തിരുവനന്തപുരം : അയോധ്യ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്‌ഠയോടനുബന്ധിച്ച് സംസ്ഥാനത്തും വിപുലമായ ആഘോഷപരിപാടികൾക്കൊരുങ്ങി ബിജെപി. പ്രതിഷ്‌ഠയോടനുബന്ധിച്ച് ക്ഷേത്രങ്ങളും വീടുകളും കേന്ദ്രീകരിച്ച് ചടങ്ങുകൾ നടത്താനാണ് ബിജെപിയുടെയും, ഹിന്ദു സംഘടനകളുടെയും തീരുമാനം (BJP Celebrations On Pran Pratishtha).
തിരുവനന്തപുരം വഴുതക്കാട് രമാദേവി ക്ഷേത്രത്തിലെ ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, കുമ്മനം രാജശേഖരൻ, വിവി രാജേഷ് എന്നിവർ പങ്കെടുക്കും. ശ്രീ പത്മനാഭസ്വാമി ക്ഷേത്രം കിഴക്കേ ഗോപുരത്തിൽ വൈകിട്ട് 5മണിക്ക് ശ്രീരാമജ്യോതി തെളിയിക്കും. ചടങ്ങിൽ തിരുവിതാംകൂർ രാജകുടുംബാംഗം അവിട്ടം തിരുനാൾ ആദിത്യവർമ്മ പങ്കെടുക്കും. 800ഓളം കേന്ദ്രങ്ങളിലാണ് ചടങ്ങിന്‍റെ തത്സമയ സംപ്രേഷണത്തിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.
കരിക്കകം ചാമുണ്ഡേശ്വരി ക്ഷേത്രം, ശ്രീകണ്ഡേശ്വരം മഹാദേവ ക്ഷേത്രം, ആറ്റുകാൽ അംബിക ഓഡിറ്റോറിയം, ഇളകുളം മഹാദേവ ക്ഷേത്രം, വട്ടിയൂർക്കാവ് ശ്രീകണ്‌ഠൻ ശാസ്‌താക്ഷേത്രം, തിരുമല പാറക്കോവിൽ, കുണ്ടമൺഭാഗം ദേവീക്ഷേത്രം, തുടങ്ങിയ ക്ഷേത്രങ്ങളിൽ രാമായണ പാരായണവും, പ്രത്യേക പരിപാടികളും, തത്സമയ സംപ്രേഷണവും ഉണ്ടാകും.
കോട്ടയം രാമപുരം ക്ഷേത്രത്തിലെ ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ പങ്കെടുക്കും. ചടങ്ങിന്‍റെ ഭാഗമായി വൈകീട്ട് വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ബിജെപി ആഹ്വാനം ചെയ്‌തിട്ടുണ്ട്.
12.29നും 12.30 നും ഇടയിലാണ് പ്രാണപ്രതിഷ്‌ഠയ്ക്കുള്ള മുഹൂര്‍ത്തം. ഗണേശ്വര്‍ ശാസ്‌ത്രി ദ്രാവിഡിന്‍റെ മേല്‍നോട്ടത്തില്‍ വാരാണസിയില്‍ നിന്നുള്ള ആചാര്യന്‍ ലക്ഷ്‌മികാന്ത് ദീക്ഷിത് ചടങ്ങിന് നേതൃത്വം നല്‍കും.
പ്രാണപ്രതിഷ്‌ഠ ചടങ്ങുകള്‍ നടക്കുമ്പോള്‍ ഗര്‍ഭഗൃഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, ആര്‍എസ്എസ് നേതാവ് മോഹന്‍ ഭാഗവത്, ക്ഷേത്ര ട്രസ്റ്റ് അംഗങ്ങള്‍ എന്നിവരുടെ സാന്നിധ്യമുണ്ടാകും.
പ്രാണപ്രതിഷ്‌ഠയ്ക്ക് ശേഷം ദേവന് 56 വിഭവങ്ങളുടെ നിവേദ്യം സമര്‍പ്പിക്കും. തുടര്‍ന്ന് ക്ഷേത്രത്തിന്‍റെ പ്രധാന കവാടം പ്രധാനമന്ത്രി നരേന്ദ്രമോദി ഭക്തര്‍ക്കായി തുറന്നുകൊടുക്കും. ശേഷം പ്രധാനമന്ത്രി ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്യും. ഏഴായിരം പേരാകും പ്രതിഷ്‌ഠാചടങ്ങില്‍ പങ്കെടുക്കാനായി ഇരിപ്പിടങ്ങളില്‍ ഉണ്ടാവുക.