കാസർകോട് : കല്യാശ്ശേരിയിൽ നടന്നത് കള്ള വോട്ടിന്‍റെ തുടക്കമെന്നും ഞെട്ടിപ്പിക്കുന്ന സംഭവമാണെന്നും കാസര്‍കോട് ലോക്‌സഭ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ്മോഹൻ ഉണ്ണിത്താൻ. ജനാധിപത്യ വിരുദ്ധ പ്രക്രിയയാണ് നടന്നത്. കൈപ്പത്തി അടയാളത്തിൽ വോട്ട് ചെയ്യണമെന്ന് പ്രായം ചെന്ന സ്ത്രീ പരസ്യമായി പറഞ്ഞു.
എന്നാൽ, മാർക്‌സിസ്റ്റ് പാർട്ടിയുടെ ഏജന്‍റ് അരിവാൾ ചുറ്റിക നക്ഷത്രത്തിൽ വോട്ട് ചെയ്‌തു.
കഴിഞ്ഞ തെരഞ്ഞെടുപ്പിലും നിരവധി തവണ സമാനമായ സംഭവം നടന്നു. തന്നെ പരാജയപ്പെടുത്തുകയാണ് ലക്ഷ്യം. ഉദ്യോഗസ്ഥന്മാർ കൂട്ടുനിന്നാൽ ശക്തമായ നടപടി സ്വീകരിക്കേണ്ടിവരുമെന്നും സ്ഥാനാർഥി പറഞ്ഞു.
92 വയസുള്ള ദേവകിയുടെ വോട്ട് സിപിഎം ബ്രാഞ്ച് സെക്രട്ടറി ഗണേശൻ രേഖപ്പെടുത്തിയെന്നാണ് പരാതി. വോട്ടിങ്ങിന്‍റെ രഹസ്യ സ്വഭാവം കാക്കുന്നതിൽ വീഴ്‌ച പറ്റിയെന്ന് കണ്ടെത്തിയതോടെ പോളിങ്ങ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്‌തു. സ്പെഷ്യൽ പോളിങ്ങ് ഓഫിസർ, പോളിങ് അസിസ്‌റ്റന്‍റ് മൈക്രോ ഒബ്‌സർവർ, സ്പെഷ്യൽ പൊലീസ് ഓഫിസർ, വീഡിയോഗ്രാഫർ എന്നിവരെയാണ് സസ്പെൻഡ് ചെയ്‌തത്.