കാസർകോട്: നേതാക്കളെല്ലാം തെരഞ്ഞെടുപ്പ് തിരക്കിലാണ്. സ്ഥാനാർഥികളുടെ പ്രചാരണവും വാർത്ത സമ്മേളവും തെരഞ്ഞെടുപ്പ് ചർച്ചകളുമായി ഓട്ടം തന്നെ ഓട്ടം. ഇന്ന് രാവിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് കാസർകോട് എത്തിയതാണ് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉച്ചയ്ക്ക് പ്രസ് ക്ലബ്ബിന്‍റെ ജനസഭ പരിപാടിയിൽ പങ്കെടുക്കാൻ എത്തി.
കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങ്ങിന്‍റെ പരിപാടി ഉള്ളതിനാൽ മാധ്യമപ്രവർത്തകർ എത്താൻ വൈകി. ഇതിനിടയിൽ നിരവധി ഫോൺ കോളുകൾ രമേശ് ചെന്നിത്തലയ്ക്ക് വരുന്നുണ്ടായിരുന്നു. ചിലത് ഉച്ചത്തിൽ സംസാരിച്ചു. ചിലത് പതുക്കെയും. ചെന്നിത്തലയ്ക്ക് ചുറ്റും അണികളും മാധ്യമപ്രവർത്തകരും കൂടിയതോടെ അല്‌പം മാറി നിന്നായി ഫോൺ സംഭാഷണം.
അവിടേക്കും പ്രവർത്തകർ എത്തിയതോടെ ഫോണിൽ രഹസ്യം പറയാനായി നേരെ ഒരു ഓഫീസിൽ കയറി. അത് ദേശാഭിമാനിയുടെ കാസർകോട് ബ്യൂറോ ആയിരുന്നു. ഇതൊന്നും ചെന്നിത്തല ശ്രദ്ധിച്ചതുമില്ല. ഫോട്ടോഗ്രാഫർ മാത്രമാണ് അപ്പോൾ അവിടെ ഉണ്ടായിരുന്നുള്ളു. അല്ലെങ്കിൽ രഹസ്യങ്ങൾ എല്ലാം പരസ്യമായേനെ.
ഏതായാലും രമേശ് ചെന്നിത്തല ദേശാഭിമാനിയുടെ ഓഫീസിൽ ഇരിക്കുന്ന ഫോട്ടോയും പുറത്ത് വന്നിട്ടുണ്ട്. അതേസമയം രഹസ്യം പറയാനല്ല ചൂട് കാരണം മുറിയിൽ കയറിയതെന്നാണ് പ്രവർത്തകരുടെ വാദം.