കാസർകോട്: നാമനിർദേശ പത്രികാ സർപ്പണത്തിൽ ടോക്കൺ അനുവദിച്ചതുമായി ബന്ധപ്പെട്ടുള്ള തർക്കത്തിൽ വരാണാധികാരിക്കും പൊലീസിനും എതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് യുഡിഎഫ് സ്ഥാനാർഥി രാജ്‌മോഹൻ ഉണ്ണിത്താൻ.
അതേസമയം രാജ്‌മോഹൻ ഉണ്ണിത്താന്‍റെ വാദങ്ങളെ എൽഡിഎഫ് സ്ഥാനാർത്ഥി എം വി ബാലകൃഷ്‌ണൻ തള്ളി. തെരഞ്ഞെടുപ്പ് ചട്ടങ്ങൾക്ക് അനുസരിച്ചാണ് പത്രിക സമർപ്പിച്ചത്. യുഡിഎഫ് സ്ഥാനാർത്ഥി പറഞ്ഞത് പോലെ ധാരണ വേണമെന്ന് എവിടെയാണ് പറഞ്ഞിട്ടുള്ളതെന്നും അദ്ദേഹം ചോദിച്ചു.
ബുധനാഴ്‌ച രാവിലെ ഒൻപത് മുതൽ ചേമ്പറിന് മുന്നിൽ താനുണ്ടെന്നും തനിക്ക് ഒന്നാം നമ്പർ ടോക്കൺ നൽകണമെന്നും ആവശ്യപ്പെട്ടായിരുന്നു ഉണ്ണിത്താന്‍റെ പ്രതിഷേധം. ആദ്യം വരുന്നവര്‍ക്ക് ആദ്യം എന്ന നിലയിലാണ് സിവിൽ സ്‌റ്റേഷനിൽ പത്രിക സമര്‍പ്പിക്കാൻ ടോക്കൺ അനുവദിക്കുന്നതെന്ന് കലക്‌ടര്‍ വ്യക്തമാക്കിയിരുന്നു. ഇത് പ്രകാരം രാജ്മോഹൻ ഉണ്ണിത്താൻ രാവിലെ ഒൻപത് മണിക്ക് കലക്‌ടറേറ്റിലെത്തി കലക്‌ടറുടെ ഓഫീസിന് മുന്നിൽ നിന്നു. എന്നാൽ അതിന് മുൻപേയെത്തിയ അസീസ് കടപ്പുറം ഇവിടെ തന്നെ ബെഞ്ചിൽ ഇരിക്കുന്നുണ്ടായിരുന്നു.
ടോക്കൺ അനുവദിക്കുമ്പോൾ ആദ്യം എത്തിയത് അസീസ് കടപ്പുറമാണെന്നായിരുന്നു കലക്‌ടറുടെ ഓഫീസിൽ നിന്നുള്ള മറുപടി. ഇതോടെയാണ് രാജ്മോഹൻ ഉണ്ണിത്താൻ പ്രതിഷേധിച്ചത്. തുടർന്നു ഡെപ്യൂട്ടി കലക്‌ടർക്ക് പത്രിക സമർപ്പിച്ചാണ് ഉണ്ണിത്താൻ മടങ്ങിയത്.
Also Read: കാസർകോട് കലക്‌ടറേറ്റിൽ നാടകീയ സംഭവങ്ങൾ, രാജ്‌മോഹൻ ഉണ്ണിത്താൻ കുത്തിയിരുന്ന് പ്രതിഷേധിച്ചു