പത്തനംതിട്ട: കേരളത്തില്‍ 20 ല്‍ 20 സീറ്റും യുഡിഎഫ് സ്വന്തമാക്കുമെന്ന് രമേശ് ചെന്നിത്തല. യുഡിഎഫ് അനുകൂല തരംഗമാണ് സംസ്ഥാനത്ത് നിലവില്‍ കാണാൻ കഴിയുന്നത്. ഭരണവിരുദ്ധ വികാരം ശക്തമായി തുടരുന്നു. ഇതാണ് മുഖ്യമന്ത്രിയെ വിറളി പിടിപ്പിക്കുന്നതെന്നും രമേശ് ചെന്നിത്തല പത്തനംതിട്ടയിൽ മാധ്യമങ്ങളോട് പറഞ്ഞു.
ബിജെപിയുടെ ബി ടീം എന്ന തരത്തിലാണ് സിപിഐഎം പ്രവർത്തിക്കുന്നത്. മോദിയുടെ പ്രീതി പിടിച്ച് പറ്റാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത്. മുഖ്യമന്ത്രി മോദിയുടെ പേര് പറയുന്നില്ല. അമിത് ഷായുടെ പേര് പറയാൻ പിണറായിക്ക് ഭയമാണ്. മുഖ്യമന്ത്രിയുടെ ചെമ്പ് തെളിഞ്ഞു. ബിജെപിയുമായി ചേർന്ന് കോണ്‍ഗ്രസിനെ തകർക്കാനാണ് സിപിഐഎം ശ്രമിക്കുന്നതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.
സിപിഐഎമ്മും ബിജെപിയും തമ്മില്‍ ഭായ് ഭായ് ബന്ധമാണുള്ളത്. കോണ്‍ഗ്രസിനെ തകർക്കാൻ ഇരുകൂട്ടരും ഒരുമിച്ച് ശ്രമം നടത്തുന്നു. പിടിക്കപ്പെട്ട കള്ളനെപ്പോലെയാണ് മുഖ്യമന്ത്രിയെന്നും രമേശ് ചെന്നിത്തല വിമർശിച്ചു. ബിജെപിയുടെ ഗുഡ് ബുക്കില്‍ പേര് വന്ന മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.
ബിജെപിയുമായി സിപിഐഎമ്മിന് ശക്തമായ ധാരണയാണ് ഉള്ളത്. മാസപ്പടിക്കേസില്‍ നടപടിയില്ല. മുഖ്യമന്ത്രിക്ക് തന്‍റെ യഥാര്‍ത്ഥ ചിത്രം അനാവരണം ചെയ്യപ്പെട്ടതിന്‍റെ ദേഷ്യമാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
സംസ്ഥാനത്തെ ഭരണനേട്ടം വിശദീകരിച്ച് വോട്ട് ചോദിക്കാൻ എല്‍ഡിഎഫിന് കഴിയുന്നില്ല. കേരളത്തിലെ ജനങ്ങള്‍ തെറ്റ് തിരുത്തുമെന്നും യുഡിഎഫ് അനുകൂല വിധിയെഴുത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.
Also Read: 'മോദിയുടെ സിംഹാസനം ഇളകിത്തുടങ്ങി, രാഹുൽ തോൽക്കുമെന്ന പ്രസ്‌താവന പരാജയ ഭീതിയിൽ': രമേശ് ചെന്നിത്തല