കാണുന്ന പക്ഷം ഈ വിഭാഗത്തില്‍പ്പെട്ടവരെ മുന്‍ഗണനാ ലിസ്‌റ്റില്‍ നിന്നും ഒഴിവാക്കുവാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല.
വിവിധ ആവശ്യങ്ങള്‍ക്കായി രാജ്യത്തിന് പുറത്തുള്ള മുന്‍ഗണനാ കാര്‍ഡ് അംഗങ്ങള്‍ക്ക് എന്‍ആര്‍കെ സ്‌റ്റാറ്റസ് നല്‍കി കാര്‍ഡില്‍ ഉള്‍പ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. മസ്‌റ്ററിങ് പൂര്‍ത്തീകരിക്കുന്നതിനായി ഇവര്‍ നാട്ടിലെത്തേണ്ടതില്ല. ഇത്തരത്തില്‍ മുന്‍ഗണനാ വിഭാഗത്തില്‍ ഉള്‍പ്പെട്ട എല്ലാവര്‍ക്കും മസ്‌റ്ററിങ് ചെയ്യുന്നതിനുള്ള അവസരം നല്‍കിക്കൊണ്ട് മസ്‌റ്ററിങ് 100 ശതമാനം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്ന് മന്ത്രി അനില്‍ അറിയിച്ചു.